ന്യൂഡൽഹി: സെക്യൂരിറ്റീസ് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സെബി(SEBI-Securities and Exchange Board of India) ഇനി സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ഡാറ്റ അനലിറ്റിക്‌സും ഉപയോഗിച്ച് സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കാനാണ് സെബിയുടെ നീക്കം. ഇതിനായി വെബ് ഇന്‍റലിജൻസ് ടൂൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് സെബി.
കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്‍റർനെറ്റിന്‍റെ ഉപയോഗം വർധിച്ചിരിക്കുകയാണ്. ഇത് അനാവശ്യ ഡാറ്റ വർധിക്കാനിടയാക്കി. എന്നാൽ ഇത്തരത്തിലുള്ള ഡാറ്റകൾക്ക് വിവിധ സെക്യൂരിറ്റീസ് നിയമലംഘനങ്ങളെ സംബന്ധിച്ച വിവരങ്ങൾ നൽകാൻ കഴിയുമെന്ന് സെബി അധികൃതർ വ്യക്തമാക്കി.
വെബ് ഇന്‍റലിജൻസ് ടൂൾ നടപ്പിലാക്കുന്നതോടെ സമയം ലാഭിക്കാനും നിരീക്ഷണം വേഗത്തിലാക്കാനും കഴിയും. അതുകൊണ്ട് തന്നെ കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നാണ് സെബി പ്രതീക്ഷിക്കുന്നത്. വെബ് ഇന്‍റലിജൻസ് ടൂൾ അവതരിപ്പിക്കുന്നതിനായും ഇന്‍സ്‌റ്റാൾ ചെയ്യുന്നതിനായും സൊല്യൂഷൻ പ്രൊവൈഡർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. താത്‌പര്യമുള്ള സൊല്യൂഷൻ പ്രൊവൈഡർമാർ ഒക്‌ടോബർ മൂന്നിനുള്ളിൽ ബിഡ് സമർപ്പിക്കണമെന്ന് സെബി അറിയിച്ചു.