ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി രാജ്യത്തെ റിയൽ എസ്‌റ്റേറ്റ് മേഖല. ഏപ്രിൽ-ജൂൺ മാസത്തിൽ ഇന്ത്യയിലെ പാർപ്പിട റിയൽ എസ്‌റ്റേറ്റ് മേഖലയിലെ നിരക്ക് 5 ശതമാനം വർധിച്ചതായി റിപ്പോർട്ട്. റെസിഡൻഷ്യൽ റിയൽ എസ്‌റ്റേറ്റ് മേഖലയ്‌ക്കാണ് ഡിമാന്‍റ് വർധിച്ചിരിക്കുന്നത്.
രാജ്യത്തെ പ്രധാന എട്ട് നഗരങ്ങളിലെ റെസിഡൻഷ്യൽ റിയൽ എസ്‌റ്റേറ്റ് മേഖലയിലാണ് ഉണർവുണ്ടായിരിക്കുന്നത്. ചെറിയ വീടുകൾക്ക് ആവശ്യക്കാരേറിയതാണ് റിയൽ എസ്‌റ്റേറ്റ് മേഖലയിലെ പുത്തനുണർവിന്‍റെ കാരണം. ഡൽഹി, മുംബൈ, കൊൽക്കത്ത, പൂനെ, ഹൈദരാബാദ്, ചെന്നൈ, ബെംഗളുരു, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ചെറിയ വീടുകൾക്ക് ആവശ്യക്കാരേറെയുള്ളത്.
ഈ വർഷത്തെ ആദ്യ പാദത്തിൽ ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയപ്പോഴാണ് റിയൽ എസ്‌റ്റേറ്റ് മേഖല മുന്നേറുന്നത്. റിയൽ എസ്‌റ്റേറ്റ് അസോസിയേഷനായ ക്രെഡായിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ ആർബിഐ റിപ്പൊ നിരക്കുകൾ വർധിപ്പിച്ചാലും ഡവലപ്പർമാർ വായ്‌പ ബാധ്യത കുറച്ചതിനാൽ മേഖലയിൽ വലിയ സ്വാധീനം ചെലുത്താനാവില്ലെന്നാണ് വിലയിരുത്തൽ. ബാങ്കുകൾ ഭവന വായ്‌പയുടെ പലിശ ഉയർത്തുന്നത് നേരിയ ഇടിവിലേക്ക് നയിക്കുമെങ്കിലും റിയൽ എസ്‌റ്റേറ്റ് മേഖല തിരിച്ചുവരവിന്‍റെ പാതയിൽ തന്നെയാണെന്ന് ക്രഡായി പ്രസിഡന്‍റ് ഹർഷ് വർധൻ പട്ടോഡിയ വ്യക്തമാക്കി.