മുംബൈ: കടലാസ് രഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള പുതിയ ചുവട് വയ്‌പ്പുമായി ആര്‍ബിഐ. രാജ്യത്ത് ഡിജിറ്റല്‍ രൂപ അഥവ ഇ റുപ്പി പുറത്തിറക്കിയതായി ആര്‍ബിഐ വ്യാഴാഴ്‌ച അറിയിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി എന്നിവയുള്‍പ്പെടെയുള്ള നാല് ബാങ്കുകളുമായുള്ള പങ്കാളിത്തത്തോടെയാണ് ആര്‍ബിഐ ഇത് നടപ്പിലാക്കുന്നത്.
"റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന സാധാരണ നോട്ടുകള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ ആത്മവിശ്വാസത്തോടെ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ രൂപ ഉപയോഗിക്കാനാവുമെന്ന്'' ആര്‍ബിഐ അറിയിച്ചു. ഇത്തരത്തിലുള്ള ഡിജിറ്റല്‍ രൂപയിലേക്ക് മാറിയാല്‍ ജനങ്ങള്‍ക്ക് മൊബൈല്‍ ആപ്പ് വഴി ഇടപാടുകള്‍ കൃത്യമായി നടത്താനാകുമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച വീഡിയോയില്‍ പറയുന്നു.
ഡിജിറ്റല്‍ രൂപത്തില്‍ ആര്‍ബിഐ പുറത്തിറക്കുന്ന രൂപയാണ് ഇ-റുപ്പീ. ഇടപാടുകള്‍ നടത്താനായി കറന്‍സി നോട്ടുകള്‍ ഇനി കൈയില്‍ കരുതേണ്ടതില്ല. പകരം വിര്‍ച്വല്‍ രൂപ ഉപയോഗിച്ച് പണമിടപാടുകള്‍ വേഗത്തില്‍ നടത്താമെന്നാണ് ആര്‍ബിഐയുടെ ഇ റുപ്പിയുടെ പ്രത്യേകത.
പങ്കാളികളാകുന്ന ഉപയോക്താക്കളും വ്യാപാരികളും ഉള്‍പ്പെടുന്ന ഒരു ക്ലോസ്‌ഡ് യൂസര്‍ ഗ്രൂപ്പിനെ പ്രതിനീധികരിക്കുന്ന സ്ഥലങ്ങളാണ് പ്രാരംഭ ഘട്ടത്തില്‍ ഇതില്‍ ഉള്‍പ്പെടുത്തുകയെന്നും ആര്‍ബിഐ അറിയിച്ചു. മുംബൈ, ന്യൂഡല്‍ഹി, ബംഗളൂരു, ഭുവനേശ്വര്‍ തുടങ്ങി നാല് നഗരങ്ങളിലാണ് തുടക്കത്തില്‍ ഡിജിറ്റല്‍ രൂപയുടെ സേവനം ലഭ്യമാക്കുക. പേപ്പര്‍ കറന്‍സിയും നാണയങ്ങളും വിതരണം ചെയ്യുന്ന തുല്യമൂല്യമാണ് ഇതിനുള്ളത്.
ഡിജിറ്റല്‍ രൂപ പുറത്തിറക്കുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ ആവശ്യപ്പെടുന്ന മുറയ്‌ക്ക് ബാങ്ക് ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമായ ഡിജിറ്റല്‍ രീതിയാക്കി മാറ്റുകയും ചെയ്യുമെന്ന് ആര്‍ബിഐ അറിയിച്ചു. വ്യക്തികള്‍ തമ്മിലും വ്യക്തികളും വ്യാപാരികളും തമ്മിലും ഡിജിറ്റല്‍ രൂപ ഉപയോഗിച്ച് ഇടപാട് നടത്താമെന്നും ആര്‍ബിഐ പറയുന്നു. ഓണ്‍ലൈന്‍ ഇടപാടുകള്‍ പോലെ വ്യാപാര സ്ഥാനപനങ്ങളിലെ ക്യുആര്‍ കോഡുകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് പേയ്‌മെന്‍റുകള്‍ നടത്താനാകും.
വിശ്വാസ്യത, സുരക്ഷ, സെറ്റിൽമെന്‍റ് ഫിനാലിറ്റി തുടങ്ങിയ പേപ്പര്‍ കറന്‍സിയുടെ സവിശേഷതകള്‍ ഡിജിറ്റല്‍ രൂപയുടെ കാര്യത്തിലും ആര്‍ബിഐ ഉറപ്പ് നല്‍കുന്നുണ്ട്. ഡിജിറ്റല്‍ രൂപ സൃഷ്‌ടിക്കല്‍, വിതരണം, റീട്ടെയില്‍ ഉപയോഗം തുടങ്ങിയവയുടെ കരുത്ത് പ്രാരംഭ ഘട്ടത്തില്‍ പരിശോധിക്കുമെന്നും ഇത്തരം പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇ റുപ്പി ടോക്കണിന്‍റെ സവിശേഷതകളെ ഉപയോഗപ്പെടുത്തി അത് ഭാവിയില്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി.
ഘട്ടം ഘട്ടമായാണ് ആര്‍ബിഐ ഡിജിറ്റല്‍ രൂപ പുറത്തിറക്കുക. പ്രാരംഭ ഘട്ടത്തില്‍ നാല് നഗരങ്ങളിലെ നാല് ബാങ്കുകളിലൂടെ പുറത്തിറക്കിയ ഡിജിറ്റല്‍ രൂപ പിന്നീട് ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ നാല് ബാങ്കിലേക്ക് കൂടി വ്യാപിപ്പിക്കും. തുടര്‍ന്ന് അഹമ്മദാബാദ്, ഗാംഗ്‌ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, കൊച്ചി, ലഖ്‌നൗ, പട്‌ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ആർബിഐ അറിയിച്ചു.
ഡിജിറ്റല്‍ കറന്‍സിയുടെ ഗുണങ്ങള്‍: പേപ്പര്‍ കറന്‍സി ഉപയോഗിച്ച് നടത്തുന്ന മുഴുവന്‍ ഇടപാടുകളും ഡിജിറ്റല്‍ രൂപയിലൂടെ സാധ്യമാകും. ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും ഉപയോഗിക്കാനാവും. മൊബൈല്‍ ഫോണ്‍ വഴി വേഗത്തില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയും.
കറന്‍സി അച്ചടിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ചെലവ് കുറയും. പേപ്പര്‍ കറന്‍സി പോലെ കേടുപാടുകള്‍ വരികയോ പഴകി കീറുകയോ ചെയ്യില്ല.നോട്ടുമായും അല്ലാതെയും ഇടപാടുകള്‍ നടത്താനാകും. വിദേശത്തേക്കുള്ള പണമിടപാടുകള്‍ വേഗത്തിലാക്കാന്‍ സാധിക്കും.