ന്യൂഡൽഹി : പ്രചാരത്തിൽ നിന്ന് പിൻവലിക്കപ്പെട്ട 2000 രൂപ നോട്ടുകൾ നിയമപരമായി തുടരുകയാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ്. ആർക്കും, കടകൾക്ക് പോലും ഈ നോട്ടുകൾ നിരസിക്കാൻ കഴിയില്ലെന്നും ഈ നോട്ടുകൾ മാറ്റിയെടുക്കാൻ മതിയായ സമയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകൾ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങളോട് ബാങ്കുകൾ യുക്തിസഹമായി പെരുമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
കറൻസി മാനേജ്‌മെന്‍റ് പദ്ധതിയുടെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം എടുത്തതെന്നും അതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ ബാങ്കുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിൻവലിക്കൽ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആർബിഐ ഗവർണർ.
നോട്ട് നിരോധന സമയത്ത് കറൻസി പിൻവലിച്ചതിനെ തുടർന്ന് കറൻസി നിറയ്ക്കാനാണ് ഈ നോട്ടുകൾ അന്ന് അവതരിപ്പിച്ചത്. നിലവിൽ, പൊതു ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ മറ്റ് മൂല്യങ്ങളുടെ കറൻസി നോട്ടുകൾ പ്രചാരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2000 രൂപ നോട്ടുകളുടെ വിനിമയം ഇപ്പോൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മൊത്തം കറൻസിയുടെ 10.8 ശതമാനം മാത്രമാണിതെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേർത്തു. അതുപോലെ, ഈ പിൻവലിക്കലിന്‍റെ ആഘാതം രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ വളരെ നാമമാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ നോട്ടുകൾ മാറുന്നതിനുമുള്ള സമയപരിധി സെപ്റ്റംബർ 30 ആണ്. ഈ സമയപരിധിക്കകം 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും സെൻട്രൽ ബാങ്കിലേക്ക് തിരികെയെത്താൻ സാധ്യതയുണ്ടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യത്തെ കറൻസി മാനേജ്മെന്‍റ് സംവിധാനം വളരെ ശക്തമാണെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. രാജ്യത്തെ സംവിധാനത്തിൽ ആവശ്യത്തിന് നോട്ടുകൾ ലഭ്യമായതിനാൽ കറൻസി ലഭ്യതയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ആർബിഐ ഗവർണർ വ്യക്തമാക്കി.
യുക്രെയ്‌ൻ സംഘർഷവും പടിഞ്ഞാറൻ രാജ്യങ്ങളിലെ ചില ബാങ്കുകളുടെ പരാജയവും കാരണം സാമ്പത്തിക വിപണിയിൽ പ്രതിസന്ധി ഉണ്ടായിട്ടും വിനിമയ നിരക്ക് സ്ഥിരമായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ആർബിഐ ആവശ്യമായി വരുമ്പോഴെല്ലാം നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നതിനാൽ നോട്ട് മാറാൻ ബാങ്കുകളിൽ തിരക്കുകൂട്ടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നോട്ട് മാറാൻ ഐഡിയും അപേക്ഷയും വേണ്ടെന്ന് എസ്ബിഐ : ആര്‍ബിഐ പിന്‍വലിച്ച 2,000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഐ ഡി കാർഡോ അപേക്ഷ ഫോമോ നല്‍കേണ്ടതില്ല എന്ന് എസ്‌ബിഐ അറിയിച്ചു. സ്ഥാപനം പുറത്തിറക്കിയ സര്‍ക്കുലര്‍ അനുസരിച്ച്, ഒരു സമയം 2,000 രൂപയുടെ പരമാവധി പത്ത് നോട്ടുകൾ മാറ്റിയെടുക്കാമെന്നും പറയുന്നു. എസ്ബിഐ മെയ് 19ന് പുറത്തിറക്കിയ അനുബന്ധം മൂന്നിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2,000 രൂപയുടെ നോട്ടുകൾ മാറാന്‍, ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ സമർപ്പിക്കണമെന്നും ഫോം പൂരിപ്പിക്കേണ്ടതുണ്ടെന്നുമുള്ളവ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതേതുടര്‍ന്നാണ് എസ്ബിഐ വിശദീകരണവുമായി എത്തിയത്. നോട്ടുകൾ മാറി എടുക്കാന്‍ ഫീസ് നല്‍കേണ്ട ആവശ്യമില്ലെന്നും ആർബിഐ വ്യക്തമാക്കി.
മെയ് 19നാണ് ആർബിഐ 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. 2,000 രൂപ നോട്ടുകളുടെ വിതരണം നിര്‍ത്താനാണ് ആര്‍ബിഐ നിര്‍ദേശം. നിലവില്‍ 2,000 രൂപയുടെ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ബാങ്കുകളില്‍ നല്‍കി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
Also read : 2,000 രൂപ മാറ്റിയെടുക്കാന്‍ ഐഡി കാര്‍ഡും അപേക്ഷ ഫോമും വേണ്ട; സര്‍ക്കുലര്‍ പുറപ്പെടുവിച്ച് എസ്‌ബിഐ