സാമ്പത്തിക സ്വാതന്ത്രത്തിന്‍റെ അടിസ്ഥാനമാണ് സേവിങ്സ് അഥവ ഭാവിയെ കരുതി മാറ്റി വയ്‌ക്കുന്ന പണം. എത്രയൊക്കെ പണം ഭാവിയിലേയ്‌ക്ക് നീക്കി വച്ചാലും നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്‌കരിക്കാന്‍ അവ മതിയാകുകയില്ല. സ്വന്തമായി ഒരു സംരംഭം തുടങ്ങുവാനും അല്ലെങ്കില്‍ ഒരു അടിയന്തര ഘട്ടത്തിലും ധാരാളം പണം ആവശ്യമായി വരും.
ഇങ്ങനെയുള്ള അവസരങ്ങളില്‍ ലോണ്‍ എടുക്കുക എന്നത് ഒഴിവാക്കുക സാധ്യമല്ല. ഇന്നത്തെക്കാലത്ത് വിവിധ തരത്തിലുള്ള ലോണുകള്‍ ലഭ്യമാണ്. സ്വത്തുവകകള്‍ പണയപ്പെടുത്തി എടുക്കുന്ന ലോണുകളാണ് ഏറ്റവും അധികം ലഭ്യമാകുന്നത്.
വസ്‌തുവകകള്‍ പണയപ്പെടുത്തി എടുക്കുന്ന ലോണിന്‍റെ ഗുണങ്ങള്‍: സെക്യൂരിറ്റി രഹിത വായ്‌പകള്‍ അഥവ ഈട് വയ്‌ക്കാതെ എടുക്കുന്ന വായ്‌പകളെക്കാള്‍ വസ്‌തുവകകള്‍ പണയപ്പെടുത്തി എടുക്കുന്ന ലോണിണ് ചില ഗുണങ്ങളുണ്ട്. ഇത്തരം ലോണുകള്‍ എടുക്കുവാന്‍ തയ്യാറാകുന്നതിന് മുമ്പ് ലോണുകളെക്കുറിച്ച് നന്നായി ഒന്ന് പഠിക്കണം. ആദ്യമായി, ലോണ്‍ എടുത്ത് സ്വയം തൊഴില്‍ ചെയ്യാനാണ് നിങ്ങള്‍ ലക്ഷ്യമിടുന്നതെങ്കില്‍ വസ്‌തുവകകള്‍ പണയപ്പെടുത്തിയുള്ള ലോണുകള്‍ എടുക്കുക.
15 മുതല്‍ 25 വര്‍ഷത്തെ കാലയളവില്‍ കുറഞ്ഞ പലിശയോടെ ഉയര്‍ന്ന തുക ലഭിക്കാന്‍ സാധ്യതയുണ്ട്. ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സ്വന്തം വീടോ വാണിജ്യ സൈറ്റുകളോ പണയപ്പെടുത്തി ലോണെടുക്കാവുന്നതാണ്. നിങ്ങളുടെ വസ്‌തുവകകളുടെ ഉടമസ്ഥാവകാശം എത്രത്തോളം എന്നതിനെ ആശ്രയിച്ചാണ് ലോണെടുക്കുന്നതിന് നിങ്ങള്‍ പ്രാപ്‌തരാണോ എന്ന് നിശ്ചയിക്കുക.
വസ്‌തുവകകളെക്കാള്‍ വീടുകള്‍ പണയപ്പെടുത്തി എടുക്കുന്ന ലോണുകള്‍ക്ക് ഉയര്‍ന്ന മൂല്യമുണ്ടായിരിക്കും. വസ്‌തുവകകള്‍ പണയപ്പെടുത്തി ലോണെടുക്കുമ്പോള്‍ എല്ലാ രേഖകളും നിങ്ങളുടെ കൈവശമുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കണം. ബാങ്ക് അല്ലെങ്കില്‍ മറ്റ് സാമ്പത്തിക സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള ലോണുകള്‍ ലഭ്യമാണ്.
സമര്‍പ്പിക്കേണ്ട രേഖകള്‍: ക്രെഡിറ്റ് സ്‌കോര്‍, ലോണടുത്താല്‍ തിരിച്ചടയ്‌ക്കാനുള്ള പ്രാപ്‌തി, വസ്‌തുവിന്‍റെ മൂല്യം, വയസ്, ജോലി, വസ്‌തു സ്ഥിതി ചെയ്യുന്ന സ്ഥാനം, വസ്‌തു എത്രനാളായി കൈവശം വച്ചിരിക്കുന്നു തുടങ്ങിയ രേഖകളാണ് പ്രധാനമായും പരിശോധിക്കുക. വസ്‌തുവിന് മൂല്യമുണ്ടെങ്കില്‍ 80 ശതമാനം വരെ ലോണ്‍ ലഭിക്കുവാനുള്ള സാധ്യതയുണ്ട്. എന്നാല്‍, ചില പ്രത്യേക സാഹചര്യങ്ങളില്‍ 70 ശതമാനം വരെയായി ബാങ്ക് അധികൃതര്‍ ലോണിന്‍റെ മൂല്യം കുറയ്‌ക്കും.
ഒരു ലോണ്‍ എടുക്കുക എന്ന് വച്ചാല്‍ ഒരു നിശ്ചിത കാലയളവിലേയ്‌ക്ക് സാമ്പത്തികമായ ഒരു കരാറിന് തയ്യാറാവുക എന്നതാണ് അര്‍ഥമാക്കുന്നത്. അതിനാല്‍ തന്നെ തികഞ്ഞ ജാഗ്രതയോടുകൂടിയായിരിക്കണം ഇത്തരത്തിലുള്ള കരാറിലേയ്‌ക്ക് പ്രവേശിക്കാന്‍. എല്ലാത്തിനുമുപരിയായി ലോണ്‍ എടുക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥാപനവും വളരെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കണം.
ലോണ്‍ പോലെ തന്നെ സ്ഥാപനവും മുഖ്യം: സ്ഥാപിതവും വിശ്വസ്‌തവുമായ സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കുവാന്‍ ശ്രദ്ധിക്കുക. ചില സ്ഥാപനങ്ങള്‍ വസ്‌തുക്കള്‍ നന്നായി പരിശോധിച്ചതിന് ശേഷമെ ലോണ്‍ അനുവദിക്കുകയുള്ളു. എന്നാല്‍, ചില സ്ഥാപനങ്ങള്‍ വരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ലോണ്‍ അനുവദിക്കുക.
ചുരുങ്ങിയ കാലയളവിലെ വായ്‌പകളുമായി താരതമ്യം ചെയ്യുമ്പോള്‍ ദീര്‍ഘകാല വായ്‌പകളാണ് കൂടുതല്‍ ഉത്തമം. ഉദാഹരണത്തിന് 70,000 മാസ വരുമാനമുള്ള ഒരു വ്യക്തി 25 ലക്ഷം രൂപയുടെ ലോണെടുത്താല്‍ അഞ്ച് വര്‍ഷത്തെ കാലയളവില്‍ 12.5ശതമാനം പലിശ തിരിച്ചടയ്‌ക്കേണ്ടതുണ്ട്. 56,245 ആണ് ഗഡുക്കളായി അടയ്‌ക്കേണ്ടത്.
15 വര്‍ഷമാണ് തിരിച്ചടയ്‌ക്കേണ്ട കാലയളവെങ്കില്‍ 30,813 രൂപയാണ് ഗഡുക്കളായി അടയ്‌ക്കേണ്ട്. കഴിയുന്നത്ര വേഗത്തില്‍ തന്നെ ലോണ്‍ അടച്ചു തീര്‍ക്കുന്നതാണ് ഏറ്റവും നല്ലത്.
ദീര്‍ഘകാല വായ്‌പകള്‍ക്ക് ബാങ്കുകള്‍ ഭാഗിക തിരിച്ചടവ് അനുവദിക്കുമോ എന്ന് പരിശോധിക്കുക. അതിന് ചില ഗുണങ്ങള്‍ ഉണ്ട്. സാമ്പത്തികമായ നേട്ടത്തിന് വേണ്ടി ആയിരിക്കണം ഇത്തരം ലോണുകള്‍ എടുക്കേണ്ടത്.