നമ്മള്‍ ഒരു വിനോദയാത്ര പോകുമ്പോള്‍ ആ യാത്ര സുഗമവും ആസ്വാദ്യകരവുമാക്കാന്‍ വേണ്ടി അതുമായി ബന്ധപ്പെട്ട് പദ്ധതികള്‍ തയ്യാറാക്കാറുണ്ട്. എന്നാല്‍ നമ്മള്‍ ജീവിതയാത്ര സുഗകരമാക്കാന്‍ പദ്ധതികള്‍ തയ്യാറാക്കാറുണ്ടോ? ഭൂരിപക്ഷം ആളുകള്‍ക്കും ഇല്ല എന്നായിരിക്കും ഉത്തരം.
ജീവിതയാത്ര സുഗമമാക്കുന്നതിന് സാമ്പത്തിക ആസൂത്രണങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനം എങ്ങനെ ചെലവഴിക്കണം എന്നത് സംബന്ധിച്ച് ഒരു ആസൂത്രണമില്ലെങ്കില്‍ ഒരു പക്ഷെ നിങ്ങള്‍ അതിന് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. ഭേദപ്പെട്ട വരുമാനം ഉണ്ടെങ്കില്‍ പോലും കടബാധ്യതകളിലേക്ക് പോകുന്ന സാഹചര്യം ഉണ്ടാകാം. വരുമാനത്തിന്‍റെ നല്ലൊരു പങ്ക് പലിശ അടയ്‌ക്കാനായി വിനിയോഗിക്കേണ്ട ദുഷ്‌കര സാഹചര്യമാണ് അത് സൃഷ്‌ടിക്കുക.
സാമ്പത്തിക ആസൂത്രണം നിങ്ങളുടെ ഭാവിയുടെ രൂപരേഖ: സാമ്പത്തിക ആസൂത്രണം നടത്തുമ്പോള്‍ ചിന്തിക്കേണ്ട പ്രധാന കാര്യം നിങ്ങളുടെ ആസൂത്രണം പ്രായോഗികമാണോ എന്നതാണ്. ഉദാഹരണത്തിന് നമ്മുടെ വരുമാനത്തിന്‍റെ അമ്പത് ശതമാനം നിക്ഷേപങ്ങള്‍ക്കായി മാറ്റിവെക്കും എന്ന് പദ്ധതിയിട്ടാല്‍ അത് പ്രയോഗത്തില്‍ കൊണ്ടുവരുക എന്നത് പലരെ സംബന്ധിച്ചും അപ്രായോഗികമാണ്.
അതേസമയം 25 ശതമാനം എന്നുള്ളത് പ്രായോഗികമായ കാര്യമാണ്. ഇന്നതൊക്കെ ഭാവിയില്‍ സംഭവിക്കും എന്നുള്ള ധാരണകളുടെ പുറത്ത് ഒരു പദ്ധതി ഉണ്ടാക്കുന്നതിലും അര്‍ഥമില്ല. സാമ്പത്തികമായ പദ്ധതികളൊക്കെ വസ്‌തുതകള്‍ അടിസ്ഥാനപ്പെടുത്തിയാണ് നടത്തേണ്ടത്. അതായത് എത്രയാണ് നിലവില്‍ ലഭിക്കുന്ന ശമ്പളം, എത്രയാണ് ചെലവ്, ബാക്കി എത്രയാണ് നിക്ഷേപത്തിനായി മാറ്റിവെക്കാന്‍ പറ്റുക എന്നതൊക്കെ കണക്ക് കൂട്ടി വേണം ഒരു സാമ്പത്തിക പദ്ധതി രൂപീകരിക്കാന്‍.
ആഗ്രഹങ്ങള്‍ എങ്ങനെ സഫലീകരിക്കാം: ഏതൊക്കെ ആവശ്യങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പ്പിക്കണമെന്ന് എന്ന് വ്യക്തമായ ധാരണയുണ്ടാവണം. ഉദാഹരണത്തിന് നിങ്ങളുടെ കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിനായി പതിനാറ് വര്‍ഷം കഴിയുമ്പോള്‍ ഒരു നിശ്ചിത തുക ലഭിക്കണം എന്ന് ഉദ്ദേശിച്ച് ഒരു നിക്ഷേപ പദ്ധതി നിങ്ങള്‍ ആവിഷ്‌കരിക്കുന്നു. പതിനായിരം രൂപ മാസം ഇതിനായി മാറ്റിവയ്‌ക്കാന്‍ പദ്ധതിയിടുന്നു.
എന്നാല്‍ നിങ്ങള്‍ക്ക് ഒരു കാര്‍ വാങ്ങണമെന്ന ആഗ്രഹമുണ്ടായി. ഇ.എം.ഐ (ഒരു മാസത്തെ വായ്‌പ തിരിച്ചടവ്) ഒരു മാസം 10,000 രൂപ. എട്ട് വര്‍ഷം ഇ.എം.ഐ അടയ്‌ക്കണം. ഈ ഒരു സാഹചര്യത്തില്‍ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി എട്ട് വര്‍ഷം കഴിഞ്ഞ് മാസം 20,000 രൂപ നിക്ഷേപിക്കാം എന്ന് നിങ്ങള്‍ കരുതിയാല്‍ അത് നല്ല തീരുമാനമല്ല.
നിങ്ങള്‍ മേല്‍പ്പറഞ്ഞ സാഹചര്യത്തില്‍ ഉപയോഗിക്കുന്ന യുക്തി എന്നുള്ളത് 16 വര്‍ഷം മാസം പതിനായിരം രൂപ വച്ച് നിക്ഷേപിക്കുന്നതും, എട്ട് വര്‍ഷം മാസം 20,000 രൂപ നിക്ഷേപിക്കുന്നതും ഒന്നാണ് എന്നുള്ളതാണ്. പക്ഷെ പ്രായോഗികമായ സാഹചര്യം പരിഗണിക്കുമ്പോള്‍ അത് നല്ല തീരുമാനമല്ല. കാരണം എട്ട് വര്‍ഷം കഴിഞ്ഞാല്‍ 20,000 രൂപ നിക്ഷേപത്തിനായി കരുതിവയ്‌ക്കാന്‍ പറ്റുമോ എന്നുള്ളതിന് 100 ശതമാനം ഉറപ്പില്ല. കൂടാതെ കൂട്ട് പലിശ കണക്കാക്കുമ്പോള്‍ 10,000 രൂപ വച്ച് 15 വര്‍ഷം നിക്ഷേപിക്കുന്ന ആദ്യത്തെ പദ്ധതിയായിരിക്കും മെച്ചം.
കാർ വാങ്ങുക തുടങ്ങിയ കാര്യങ്ങള്‍ പ്രാമുഖ്യം കൂടുതലുള്ള കാര്യങ്ങള്‍ക്ക് നീക്കി വച്ച പണം ഉപയോഗിച്ച് വാങ്ങരുത്. നിങ്ങളുടെ വരുമാനം അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രമേ അത്തരം കാര്യങ്ങളുമായി മുന്നോട്ട് പോകാന്‍ പാടുള്ളൂ. കാർ പോലുള്ളവ മൂല്യ ശോഷണം സംഭവിക്കുന്ന ആസ്ഥികളാണ് ( depreciating assets) എന്നുള്ള ബോധ്യം ഉണ്ടാകണം.
സാമ്പത്തികമായ പദ്ധതികളുമായി ബന്ധപ്പെട്ട് നമുക്ക് പല ആശയങ്ങളുമുണ്ടാകും. പക്ഷെ പ്രായോഗത്തില്‍ വരുമ്പോള്‍ അത് പലപ്പോഴും നടക്കണമെന്ന് വരില്ല. ഇതുകാരണമാണ് പലരുടെയും സാമ്പത്തിക പദ്ധതി ദുര്‍ബലമാകുന്നത്. നമ്മുടെ വരുമാനം കൂടുന്നതിനനുസരിച്ച് നമ്മുടെ ചെലവും കൂടുന്ന സാഹചര്യം സാധാരണമാണ്.
പക്ഷെ വരുമാനം കൂടുന്നതിനനുസരിച്ച് നിങ്ങളുടെ നിക്ഷേപവും കൂടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഒരു വര്‍ഷം കൂടുമ്പോഴെങ്കിലും നിങ്ങളുടെ സാമ്പത്തിക പദ്ധതി പരിഷ്‌കരിക്കേണ്ടതുണ്ട്. എവിടെയാണ് പദ്ധതിയില്‍ പാളിച്ചപ്പറ്റുന്നതെന്ന് കണ്ടെത്തി അത് പരിഹരിക്കേണ്ടതുണ്ട്.
അടിയന്തര സാഹചര്യങ്ങള്‍ക്കായി ഒരു ഫണ്ട് : നമ്മള്‍ പ്രതീക്ഷിക്കാത്ത ചെലവുകള്‍ വരുന്ന സാഹചര്യം ജീവിതത്തില്‍ ഉണ്ടാകും. അതിനായി ഒരു തുക കരുതിവെക്കണം. നിങ്ങളുടെ ആറുമാസത്തെ ചെലവിന് സമാനമായ തുക ഇങ്ങനെ കരുതിവെക്കുന്നത് ഉചിതമാണ്. അടിയന്തര ഫണ്ട് ഇല്ലെങ്കില്‍ വിവിധ നിക്ഷേപങ്ങള്‍ക്കായുള്ള പണം നമുക്ക് ഇതിന് വേണ്ടി ചെലവാക്കേണ്ട സാഹചര്യമുണ്ടാകും.
ഒരു ദിവസം കൊണ്ട് നടത്തേണ്ട ഒന്നല്ല സാമ്പത്തിക ആസൂത്രണം. അത് നിരന്തരമായ പ്രക്രിയയാണ്. നിങ്ങളുടെ വരുമാനത്തില്‍ ഉണ്ടാകുന്ന വ്യത്യാസവും മാറികൊണ്ടിരിക്കുന്ന ആവശ്യങ്ങളും പ്രതിഫലിപ്പിക്കുന്നവയാവണം അത്. സാമ്പത്തിക ആസൂത്രണത്തിനായി ആവശ്യഘട്ടത്തില്‍ വിദഗ്‌ധ ഉപദേശവും തേടണം. പ്രായോഗിക സമീപനം സ്വീകരിച്ച് പോരായ്‌മകള്‍ പരിഹരിച്ചാല്‍ മാത്രമെ സാമ്പത്തിക ആസൂത്രണം പ്രയോഗവല്‍ക്കരിക്കാന്‍ സാധിക്കുകയുള്ളൂ.