കണ്ണൂര്‍: വേതനം വെട്ടിക്കുറച്ചതില്‍ പ്രതിഷേധവുമായി സൊമാറ്റോ തൊഴിലാളികൾ. ദിവസക്കൂലി പകുതിയോളം വെട്ടിക്കുറച്ച നടപടിയിലാണ് ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ പയ്യന്നൂരിലെ തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങിയത്. ദിവസക്കൂലി 600 രൂപയിൽ നിന്ന് 350 രൂപയായി വെട്ടിക്കുറച്ചതിലുള്ള പ്രതിഷേധമായാണ് 20 തൊഴിലാളികൾ പണിമുടക്കുന്നത്.
ഒരു വർഷം മുൻപ് 1000 രൂപ ദിവസക്കൂലി നല്‍കാമെന്ന വാഗ്‌ദാനം വിശ്വസിച്ചാണ് പയ്യന്നൂർ നഗരത്തിൽ 20 യുവാക്കൾ ഡെലിവറി പാർട്‌ണേഴ്‌സായി സൊമാറ്റോയിൽ ജോലി ആരംഭിച്ചത്. എന്നാൽ ഏഴ് മണിക്കൂർ ജോലി ചെയ്യുന്ന ഒരു തൊഴിലാളിക്ക് 600 രൂപയാണ് ലഭിച്ചത്. ഇതിൽ നിന്ന് ആഹാരവും, വാഹനത്തിന്‍റെ ഇന്ധനവും മറ്റ് ചെലവുകളും നടത്തണം. എന്നാൽ മൂന്നു ദിവസം മുൻപാണ് ദിവസവേതനം ഇനി മുതൽ 350 രൂപ ആയിരിക്കുമെന്നും ഏഴ് മണിക്കൂറിൽ നിന്നും ജോലി സമയം പത്ത് മണിക്കൂറായി വർധിപ്പിച്ചതായും തൊഴിലാളികളെ ഏരിയാ ലീഡർ അറിയിക്കുന്നത്.
ഇതേത്തുടര്‍ന്നാണ് പയ്യന്നൂരിലെ 20 തൊഴിലാളികളും സമരവുമായി രംഗത്തെത്തുന്നത്. നിലവില്‍ സമരം മൂന്നുദിവസം പിന്നിട്ടു. എന്നാൽ സമരം തുടർന്നാൽ ഒക്‌ടോബർ 15ന് 20 പേരെയും പിരിച്ചുവിടുമെന്നാണ് ഏരിയാ ലീഡറുടെ ഭീഷണിയെന്ന് തൊഴിലാളികളായ യുവാക്കൾ പറയുന്നു. തളിപ്പറമ്പിലും, കണ്ണൂരിലും, തലശേരിയിലുമൊന്നും തന്നെ വേതനം വെട്ടിക്കുറച്ചിട്ടില്ലെന്നും തൊഴിലാളികൾ പ്രതികരിച്ചു. അതേസമയം പിരിച്ചുവിടുമെന്ന മാനേജ്‌മെന്‍റ് ഭീഷണി വകവയ്ക്കാതെ സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.