കോട്ടയം: ഓണമെത്തിയതോടെ പപ്പട കച്ചവടം പൊടി പൊടിക്കുമെന്ന പ്രതീക്ഷയിൽ ചെറുകിട പപ്പട നിർമാണ മേഖല. കൊവിഡ് മൂലം ഉത്സവ ആഘോഷങ്ങൾ കുറഞ്ഞത് ഈ മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ മാറിയതോടെ മികച്ച കച്ചവടം ലഭിക്കുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു.
കോട്ടയം ജില്ലയിൽ 700 ലധികം ചെറുകിട പപ്പട നിർമാണ യൂണിറ്റുകൾ ഉണ്ട്. പരമ്പരാഗതമായി കുടുംബാംഗങ്ങൾ ചേർന്ന് പപ്പടം ഉണ്ടാകുന്ന ചെറു സംരഭങ്ങൾ കൂടി കൂട്ടിയാൽ എണ്ണം ഇതിലും അധികമാകും. ഉഴുന്നിന് വില കൂടിയതും പപ്പടത്തിന് വില കൂടാത്തതുമാണ് ഈ തൊഴിൽ മേഖലയെ പ്രതിസന്ധിയിലാക്കുന്നത്.
മഴക്കാലമാകുമ്പോൾ പപ്പടം ഉണക്കിയെടുക്കാനും ബുദ്ധിമുട്ടാണ്. ഈ ഉത്സവകാലത്തെങ്കിലും വരുമാനം മെച്ചമാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ. പല വലിപ്പത്തിലുള്ള പപ്പടം ഉണ്ടാക്കി പായ്ക്കറ്റുകളിലാക്കി കടകളിലെത്തിക്കുകയാണ് ഇവർ ചെയ്യുന്നത്. വിപണിയിൽ വലിയ പപ്പടം 100 എണ്ണത്തിന് 100 രൂപയും ചെറിയ പപ്പടം 100 എണ്ണത്തിന് 80 രൂപയുമാണ് വില.
ജോലിക്കാരുടെ കുറവും ജോലി ഭാരവും മൂലം യന്ത്രങ്ങൾ ഉപയോഗിച്ച് പപ്പടം നിർമ്മിക്കുന്ന യൂണിറ്റുകളും ഇപ്പോൾ അധികമാണ്.