ന്യൂഡല്‍ഹി: ഒല ഇലക്‌ട്രിക് ഇ-സ്‌കൂട്ടറുകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഇല്‌ക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന വര്‍ധിച്ച ആവശ്യകത മുന്‍നിര്‍ത്തി തമിഴ്‌നാടിലെ കൃഷ്‌ണഗിരിയിലുള്ള ഫാക്‌ടറിയുടെ ശേഷി കൂട്ടുകയാണെന്നും കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ബഹാവിഷ് അഗര്‍വാള്‍ പറഞ്ഞു. കമ്പനിയുടെ എസ്1 എയര്‍ ഇലക്‌ട്രിക് സ്‌കൂട്ടര്‍ 79,999 രൂപയ്‌ക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഇലക്‌ട്രിക് ബൈക്ക് രംഗത്തും കമ്പനി ചുവടുവയ്‌ക്കുമെന്ന് കമ്പനി അറിയിച്ചു.
ഒരു ലക്ഷത്തിലധികം സ്‌കൂട്ടറുകള്‍ കമ്പനി ഇതുവരെ വിറ്റഴിച്ചിട്ടുണ്ടെന്നും ബഹാവിഷ് അഗര്‍വാള്‍ പറഞ്ഞു. നിലവില്‍ ഒരു ദിവസം ആയിരത്തിലധികം സ്‌കൂട്ടറുകള്‍ ഉത്‌പാദിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഉത്‌പാദനം ഇതിലും വര്‍ധിപ്പിക്കും.
ഒരു വര്‍ഷം 20 ലക്ഷം സ്‌കൂട്ടറുകള്‍ ഉത്‌പാദിപ്പിക്കാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്. ഫാക്‌ടറിയുടെ നിര്‍മാണം പൂര്‍ണമാകുന്നതോടുകൂടി ഒരു വര്‍ഷം ഒരു കോടി ഇലക്‌ട്രിക് ടൂവീലര്‍ ഒലാ ഇലക്‌ട്രിക്കിന് ഉത്‌പാദിപ്പിക്കാന്‍ സാധിക്കുമെന്നും ബഹാവിഷ് പറഞ്ഞു. ഉത്‌പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള നിക്ഷേപങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോട് സിഇഒ പ്രതികരിച്ചില്ല. എസ്1 എയറിന് 2.5KWh ബാറ്ററിയും 4.5KW ഹബ് മോട്ടോറുമാണ് ഉള്ളത്. 99 കിലോഗ്രാമാണ് ഇതിന്‍റെ ഭാരം. 85Km/hr ഇതിന്‍റെ ഏറ്റവും ഉയര്‍ന്ന സ്‌പീഡ്. 40 kmph സ്‌പീഡിലെത്താന്‍ എസ്1 എയറിന് 4.3 സെക്കന്‍റുകള്‍ മതി.