പ്രമുഖ വീഡിയോ സ്ട്രീമിങ് കമ്പനിയായ നെറ്റ്ഫ്ലിക്‌സിന്‍റെ ഓഹരി മൂല്യത്തില്‍ വന്‍ ഇടിവ്. ഓഹരി മൂല്യം 25 ശതമാനമാണ് ഇടിഞ്ഞത്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം(2022) ആദ്യ പാദത്തില്‍ (ജനുവരി മുതല്‍ മാര്‍ച്ച് വരെ) രണ്ട് ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് നെറ്റ്‌ഫ്ലിക്‌സിന് കുറഞ്ഞത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് നെറ്റ്‌ഫ്ലിക്‌സിന്‍റെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം കുറയുന്നത്.
സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തിലുണ്ടായ കുറവിന് പ്രധാന കാരണം റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചതാണെന്ന് നെറ്റ്‌ഫ്ലിക്‌സ് വ്യക്‌തമാക്കി. റഷ്യ യുക്രൈനില്‍ നടത്തിയ അധിനിവേശത്തില്‍ പ്രതിഷേധിച്ചാണ് നെറ്റ്‌ഫ്ലിക്‌സ് റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. ഏഴ് ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ഇതിലൂടെ നെറ്റ്‌ഫ്ലിക്‌സിന് നഷ്‌ടമായത്.
ഈ വര്‍ഷത്തിന്‍റെ ആദ്യ പാദം അവസാനിക്കുമ്പോള്‍ നെറ്റ്ഫ്ലിക്‌സ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 22കോടി 16 ലക്ഷമാണ്. നെറ്റ്‌ഫ്ലിക്‌സിന്‍റെ അറ്റവരുമാനത്തിലും (net income ) ഈ വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ കുറവ് രേഖപ്പെടുത്തി. 160 കോടി അമേരിക്കന്‍ ഡോളറാണ് ഈ വര്‍ഷം ആദ്യ പാദത്തിലെ അറ്റ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തില്‍ 170 അമേരിക്കന്‍ ഡോളറായിരുന്നു നെറ്റ്ഫ്ലിക്‌സിന്‍റെ അറ്റവരുമാനം.
കൊവിഡ് അടച്ചിടലിനെ തുടര്‍ന്ന് 2020ല്‍ നെറ്റ്ഫ്ലിക്‌സിന് വലിയ രീതിയില്‍ വളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ 2021ല്‍ ഇതു കുറയുകയായിരുന്നു. മിതമായ നിരക്കില്‍ ഇന്‍റെര്‍നെറ്റ് ബ്രോഡ്ബാന്‍റ് സേവനം പല ഭാഗങ്ങളിലും ലഭ്യമാകത്തതും പല സബ്‌സ്‌ക്രൈബര്‍മാരും അവരുടെ കുടുംബാംഗങ്ങള്‍ അല്ലാത്തവര്‍ക്ക് പോലും സബ്‌സ്‌ക്രിപ്ഷന്‍ പങ്കുവെക്കുന്നതും വളര്‍ച്ചയെ ബാധിക്കുന്നെന്ന് നെറ്റ്‌ഫ്ലിക്‌സ് വിലയിരുത്തുന്നു. പത്ത് കോടി കുടുംബങ്ങള്‍ പണം നല്‍കാതെയാണ് നെറ്റ്‌ഫ്ലിക്‌സ് സേവനം ഉപയോഗിക്കുന്നതെന്നാണ് കണക്കാക്കുന്നത്. ആപ്പിള്‍, ഡിസ്‌നി പോലുള്ള കമ്പനികളില്‍ നിന്നും നെറ്റ്‌ഫ്ലിക്‌സ് കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്.