ന്യൂഡല്‍ഹി: വൈദ്യുതി ഉത്‌പാദനം, സിഎന്‍ജി വാഹനങ്ങളുടെ പ്രവര്‍ത്തനം എന്നിവയുടെയെല്ലാം പ്രധാന സ്രോതസായ പ്രകൃതിവാതക വില നാല്‍പത് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ രാജ്യത്ത് മൂന്നിൽ രണ്ട് ഭാഗവും വരുന്ന വാതക ഉത്‌പാദകര്‍ ഉത്‌പാദിപ്പിക്കുന്ന വാതകത്തിന് നല്‍കേണ്ടുന്ന തുക 6.1 ഡോളറിൽ നിന്ന് 8.57 യുഎസ് ഡോളറായി ഉയർത്തിയതായി പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി) അറിയിച്ചു. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെയും അവരുടെ പങ്കാളിയായ കെജി ബേസിനില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് പെട്രോളിയം പിഎൽസിയില്‍ നിന്നുമുള്ള ഗ്യാസിന്‍റെ വില മെട്രിക് മില്യണ്‍ ബ്രിട്ടീഷ് തെര്‍മലിന് (എംഎംബിടിയു) 9.92 ഡോളറിൽ നിന്ന് 12.6 ഡോളറായി ഉയർത്തിയതായും ഉത്തരവിലുണ്ട്.
മുംബൈ തീരത്തെ ഒഎൻജിസിയുടെ ബാസെയിൻ ഫീൽഡ് പോലെയുള്ള നിയന്ത്രിത ഫീൽഡുകൾക്കും, കെജി ബേസിൻ പോലുള്ള ഫ്രീ മാർക്കറ്റ് ഏരിയകൾക്കും ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കുകളാണിത്. മാത്രമല്ല അന്താരാഷ്‌ട്ര വിപണിയില്‍ വിലയില്‍ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുമ്പോള്‍ 2019 ഏപ്രിലിന് ശേഷം രാജ്യത്തെ മൂന്നാമത്തെ നിരക്കു വർദ്ധനയാണിത്. ഇതുകൂടാതെ ഒരു വർഷത്തിനുള്ളിൽ വിലയിലുണ്ടായ 70 ശതമാനത്തിലധികമുള്ള കുത്തനെയുള്ള വർധനവ് സിഎൻജിയുടെയും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസിന്റെയും (പിഎൻജി) നിരക്കിലും പ്രതിഫലിക്കും.
ആറ് മാസം കൂടുന്തോറും ഓരോ പാദത്തിലും കാലതാമസത്തോടെ (ഏപ്രില്‍ ഒന്ന്, ഒക്‌ടോബര്‍ ഒന്ന്) ഗ്യാസ് സര്‍പ്ലസുള്ള (ഇന്ധനം മിച്ചമുള്ള) രാജ്യങ്ങളായ യുഎസ്, കാനഡ, റഷ്യ എന്നിവിടങ്ങളില്‍ നിലവിലുള്ള നിരക്കുകളെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ ഗ്യാസ് വില നിശ്ചയിക്കുന്നത്. അതുകൊണ്ടുതന്നെ ഒക്‌ടോബർ ഒന്ന് മുതൽ മാർച്ച് 31 വരെയുള്ള വില 2021 ജൂലൈ മുതൽ 2022 ജൂൺ വരെയുള്ള ശരാശരി വിലയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
മാത്രമല്ല പ്രകൃതി വാതകത്തിന്‍റെ വിലയിലുണ്ടാകുന്ന വര്‍ധന എട്ട് മാസമായി ആർബിഐയുടെ കംഫർട്ട് സോണിന് മുകളിലായതിനാല്‍ ഇന്ധന വിലക്കയറ്റത്തിലേക്കും തള്ളിവിടാനിടയുണ്ട്. അതുകൊണ്ടുതന്നെ വിലനിർണയ മാര്‍ഗം അവലോകനം ചെയ്യാൻ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാല്‍ മുൻ ആസൂത്രണ കമ്മിഷൻ അംഗം കിരിത് എസ് പരീഖിന് കീഴിലുള്ള സമിതിയോട് സെപ്തംബർ അവസാനത്തോടെ 'ഉപഭോക്താവിന് ന്യായമായ വില' നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും റിപ്പോർട്ട് വൈകുകയാണ്.