തിരുവനന്തപുരം: ഓണക്കാലത്തെ (Onam) പാല്‍ ക്ഷാമം ഒഴിവാക്കാന്‍ നിര്‍ണായക നടപടിയുമായി മില്‍മ (Milma). അധിക ഉപഭോഗം മുന്നില്‍ കണ്ട് മില്‍മ ഒരു കോടി ലിറ്റര്‍ പാല്‍ അധികമായി സംഭരിക്കും (Milma Procure 1 Cr Litre Extra Milk). അയല്‍ സംസ്ഥാനങ്ങളിലെ ക്ഷീരസഹകരണ സംഘങ്ങളുടെ സഹകരണത്തോടെ ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി(Milma chairman) പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നും കർണാടകയിൽ നിന്നുമാകും പാൽ എത്തിക്കുക. മഹാരാഷ്ട്രയില്‍ നിന്നാകും കൂടുതല്‍ പാല്‍ എത്തിക്കുക. കർണാടക 18 ലക്ഷം ലിറ്ററോളം പാലും നൽകും.
"പല കാരണങ്ങളാല്‍ കേരളത്തില്‍ പാലിന്‍റെ സംഭരണത്തിലും വില്‍പ്പനയിലും വളരെയധികം അന്തരമുണ്ട്. ഓണവിപണി മുന്നില്‍ കണ്ടാണ് വളരെ നേരത്തെ തന്നെ പാല്‍ലഭ്യത ഉറപ്പുവരുത്തിയിട്ടുള്ളത്. ഇത്തരം നടപടികള്‍ പലപ്പോഴും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും മലയാളികളോടുള്ള പ്രതിബദ്ധത എന്നും ഉയര്‍ത്തിപ്പിടിക്കുകയാണ് മില്‍മ ചെയ്‌തിട്ടുള്ളത്"- കെ എസ് മണി പറഞ്ഞു.
കൊവിഡ് ഭീതി പൂര്‍ണമായും മാറിയതോടെ പാലിന്‍റെയും അനുബന്ധ ഉത്പന്നങ്ങളുടെയും വില്‍പ്പന ഇക്കുറി സര്‍വകാല റെക്കോര്‍ഡിലെത്തുമെന്നാണ് അനുമാനം. ഓണത്തിന്‍റെ ഉത്സവദിനങ്ങളില്‍ പാല്‍ 12 ശതമാനവും, തൈര് 16 ശതമാനവും അധിക ഉപഭോഗം ഉണ്ടാകുമെന്നാണ് മില്‍മയുടെ കണക്കുകൂട്ടല്‍. മറ്റു ഉത്‌പന്നങ്ങള്‍ക്കൊപ്പം നെയ്യ്, പായസം മിക്‌സ് എന്നിവയുടെ വില്‍പ്പനയിലും റെക്കോര്‍ഡ് നേട്ടം മില്‍മ പ്രതീക്ഷിക്കുന്നുണ്ട്. ബി പി എല്‍ ഓണക്കിറ്റിനുവേണ്ടി മില്‍മ ആറര ലക്ഷം യൂണിറ്റ് നെയ്യും, പായസക്കിറ്റും നല്‍കിയിട്ടുണ്ടെന്നും കെ എസ് മണി അറിയിച്ചു.
പുനക്രമീകരണ നടപടികളുടെ ഭാഗമായി ഗുണനിലവാരം, പാക്കിങ്, വിതരണം എന്നിവ ഏകീകരിക്കുന്ന നടപടികളില്‍ മില്‍മ മികച്ച മുന്നേറ്റമാണ് നടത്തിവരുന്നത്. ഓണക്കാലത്തെ സുഗമമായ വിതരണത്തിന് ഇത് ഏറെ സഹായകരമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
അതേസമയം ഓണത്തിന് മുന്‍പുതന്നെ കേരളത്തില്‍ പാല്‍ ഉപഭോഗം വര്‍ധിക്കുകയാണ്. സാധാരണ തിരുവോണ നാളിനും അതിന് മുമ്പുള്ള മൂന്ന് ദിവസങ്ങളിലുമാണ് പാലിന് ആവശ്യമേറുന്നത്, എന്നാൽ ഇക്കുറി അത്തം മുതൽ തന്നെ ആവശ്യക്കാർ ഏറുകയാണ്. ഉപഭോഗം കൂടുന്നുണ്ടെങ്കിലും മിൽമയുടെ എല്ലാ മേഖലകളിലും ഇത്തവണ ഉത്പാദനം കുറവാണ്. കൊവിഡ് കാലത്ത് 16 ലക്ഷം വരെ പാല്‍ ഉത്പാദിപ്പിച്ച സ്ഥാനത്ത് ഇപ്പോൾ 14 ലക്ഷത്തിൽ താഴെ മാത്രമാണ് ഉത്പാദനം. നേരത്തെ മലബാർ മേഖല യൂണിയനിൽ ഭേദപ്പെട്ട ഉത്‌പാദനം ഉണ്ടായിരുന്നെങ്കിലും ഇത്തവണ ഇവിടെ 25 ലക്ഷത്തോളം ലിറ്റർ പാല്‍ പുറത്തുനിന്ന് എത്തിക്കേണ്ടിവരും.
അതിനിടെ മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് ഓണ സമ്മാനമായി 4.2 കോടി രൂപ നല്‍കാന്‍ മലബാര്‍ മില്‍മ ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. ജൂലൈ മാസത്തില്‍ നല്‍കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടു രൂപ വീതം അധിക വിലയായി നല്‍കും. ജൂലൈ മാസത്തില്‍ സംഘങ്ങള്‍ വഴി അളന്ന 210 ലക്ഷം ലിറ്റര്‍ പാലിനായി 4.2 കോടി രൂപ മില്‍മ മലബാറിലെ ആറ് ജില്ലയിലെ സംഘങ്ങള്‍ക്ക് കൈമാറാനും തീരുമാനമുണ്ട്.