ചെന്നൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ലൈറ്റ് കൊമേഴ്ഷ്യല്‍ വാഹനമായ ബൊലേറോ MaXX Pik-Up വിപണിയില്‍. രണ്ട് മുതല്‍ 3.5 ടണ്‍ കാറ്റഗറിയിലുള്ള വാഹനത്തിന് 7.68 ലക്ഷം മുതല്‍ 7.87 ലക്ഷം വരെയാണ് വില. പൂനെയിലെ കമ്പനിയുടെ സ്വന്തം പ്ലാന്‍റിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്‍റ് വെങ്കിട്ട് ശ്രീനിവാസ് പറഞ്ഞു.
ഇൻട്രാ-സിറ്റി ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്തിയാണ് വാഹനം രൂപകൽപ്പന ചെയ്തത്. 1300 കിലോയാണ് വാഹനത്തിന്‍റെ പേ ലോഡ്. 1700 മില്ലി മീറ്റര്‍ കാര്‍ഗോ സ്പേസാണ് ഉള്ളത്. ആര്‍ 15 ടയറാണ് ഉപയോഗിച്ചിരിക്കുന്നത്. 20,000 കിലോമീറ്റർ സര്‍വീസ് കാലാവധിയാണ് വാഹനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
ഐ മാക്‌സ് എക്‌സ് ടെക്നോളജിയില്‍ വികസിപ്പിച്ച വാഹനം കൂടുതല്‍ സുഖകരമായ യാത്രയാണ് ഒരുക്കുന്നതെന്ന് കമ്പനി അവകാശപ്പെട്ടു. ഒരു ലക്ഷം കിലോമീറ്ററോ മൂന്ന് വര്‍ഷമോ വാറണ്ടിയും വാഹനത്തിന് കമ്പനി നല്‍കുന്നു. മൂന്ന് വേരിയെന്‍റുകളിലായി യഥാക്രമം 7.68 ലക്ഷം, 7.72 ലക്ഷം, 7.87 ലക്ഷം എന്നീ വിലകളില്‍ വാഹനം ലഭ്യമാണ്. 25,000 രൂപയുടെ ഡൗണ്‍ പെയ്മെന്‍റില്‍ വാഹനം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.