തിരുവനന്തപുരം: പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളെ സംരക്ഷിക്കുന്നതിന് സഞ്ചിത നിധി രൂപീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. ഇതിനായി സഹകരണ ചട്ടത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും. നിധിയിലേക്ക് ലഭ്യമാകുന്ന തുകയ്ക്ക് സംഘങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന പലിശ വരുമാനം ഉറപ്പുവരുത്തും.
നിശ്ചിത കാലപരിധിക്ക് ശേഷമോ സംഘങ്ങള്‍ക്ക് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോഴോ പലിശയടക്കം ഈ തുക തിരികെ നല്‍കുന്നതിനും വ്യവസ്ഥ ചെയ്യും. 500 കോടി രൂപ സഞ്ചിത നിധിയിലേക്ക് സംഭരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി മൂന്ന് തരത്തിലാണ് പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ ഗ്യാരണ്ടി സ്‌കീമിന്റെ പരിധി 2 ലക്ഷത്തില്‍ നിന്നും 5 ലക്ഷമായി ഉയര്‍ത്തും. സംഘങ്ങളുടെ ലിക്കുഡേഷന്‍ ഉണ്ടാകുമ്പോള്‍ മാത്രമല്ല പ്രതിസന്ധിയുണ്ടായാലും നിക്ഷേപങ്ങള്‍ക്ക് ഗ്യാരണ്ടി ലഭിക്കും. ഇതിനായി നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡ് നിയമം പരിഷ്‌കരിക്കും.
സഹകരണ മേഖലയിലെ തട്ടിപ്പുകളില്‍ ക്രിമിനല്‍ കേസെടുക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരും. അടുത്ത നിയമസഭ സമ്മേളനത്തില്‍ തന്നെ നിയമനിര്‍മ്മാണം നടത്തും. നിക്ഷേപകരുടെ നിക്ഷേപത്തിന് പൂര്‍ണ സുരക്ഷ ഒരുക്കലാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.