ബെംഗളൂരു: ഓട്ടോ സര്‍വിസുകള്‍ ഉടന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഓല, ഊബര്‍, റാപിഡോ തുടങ്ങിയവക്ക് നോട്ടിസ് നല്‍കി കർണാടക ഗതാഗത വകുപ്പ്. ഉപഭോക്താക്കളില്‍ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. പരാതികളില്‍ ഉടന്‍ വിശദീകരണം നല്‍കാനും ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി.
കൂടാതെ നോട്ടിസിന് വിശദീകരണം നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ആപ്പ് അധിഷ്‌ഠിത ക്യാബ് അഗ്രഗേറ്റർമാർക്ക് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ നിരവധി പരാതികളാണ് ലഭിച്ചതെന്ന് കര്‍ണാടക ഗതാഗത വകുപ്പ് കമ്മിഷണർ ടി എച്ച് എം കുമാർ പറഞ്ഞു. ഓട്ടോ സർവിസുകൾക്ക് ഇരട്ടി നിരക്ക് ഈടാക്കിയതിന് ക്യാബ് അഗ്രഗേറ്റർമാർക്കെതിരെ പ്രത്യേകം പരാതി ഉയർന്നിരുന്നു.
ക്യാബ് അഗ്രഗേറ്റർമാർക്ക് നോട്ടിസ് നൽകുകയും വിശദീകരണത്തിന് മൂന്ന് ദിവസത്തെ സമയം നൽകുകയും ചെയ്‌തിട്ടുണ്ട്. പ്രതികരണം ലഭിച്ചാലുടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മിനിമം ഓട്ടോ നിരക്ക് 30 രൂപയാണ്. 5 മിനിറ്റിനുള്ള വെയിറ്റിങ് ചാർജായി 5 രൂപയും ഈടാക്കാം.
എന്നാൽ, ക്യാബ് അഗ്രഗേറ്റർമാർ മിനിമം നിരക്കായി 100 രൂപ ഈടാക്കുന്നു എന്നാണ് പരാതി. ആപ്പ് അധിഷ്‌ഠിത സേവനദാതാക്കൾ 100 രൂപ ഈടാക്കുകയും ഡ്രൈവർമാർക്ക് 60 രൂപ നൽകി ബാക്കി തുക കമ്മിഷനായി എടുക്കുകയും ചെയ്യുന്നു എന്നും ബെംഗളൂരു ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് യൂണിയൻ (ARDU) പ്രസിഡന്‍റ് ഡി രുദ്രസ്വാമി വ്യക്തമാക്കിയിരുന്നു.
അതേസമയം, ഓല, ഊബർ, റാപിഡോ തുടങ്ങിയ ആപ്പ് അധിഷ്‌ഠിത സേവന ദാതാക്കളുമായി മത്സരിക്കുന്നതിനായി നവംബർ 1 മുതൽ 'നമ്മ യാത്രി ആപ്പ്' എന്ന മൊബൈൽ ആപ്പ് അവതരിപ്പിക്കാൻ എആര്‍ഡിയു പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്. സംരംഭകന്‍ നന്ദൻ നിലേകനിയുടെ പിന്തുണയോടെയാകും ആപ്പ് സജ്ജീകരിക്കുക.