ന്യൂഡല്‍ഹി: ഇടവേളയ്‌ക്ക് ശേഷം സര്‍വീസുകള്‍ പുനരാരംഭിക്കുന്ന ജെറ്റ് എയര്‍വേസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ അനുമതി നല്‍കി. മെയ് ആറിന് സിവില്‍ ഏവിയേഷന്‍ എയര്‍ലൈന്‍സിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതിനായി കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ജെറ്റ് എയര്‍ലൈന്‍ ഹൈദരാബാദ് എയര്‍പോര്‍ട്ടിലേക്കും തിരിച്ചും പരീക്ഷണ പറക്കല്‍ നടത്തിയത്.
വിമാനത്തിന്‍റെയും അതിന്‍റെ ഘടകങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലാണെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് ഡിജിസിഎ - യ്‌ക്ക് മുന്‍പാകെ വ്യാഴാഴ്‌ച പരീക്ഷണ പറക്കല്‍ നടത്തിയത്. എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ആവശ്യമുള്ള വിമാനങ്ങളിലെ പരിശോധനയും തുടര്‍ന്ന് നടക്കും. പരീക്ഷണ പറക്കലില്‍ യാത്രക്കാര്‍ക്ക് പകരമായി ഡിജിസിഎ ഉദ്യോഗസസ്ഥരും, എയര്‍ലൈന്‍ ഉദ്യോഗസസ്ഥരും, കാബിന്‍ ക്രൂ അംഗങ്ങളെയും ഉള്‍പ്പടുത്തി വാണിജ്യ വിമാനത്തിന് സമാനമായാകും തുടര്‍ പരിശോധനകള്‍ നടത്തുക.
ജലാന്‍-കല്‍റോക്ക് കണ്‍സോര്‍ഷ്യം ആണ് നിലവില്‍ ജെറ്റ് എയര്‍വേയ്‌സിന്‍റെ പ്രമോര്‍ട്ടര്‍മാര്‍. നരേഷ് ഗോയലിന്‍റെ ഉടമസ്ഥതതയിലായിരുന്ന എയര്‍ലൈന്‍ 2019 ഏപ്രില്‍ 19-നായിരുന്നു അവസാനമായി സര്‍വീസ് നടത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് 2019 ല്‍ കമ്പനി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്.