ന്യൂഡല്‍ഹി : ബ്രാൻഡ് ഇന്‍റലിജൻസ് ആൻഡ് ഡാറ്റ ഇൻസൈറ്റ് കമ്പനിയായ ട്രസ്‌റ്റ് റിസര്‍ച്ച് അഡ്വൈസറി (ടിആര്‍എ) തയ്യാറാക്കിയ ബ്രാന്‍ഡുകളുടെ റാങ്കിംഗില്‍ ഇന്ത്യയിലെ ഏറ്റവും ശക്തമായ ടെലികോം കമ്പനിയായി റിലയന്‍സ് ജിയോ. ഭാരതി എയര്‍ടെല്‍, വൊഡാഫോണ്‍ ഐഡിയ ലിമിറ്റഡ് എന്നീ കമ്പനികളെ മറികടന്നാണ് ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ പട്ടികയില്‍ ഒന്നാമതെത്തിയത്. ടിആര്‍എയുടെ '2022 ല്‍ ഇന്ത്യയില്‍ ഏറ്റവും മോഹിപ്പിച്ച ബ്രാൻഡുകളുടെ പട്ടിക'യിലാണ് ഇത് വ്യക്തമാക്കുന്നത്.
ജിയോക്ക് തൊട്ടുപിന്നിലായി ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ ലിമിറ്റഡ്, ബിഎസ്എൻഎൽ എന്നിവരുമുണ്ട്. വസ്‌ത്രങ്ങളുടെ വിഭാഗത്തില്‍ അഡിഡാസിനോടാണ് ആളുകള്‍ക്ക് ഏറ്റവും പ്രിയം. നൈക്കി, റെയ്മണ്ട്, അലൻ സോളി, പീറ്റർ ഇംഗ്ലണ്ട് എന്നിവ പിന്നിലായുണ്ട്.
താരങ്ങളിലെ 'താരം': ഓട്ടോമൊബൈല്‍ ബ്രാന്‍ഡുകളില്‍ ബിഎംഡബ്ല്യു തന്നെയാണ് മുമ്പന്‍.പിന്നാലെയായി ടൊയോട്ട, ഹ്യുണ്ടായ്, ഹോണ്ട എന്നിവരും അണിനിരക്കുന്നു. ബാങ്കിംഗ് ആന്‍റ് ഫിനാന്‍ഷ്യല്‍ സര്‍വീസുകളിലേക്ക് കടക്കുമ്പോള്‍ എല്‍ഐസി ബഹുദൂരം മുന്നില്‍ തന്നെയാണുള്ളത്. രണ്ടാമതായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മൂന്നാമതായി ഐസിഐസിഐ ബാങ്കുമുണ്ട്. ഉപഭോക്തൃ വീട്ടുപകരണങ്ങളുടെ ബ്രാന്‍ഡുകളില്‍ കെന്‍റാണ് മുന്നിട്ടുനില്‍ക്കുന്നത്. ലിവ്‌പ്യൂറും ഒകായയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
വീട് ഭരിക്കുന്ന ബ്രാന്‍ഡ് : ഉപഭോക്തൃ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ബ്രാന്‍ഡ് റാങ്കിംഗില്‍ എല്‍ജി, സോണി, സാംസങ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനക്കാര്‍. വ്യത്യസ്‌തമായ സംരംഭങ്ങളുടെ കൂട്ടത്തില്‍ ഐടിസിയാണ് ഒന്നാംസ്ഥാനത്ത്. ടാറ്റയും റിലയന്‍സും പിന്നീടുള്ള സ്ഥാനങ്ങളില്‍ അണിനിരക്കുന്നു. ഊര്‍ജ വിതരണക്കാരുടെ വിഭാഗമായ എനര്‍ജിയില്‍ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) ഒന്നാമതും ഇന്ത്യൻ ഓയിൽ കോർപറേഷന്‍ (ഐഒസി) രണ്ടാമതും അദാനിയുടേത് മൂന്നാം സ്ഥാനത്തുമുണ്ട്. ഭക്ഷ്യവസ്‌തുക്കളും പാനീയങ്ങളും ഉള്‍പ്പെടുന്ന വിഭാഗത്തില്‍ അമുലാണ് ടോപ് ബ്രാന്‍ഡ്. തൊട്ടുപിന്നാലെ നെസ്‌കഫെ.
'വില്‍പന'യാണ് മെയിന്‍ : വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിഭാഗമായ എഫ്എംസിജിയില്‍ ഫോഗാണ് മുന്നില്‍. തൊട്ടുപിന്നാലെയായി ലാക്‌മെ, നിവിയ, കോള്‍ഗേറ്റ് എന്നീ ബ്രാന്‍ഡുകളുമുണ്ട്. ഇനി വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഇലക്‌ട്രിക്കല്‍ ഉത്പന്നങ്ങളില്‍ ഫിലിപ്‌സും, ഉപകരണങ്ങളില്‍ എംഐയും, ആരോഗ്യസംരക്ഷണത്തില്‍ ഹിമാലയയും, ആതുരശുശ്രൂഷയില്‍ ഐടിസി ഹോട്ടലുകളും, നിര്‍മാണ വിഭാഗത്തില്‍ എസിസിയും റിട്ടെയ്‌ല്‍ വിഭാഗത്തില്‍ കെഎഫ്സിയും ടെക്‌നോളജിയില്‍ ഡെല്ലുമാണ് ആദ്യ സ്ഥാനക്കാര്‍. അതേസമയം ഇന്‍റര്‍നെറ്റ് ബ്രാന്‍ഡുകളുടെ റാങ്കിംഗില്‍ ആമസോൺ, ഫേസ്ബുക്ക്, ഫ്ലിപ്‌കാര്‍ട്ട്, ഗൂഗിൾ എന്നിങ്ങനെ പോകുന്നു മുന്‍നിരക്കാര്‍.