ന്യൂഡല്‍ഹി: ആഗോള കയറ്റുമതി രംഗത്ത് നിര്‍ണായക ചുവടുകള്‍ വച്ച് ഇന്ത്യ. ക്രിസ്‌മസ് ചമയങ്ങളുടേയും ടീ ഷര്‍ട്ടുകളുടേയും യുഎസിലേക്കുള്ള കയറ്റുമതിയില്‍ ഇന്ത്യ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തിയിരിക്കുകയാണ്. ഇന്ത്യയുടെ തൊട്ടുപിന്നിലുള്ള ഫിലിപ്പന്‍സിനേക്കാള്‍ കൃത്യമായ മുന്നേറ്റമാണ് രാജ്യം ഉണ്ടാക്കിയത്.
കൂലി വര്‍ധനവും ചൈനയുടെ സിറോ കൊവിഡ് നയത്തിന്‍റെ ഭാഗമായി ആഗോള വിതരണ രംഗത്തുണ്ടാകുന്ന തടസ്സങ്ങളുടേയും പശ്ചാത്തലത്തില്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ആഗോള വിതരണശൃംഖല കൂടുതല്‍ വൈവിധ്യവത്‌കരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ കയറ്റുമതി മേഖല കൂടുതല്‍ ശക്‌തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രിസ്‌മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചരക്കുകളുടെ കയറ്റുമതിയില്‍ മാത്രമല്ല ഇന്ത്യക്ക് നേട്ടമുണ്ടായത്. തൊഴിലാളികള്‍ കൂടുതല്‍ ആവശ്യമായ വ്യവസായ മേഖലകളായ വസ്‌ത്രങ്ങള്‍, കരകൗശല ഉത്‌പന്നങ്ങള്‍, ഇലക്‌ട്രോണിക് ഇതര ഉത്‌പന്നങ്ങള്‍ എന്നിവയുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും വര്‍ധിച്ചിരിക്കുകയാണ്.
2018ല്‍ യുഎസ്-ചൈന വ്യാപര യുദ്ധം ആരംഭിച്ചത് മുതല്‍ ചൈന കേന്ദ്രീകൃതമായ ആഗോള വിതരണശൃംഖലയില്‍ വൈവിധ്യവത്‌കരണം കൊണ്ടുവരാന്‍ അമേരിക്കയടക്കമുള്ള പാശ്ചാത്യ വികസിത രാജ്യങ്ങള്‍ ശ്രമിച്ചുവരികയാണ്. എന്നാല്‍ ഇതിന്‍റെ നേട്ടം ആദ്യഘട്ടത്തില്‍ ഇന്ത്യക്ക് ലഭിച്ചിരുന്നില്ല. വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളായിരുന്നു ചൈനയ്‌ക്ക് നഷ്‌ടപ്പെടുന്ന കയറ്റുമതി ഓര്‍ഡറുകള്‍ സ്വന്തമാക്കിയിരുന്നത്.
എന്നാല്‍ സിറോ കൊവിഡ് തന്ത്രം പിന്തുടരുന്നത് കാരണം ചൈനയില്‍ നിന്നുള്ള പല കയറ്റുമതികളും കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു. ഇതുകാരണം പല പാശ്ചാത്യ കമ്പനികളും ഇന്ത്യന്‍ കമ്പനികള്‍ക്ക് കയറ്റുമതി ഓര്‍ഡറുകള്‍ നല്‍കുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 420 ബില്യണ്‍ ഡോളറിന്‍റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ആദ്യത്തെ അഞ്ച് മാസത്തില്‍ തന്നെ ഇന്ത്യയുടെ കയറ്റുമതി അതിന്‍റെ പകുതിയില്‍ അധികം കടന്നിരിക്കുകയാണ്. ഇന്ത്യയുടെ കയറ്റുമതി ശക്തിപ്പെടുന്നതിന്‍റെ സൂചനയായാണ് ഇതിനെ സാമ്പത്തിക നിരീക്ഷകര്‍ കാണുന്നത്. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്.
ഇന്ത്യയ്‌ക്ക് പരവതാനി വിരിച്ച് പാശ്ചാത്യ രാജ്യങ്ങള്‍: തയ്‌വാന്‍, യൂറോപ്യന്‍ യൂണിയന്‍, യുഎസ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ അവരുടെ വിതരണ ശൃംഖല കൂടുതലായി ഇന്ത്യയിലേക്ക് വ്യാപിക്കാന്‍ തയ്യാറാവുകയാണെന്ന് ഹിൻറിച്ച് ഫൗണ്ടേഷനിലെ ഗവേഷകന്‍ അലക്‌സ് കേപ്രി പറഞ്ഞു. യുഎസ് സര്‍ക്കാര്‍ കണക്കനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ക്രിസ്‌മസ് ചമയ സാധനങ്ങളുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 2020നെ അപേക്ഷിച്ച് 54 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതേകാലയളവില്‍ യുഎസിലേക്കുള്ള ഇന്ത്യയില്‍ നിന്നുള്ള കരകൗശല സാധനങ്ങളുടെ കയറ്റുമതിയില്‍ രേഖപ്പെടുത്തിയ വര്‍ധനവ് 32 ശതമാനമാണ്.
2030ഓടുകൂടി ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ഉള്ള രാജ്യമായി ഇന്ത്യ മാറുമെന്നും ഒരു വര്‍ഷം ലോക വിപണിക്ക് 500 ബില്യണ്‍ ഡോളറിന്‍റെ മൂല്യവര്‍ധനവ് ഇന്ത്യയില്‍ പ്രദാനം ചെയ്യുമെന്നുമാണ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ റിപ്പോര്‍ട്ട്. യുഎസിലേക്കുള്ള കോട്ടണ്‍ ടീ ഷര്‍ട്ട് കയറ്റുമതിയില്‍ ഇന്ത്യ ആദ്യമായി എല്‍ സാല്‍വഡോറിനെ മറികടന്ന് അദ്യത്തെ അഞ്ച് സ്ഥാനത്ത് എത്തികഴിഞ്ഞു. ലോകത്തെ വസ്‌ത്ര കയറ്റുമതി വിപണിയില്‍ ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളുമായാണ് ഇന്ത്യ മല്‍സരിക്കുന്നത്. ഉയിഗിര്‍ മുസ്ലീങ്ങളുടെ മനുഷ്യാവകാശ ലംഘനം ചൂണ്ടികാട്ടി ചൈനയിലെ ഷിന്‍ജിയാങ്ങില്‍ നിന്നുള്ള കോട്ടന്‍ വസ്‌ത്രങ്ങള്‍ പാശ്ചാത്യ രാജ്യങ്ങള്‍ ബഹിഷ്‌കരിക്കുന്നത് ഇന്ത്യക്ക് നേട്ടമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള ഇടത്തരം വന്‍കിട വസ്‌ത്രകയറ്റുമതി സ്ഥാപനങ്ങളില്‍ കയറ്റുമതിയില്‍ 30-40 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2023 മാര്‍ച്ചില്‍ അവസാനിക്കാന്‍ പോകുന്ന ഈ സാമ്പത്തിക വര്‍ഷം ഇതിലും കൂടുതല്‍ വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയിലെ കയറ്റുമതി മേഖല പല പ്രതിസന്ധികളും നേരിടുന്നുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. കൂലി ഇതര ചെലവുകളാണ് പ്രധാന വെല്ലുവിളി. കരാര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടും, നികുതിയുമായി ബന്ധപ്പെട്ടുമുള്ള നിയമങ്ങളാണ് ഇതിന് വഴിവെക്കുന്നത്. ഇന്ത്യന്‍ കയറ്റുമതിയുടെ ശേഷി പൂര്‍ണമായി ഉപയോഗപ്പെടുത്തണമെങ്കില്‍ ഈ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് വിദഗ്‌ധര്‍ പറയുന്നു.