ന്യൂഡല്‍ഹി: ജീവനക്കാരുടെ ശമ്പളം 10 ശതമാനത്തിലധികം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ കമ്പനികള്‍. സാമ്പത്തിക അസ്ഥിരതകള്‍ക്കിടയിലും രാജ്യത്തെ ആട്രിഷന്‍ നിരക്ക് (നിശ്ചിത കാലയളവില്‍ കമ്പനി വിടുന്ന ജീവനക്കാരുടെ എണ്ണം) ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാലാണ് ശമ്പള വര്‍ധന. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ കമ്പനികളുടെ ശരാശരി ശമ്പള വര്‍ധനവ് 10.6 ശതമാനം ആയിരുന്നു.
2023ല്‍ ഇന്ത്യയിലെ ശരാശരി ശമ്പള വര്‍ധനവ് 10.3 ശതമാനമാകുമെന്നാണ് പ്രൊഫഷണല്‍ സര്‍വീസ് സ്ഥാപനമായ അയോണ്‍ ഹെവിറ്റ് ഗ്ലോബല്‍ നടത്തിയ സര്‍വേ പറയുന്നത്. 40 ല്‍ അധികം വ്യവസായങ്ങളില്‍ നിന്നുള്ള 1,400 കമ്പനികളുടെ വിവരങ്ങള്‍ വിശകലനം ചെയ്‌താണ് സര്‍വേ നടത്തിയത് എന്ന് അയോണ്‍ ഹെവിറ്റ് ഗ്ലോബല്‍ അവകാശപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലുതും സമഗ്രവുമായ ശമ്പള സര്‍വേയാണ് ഇത്. ഇന്ത്യയിലെ 28-ാമത് വാർഷിക ശമ്പള വർധന സര്‍വേയാണ് വ്യാഴാഴ്‌ച പുറത്തിറക്കിയത്.
2022 ല്‍ രാജ്യത്തെ ആട്രിഷന്‍ നിരക്ക് 21.4 ശതമാനം ഉയര്‍ന്നതായി അയോണ്‍ ഹെവിറ്റ് ഗ്ലോബല്‍ പ്രസ്‌താവനയില്‍ പറയുന്നു. വർധിച്ചുവരുന്ന സാമ്പത്തിക അനിശ്ചിതത്വവും സാമ്പത്തിക ചാഞ്ചാട്ടത്തെക്കുറിച്ചുള്ള ആശങ്കകളും ഈ വർഷത്തെ ശമ്പള വർധനവിനെ അല്‍പം ബുദ്ധിമുട്ടിലാക്കും എന്നാണ് അയോണ്‍ ഇന്ത്യയുടെ എച്ച് ആര്‍ പാർട്‌ണർ രൂപങ്ക് ചൗധരി പറയുന്നത്. അതേസമയം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യന്‍ കമ്പനികള്‍ ശമ്പളം വര്‍ധിപ്പിച്ചിരുന്നു എന്നും ആ കമ്പനികള്‍ നിലവില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ചൗധരി വ്യക്തമാക്കി. ചില കമ്പനികള്‍ തങ്ങളുടെ തൊഴിലാളികളെ നിലനിര്‍ത്തുന്നതിനായി ശമ്പളവര്‍ധനവ് ആസൂത്രണം ചെയ്യുന്നതായാണ് സര്‍വേയില്‍ പറയുന്നത്.
രാജ്യത്ത് മേഖല അടിസ്ഥാനത്തിലുള്ള ശമ്പള വര്‍ധനവ് വരുന്നു: 2023 ല്‍ രാജ്യത്തെ കമ്പനികള്‍ 10.3 ശതമാനം ശമ്പളം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ഇ കൊമേഴ്‌സ് കമ്പനികള്‍ 12.2 ശതമാനം ശമ്പളം വര്‍ധിപ്പിക്കുമെന്നാണ് കണക്കു കൂട്ടല്‍. പ്രൊഫഷണല്‍ സര്‍വീസ് മേഖലയില്‍ 11.2 ശതമാനം ശമ്പള വര്‍ധനവും പ്രതീക്ഷിക്കുന്നു. അതേസമയം ടെക്‌നോളജി കമ്പനികള്‍ 10. 9 ശതമാനവും ഗ്ലോബല്‍ കാപ്പബിലിറ്റി സെന്‍റര്‍ 10.8 ശതമാനവും ധനകാര്യ സ്ഥാപനങ്ങള്‍ 10.1 ശതമാനവും ശമ്പളം വര്‍ധിപ്പിക്കുമെന്നാണ് സൂചന. മേല്‍പറഞ്ഞ മേഖലകളിലെ ശമ്പള വര്‍ധനവ് രണ്ട് അക്കത്തിലാണെങ്കിലും നിര്‍മാണം, ലൈഫ് സയന്‍സ്, റീട്ടെയില്‍ മേഖലകളില്‍ ശമ്പള വര്‍ധനവ് ഒറ്റ അക്കത്തിലാകാനാണ് സാധ്യത. നിര്‍മാണ മേഖലയിൽ 9.9 ശതമാനവും ലൈഫ് സയൻസസിൽ 9.7 ശതമാനവും റീട്ടെയിൽ 9.7 ശതമാനവും മറ്റ് സേവനങ്ങൾ 9.6 ശതമാനവും ശമ്പള വർധനവ് പ്രതീക്ഷിക്കുന്നതായാണ് സര്‍വേയില്‍ പറയുന്നത്.