ലോകത്ത് പല രാജ്യങ്ങളില്‍ എന്ന പോലെ ഇന്ത്യയിലും വലിയ രീതിയിലുള്ള പണപ്പെരുപ്പം നിലനില്‍ക്കുകയാണ്. പണപ്പെരുപ്പം ചില നിക്ഷേപങ്ങളെ വലിയ രീതിയില്‍ ബാധിക്കും. അതുകൊണ്ട് തന്നെ പണപ്പെരുപ്പത്തില്‍ നിന്ന് നിക്ഷേപങ്ങളെ സംരക്ഷിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടത് പ്രധാനമാണ്.
നിക്ഷേപങ്ങളെ ബുദ്ധിപൂര്‍വം വൈവിധ്യവല്‍ക്കരിക്കുക എന്നതാണ് പണപ്പെരുപ്പത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഉദാഹരണത്തിന് നിങ്ങളുടെ എല്ലാ നിക്ഷേപവും ബാങ്കിലെ സ്ഥിര നിക്ഷേപമാണെങ്കില്‍ പണപ്പെരുപ്പം വലിയ രീതിയില്‍ ഉണ്ടാകുമ്പോള്‍ സംഭവിക്കുന്നത് എന്താണെന്ന് നോക്കാം. ഒരു നിശ്ചിത കാലപരിധിക്കുള്ള നിക്ഷേപത്തിന് നിശ്ചിത പലിശ നിരക്കായിരിക്കും സ്ഥിര നിക്ഷേപത്തിന്. പണപ്പെരുപ്പം വര്‍ധിക്കുന്നതിനനുസരിച്ച് സ്ഥിര നിക്ഷേപത്തിന്‍റെ പലിശ നിരക്ക് വര്‍ധിക്കില്ല.
അങ്ങനെ വരുമ്പോള്‍ സംഭവിക്കുക നിങ്ങളുടെ മുതലിന്‍റെ മൂല്യം കുറയുകയും യഥാര്‍ഥത്തില്‍ ലഭിക്കുന്ന പലിശ കുറയുകയുമാണ് ചെയ്യുക. ഉദാഹരണത്തിന് നിങ്ങളുടെ മുതല്‍ 100 രൂപയാണ് എന്ന് കരുതുക. പണപ്പെരുപ്പം 7 ശതമാനമാണെങ്കില്‍ നിങ്ങളുടെ മുതലിന്‍റെ മൂല്യം ഏഴ് രൂപയായി കുറയുന്നു. അതായത് നൂറ് രൂപയ്‌ക്ക് കിട്ടിയിരുന്ന വസ്‌തുക്കള്‍ വാങ്ങാന്‍ 107 രൂപ കൊടുക്കേണ്ടിവരും എന്നര്‍ഥം.
യഥാര്‍ഥത്തില്‍ ലഭിക്കുന്ന പലിശ എങ്ങനെ കുറയുന്നു എന്ന് നോക്കാം. നിങ്ങളുടെ സ്ഥിര നിക്ഷേപത്തിന് 8ശതമാനമാണ് പലിശ എന്നിരിക്കട്ടെ. അപ്പോഴത്തെ പണപ്പെരുപ്പം 4 ശതമാനമാണെങ്കില്‍ നിങ്ങള്‍ക്ക് പണപ്പെരുപ്പം കിഴിച്ച് യഥാര്‍ഥത്തില്‍ ലഭിക്കുന്ന പലിശ നാല് ശതമാനമാണ്. എന്നാല്‍ അടുത്തവര്‍ഷം പണപ്പെരുപ്പം ഏഴ് ശതമാനമായി വര്‍ധിച്ചാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന യഥാര്‍ഥ പലിശ ഒരു ശതമാനമാണ്. അതായത് യഥാര്‍ഥ പലിശ നാല് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറഞ്ഞെന്നര്‍ഥം. ഏതൊരു നിക്ഷേപപദ്ധതി തെരഞ്ഞെടുക്കുമ്പോഴും നിങ്ങള്‍ ലക്ഷ്യം വയ്ക്കേണ്ടത് പണപ്പെരുപ്പ നിരക്കിന്‍റെ രണ്ട് മുതല്‍ മൂന്ന് ശതമാനം കൂടുതല്‍ അതില്‍ നിന്ന് റിട്ടേണ്‍ ലഭിക്കണമെന്നാണ്.
സ്വര്‍ണത്തിലുള്ള നിക്ഷേപം സുരക്ഷിതം: പണപ്പെരുപ്പത്തില്‍ നിന്ന് പ്രതിരോധം നല്‍കുന്ന നിക്ഷേപങ്ങളില്‍ ഒന്നാണ് സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത്. ഉയര്‍ന്ന പണപ്പെരുപ്പം സമ്പദ്‌വ്യവസ്ഥയെ ദുര്‍ബലമാക്കും. അപ്പോള്‍ ഭൂരിഭാഗം സാമ്പത്തിക ആസ്ഥികളും അസ്ഥിരമാകുന്ന അവസ്‌ഥയുണ്ടാകും. ആ ഒരു സാഹചര്യത്തില്‍ സുരക്ഷിതമായ ഒരു നിക്ഷേപമാണ് സ്വര്‍ണത്തിലെ നിക്ഷേപം.
സ്വര്‍ണത്തില്‍ നിന്നുള്ള നിക്ഷേപത്തില്‍ നിന്ന് വലിയ റിട്ടേണ്‍ ലഭിക്കണമെന്നില്ല. നേരിട്ട് സ്വര്‍ണം വാങ്ങാതെ തന്നെ ഗോള്‍ഡ് ഇടിഎഫ്(exchange traded funds) എസ്‌ജിബി(sovereign gold bonds) എന്നിവയില്‍ നിക്ഷേപിക്കാവുന്നതാണ്. എസ്‌ജിബിയിലെ നിക്ഷേപത്തിന് 2.5 ശതമാനം വാര്‍ഷിക റിട്ടേണും ലഭിക്കുന്നുണ്ട്. എസ്‌ജിബിയിലെ നിക്ഷേപത്തിന് മൂലധന വര്‍ധന നികുതി(capital gains tax) ഈടാക്കുന്നില്ല.
ഓഹരികളിലെ നിക്ഷേപം: നേരിട്ട് ഓഹരികളില്‍ നിക്ഷേപിക്കുന്നതാവട്ടെ മ്യൂച്ചല്‍ ഫണ്ടുകളിലെ നിക്ഷേപമാവട്ടെ ഓഹരി വിപണികളിലെ ഹ്രസ്വകാല നിക്ഷേപങ്ങള്‍ വളരെ ചാഞ്ചാട്ടം നിറഞ്ഞതാണ്. പണപ്പെരുപ്പം കമ്പനികളുടെ വരുമാനത്തെ മോശമായി ബാധിക്കുന്നതുകൊണ്ട് തന്നെ ഇവയുടെ ഓഹരി മൂല്യം ഇടിയുകയും നിക്ഷേപകര്‍ക്ക് നഷ്‌ടം സംഭവിക്കുകയും ചെയ്യും. എന്നാല്‍ ദീര്‍ഘകാലത്തേക്ക് ഓഹരി വിപണികളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നല്ല റിട്ടേണ്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
എസ്‌ഐപിയില്‍( Structured Investment Scheme) നിക്ഷേപിക്കുന്നത് തരതമ്യേന സുരക്ഷിതമാണ്. ഓഹരി വിപണികളിലെ നിക്ഷേപം വൈവിധ്യവല്‍ക്കരിച്ചാല്‍ വലിയ നഷ്‌ടമുണ്ടാകുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഓഹരി വിപണികളിലെ നിക്ഷേപത്തില്‍ വലിയ ലാഭം ലഭിക്കും എന്നത് പോലെ വലിയ നഷ്‌ടം സംഭവിക്കും എന്നുള്ള കാര്യവും ഓര്‍ത്തിരിക്കണം.
എത്രമാത്രം നഷ്‌ടം സഹിക്കാന്‍ നിങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് സ്വയം മനസിലാക്കാണം. നിക്ഷേപത്തിനായി നീക്കിവച്ച എല്ലാ പണവും ഓഹരികളില്‍ നിക്ഷേപിക്കുന്നത് അനുചിതമാണ്. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുമ്പോഴാണ് പലപ്പോഴും പണപ്പെരുപ്പ നിരക്കിനേക്കാള്‍ മുകളിലുള്ള റിട്ടേണ്‍ ലഭിക്കുന്നത്. ആദ്യമായാണ് നിങ്ങള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതെങ്കില്‍ നേരിട്ട് ഓഹരികളില്‍ നിക്ഷേപിക്കാതെ മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതായിരിക്കും ഉചിതം.
ആര്‍ഇഐടി(Real Estate Investment Trust)കളിലെ നിക്ഷേപം: സ്വര്‍ണംവാങ്ങാതെ തന്നെ ഗോള്‍ഡ് ഇടിഎഫിലൂടെയും എസ്‌ജിബിയിലുടെയും സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കും എന്നുള്ളതുപോലെ തന്നെ ആര്‍ഇഐടിയിലൂടെ നമുക്ക് റിയല്‍എസ്‌റ്റേറ്റുകളില്‍ നിക്ഷേപിക്കാം. റിയല്‍എസ്റ്റേറ്റില്‍ നേരിട്ട് നിക്ഷേപിക്കണമെങ്കില്‍ വലിയ പണം വേണ്ടിവരും എന്നാല്‍ വളരെ കുറഞ്ഞ തുകയും ആര്‍ഇഐടിയില്‍ നിക്ഷേപിക്കാം. മ്യൂച്ചല്‍ ഫണ്ടുകള്‍ പോലെയാണ് ആര്‍ഇഐടികള്‍ പ്രവര്‍ത്തിക്കുന്നത്.
ഒരു മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന പണം ഓഹരികളില്‍ നിക്ഷേപിക്കുന്നതുപോലെ ഒരു ആര്‍ഇഐടി നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന പണം വരുമാനം ഉണ്ടാക്കുന്ന റിയല്‍ എസ്റ്റേറ്റുകളില്‍ നിക്ഷേപിക്കുകയും നിക്ഷേപകര്‍ക്ക് ഡിവിഡന്‍റ് നല്‍കുകയും ചെയ്യുന്നു. പണപ്പെരുപ്പം കൂടുന്ന സമയത്ത് സാധരണഗതിയില്‍ ആര്‍ഇഐടി നിക്ഷേപത്തില്‍ നിന്ന് നല്ല റിട്ടേണ്‍ ലഭിക്കും.
അതിന് കാരണം പണപ്പെരുപ്പം വര്‍ധിക്കുമ്പോള്‍ റിയല്‍എസ്‌റ്റിന്‍റ വില വര്‍ധിക്കുന്നു എന്നുള്ളതാണ്. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന് നോക്കാം: പണപ്പെരുപ്പം വര്‍ധിക്കുമ്പോള്‍ കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിക്കുകയും റിസര്‍വ് ബാങ്ക് പലിശ നിരക്ക് ഉയര്‍ത്തുകയും ചെയ്യുന്നു. റിസര്‍വ് ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ ഭവന വായ്‌പകളുടെ പലിശയും വര്‍ധിക്കുന്നു. ഈ രണ്ട് കാര്യങ്ങളും(നിര്‍മാണ സാമഗ്രികളുടെ വില വര്‍ധന, ഭവനവായ്‌പകളുടെ പലിശ വര്‍ധന) റിയല്‍എസ്‌റ്റേറ്റുകളുടെ വില വര്‍ധിപ്പിക്കുന്നു. ആര്‍ഇഐടിയില്‍ നിക്ഷേപിക്കുന്നതിന് മുമ്പ് അത് കൈവശം വച്ചിരിക്കുന്ന റിയല്‍ എസ്‌റ്റേറ്റുകള്‍ അസറ്റുകള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കണം.