തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപടികൾ കാര്യക്ഷമമാക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ ഗസ്റ്റ് ആപ്പ് (GUESTAPP) എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചു. ഗസ്റ്റ് ആപ്പിൻ്റെ സംസ്ഥാനതല ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ഉദ്യോഗസ്ഥര്‍ക്ക് തൊഴിലിടങ്ങളിൽ നേരിട്ട് ചെന്ന് മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം ഗസ്റ്റ് ആപ്പില്‍ (GUESTAPP) ഒരുക്കിയിട്ടുണ്ട്.
ആപ്ലിക്കേഷൻ മുഖേന രജിസ്ട്രേഷൻ ചെയ്യുന്ന തൊഴിലാളികൾക്ക് ഐഡി കാർഡ് വാട്‌സ് ആപ്പ് നമ്പരിൽ തന്നെ ലഭ്യമാകുന്ന സാങ്കേതിക സംവിധാനവും ആപ്ലിക്കേഷനിൽ ലഭ്യമാണ്. 2010 ൽ ആരംഭിച്ച കേരള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ ഇതുവരെ 58,888 അതിഥി തൊഴിലാളികളാണ് അംഗങ്ങളായുള്ളത്. കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെല്‍ഫയര്‍ ബോർഡിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
അപേക്ഷകൾ പൂരിപ്പിച്ച് നൽകുന്നതിനും ഫോട്ടോ നൽകുന്നതിനും അതിഥി തൊഴിലാളികൾ വിമുഖത കാണിക്കുന്നതുകൊണ്ടാണ് രജിസ്ട്രേഷൻ കുറയുന്നതെന്ന് ബോർഡ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷനിൽ പുരോഗതി കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ഗസ്റ്റ് ആപ്പ് (GUESTAPP) വികസിപ്പിച്ചിരിക്കുന്നത്. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയുടെ വിവിധ ആനുകൂല്യങ്ങൾ അതിഥി തൊഴിലാളികൾക്ക് ലഭ്യമാക്കുന്നതിനും ഈ സംരംഭം സഹായകമാകും.