ന്യൂഡൽഹി: മാനദണ്ഡങ്ങൾ ലംഘിച്ച് ഗാർഹിക പ്രഷർ കുക്കറുകൾ വിറ്റതിന് ഇ-കൊമോഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്‌കാർട്ടിന് പിഴ ചുമത്തി സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ). 1,00,000 ലക്ഷം രൂപ പിഴ അടയ്‌ക്കാനാണ് ഉത്തരവ്. നിലവാരമില്ലെന്നു കണ്ടെത്തിയ 598 പ്രഷർ കുക്കറുകൾ വാങ്ങിയ എല്ലാ ഉപഭോക്താക്കളെയും ഇക്കാര്യം അറിയിക്കാനും പ്രഷർ കുക്കറുകൾ തിരിച്ചുവിളിക്കാനും അവയുടെ വില ഉപഭോക്താക്കൾക്ക് തിരികെ നൽകാനും 45 ദിവസത്തിനുള്ളിൽ അതിന്‍റെ കംപ്ലയിന്‍റ്സ് റിപ്പോർട്ട് സമർപ്പിക്കാനും കമ്പനിക്ക് നിർദ്ദേശം നല്‍കി.
കേന്ദ്രസർക്കാരിന്‍റെ ഗുണനിലവാരം സംബന്ധിച്ച ഉത്തരവുകൾ: കേടുപാടുകൾക്കും ദോഷങ്ങൾക്കുമുള്ള അപകടസാധ്യതകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വലിയതോതിൽ ജനങ്ങളുടെ താൽപ്പര്യം മുൻനിർത്തിയും ഒരു ഉൽപന്നത്തിന് സ്റ്റാൻഡേർഡ് മാർക്കിന്‍റെ മാനദണ്ഡവും ഉപയോഗവും നിർബന്ധമായും അനുസരിക്കണമെന്ന് വ്യക്തമാക്കുന്ന ക്വാളിറ്റി കൺട്രോൾ ഓർഡറുകൾ കേന്ദ്രസർക്കാർ കാലാകാലങ്ങളിൽ പുറത്തിറക്കാറുണ്ടെന്നും സിസിപിഎ പറഞ്ഞു. 2021 ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന ഡൊമസ്റ്റിക് പ്രഷർ കുക്കർ ഉത്തരവ് പ്രകാരം എല്ലാ പ്രഷർകുക്കറുകൾക്കും IS 2347:2017 മാർക്ക് ഉണ്ടായിരിക്കണമെന്ന് സിസിപിഎ ചീഫ് കമ്മീഷണർ നിധി ഖാരെ പറഞ്ഞു.
കൂടാതെ, പ്രഷർ കുക്കറുകൾ ഓൺലൈനായോ ഓഫ്‌ലൈനായോ വിൽപനയ്‌ക്ക് വെയ്‌ക്കുന്നതിന് മുൻപ് സൂഷ്‌മ പരിശോധന ആവശ്യമാണ്. ഉൽപന്നത്തിന്‍റെ ഇൻവോയിസിൽ പ്രധാനപ്പെട്ട വിവരങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം. ഇ-കൊമേഴ്‌സ് വിപണിയിലൂടെ ഇത്തരം നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിറ്റതിലൂടെ ഫ്ലിപ്‌കാർട്ട് 1,84,263 രൂപ സമ്പാദിച്ചതായും അധികൃതർ അറിയിച്ചു.
Also read: അടിമുടി മാറാൻ ബിഎസ്‌എൻഎൽ: 1.64 ലക്ഷം കോടിയുടെ പുനരുജ്ജീവന പാക്കേജ് അനുവദിച്ചു