ന്യൂഡല്‍ഹി: കൊവിഡ് കാരണമുള്ള സാമ്പത്തിക മുരടിപ്പില്‍ നിന്ന് രാജ്യങ്ങള്‍ കരകയറി വരുന്നതിനിടയിലാണ് യുക്രൈന്‍ റഷ്യ യുദ്ധം കഴിഞ്ഞ ഫെബ്രുവരി 24ന് പൊട്ടിപുറപ്പെടുന്നത്. യുദ്ധം വിതച്ച സാമ്പത്തിക അനന്തരഫലങ്ങള്‍ അതിര്‍ത്തികള്‍ ഭേദിച്ച് ലോകരാജ്യങ്ങളിലേക്ക് പടരുകയായിരുന്നു. ലോകവ്യാപകമായി സാമ്പത്തിക ദുഷിതവലയം(vicious circle) രൂപപ്പെടാന്‍ യുദ്ധം കാരണമായി.
പല രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുമെന്ന് ലോകബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ വര്‍ഷത്തെ (2022) ലോക സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച നിരക്ക് കഴിഞ്ഞ വര്‍ഷത്തെ 5.7 ശതമാനത്തില്‍ നിന്ന് 2.9 ശതമാനമായി കുറയുമെന്നാണ് ലോക ബാങ്ക് കണക്കാക്കുന്നത്. ഈ ദശാബ്ദത്തിലെ (2020-2030) അവശേഷിക്കുന്ന വര്‍ഷങ്ങളില്‍ ലോക സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച നിരക്ക് കഴിഞ്ഞ ദശാബ്‌ദത്തിലെ ശരാശരി വളര്‍ച്ച നിരക്കിനേക്കാള്‍ കുറവായിരിക്കുമെന്നും ലോക ബാങ്കിന്‍റെ ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്റ്റ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നീണ്ടുനില്‍ക്കുന്ന സാമ്പത്തിക വളര്‍ച്ച മുരടിപ്പ്: സൗദി അറേബ്യ പോലുള്ള ഏതാനും ക്രൂഡ് ഓയില്‍ കയറ്റുമതിചെയ്യുന്ന രാജ്യങ്ങള്‍ ഒഴിച്ച് മറ്റെല്ലാ രാജ്യങ്ങളുടേയും സാമ്പത്തിക രംഗം ഇടര്‍ച്ചയില്‍ ആയിരിക്കും. ലോകത്ത് ഏഴ് കോടി അമ്പത് ലക്ഷം ആളുകള്‍ അധികമായി അതിദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തും. കൊവിഡിന് മുമ്പുള്ളതില്‍ നിന്ന് വികസ്വര രാജ്യങ്ങളിലെ പ്രതിശീര്‍ഷ വരുമാനം അഞ്ച് ശതമാനത്തില്‍ താഴുമെന്നും ലോകബാങ്കിന്‍റെ റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു.
യുക്രൈനും റഷ്യയും ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ പെട്ടവയാണ്. യുദ്ധം യുക്രൈനില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വലിയൊരളവില്‍ കുറച്ചിരിക്കുകയാണ്. ഇത് ആഗോള രംഗത്ത് ഭക്ഷ്യവസ്‌തുക്കളുടെ വില വലിയ രീതിയില്‍ ഉയരുന്നതിലേക്ക് വഴിവച്ചു.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളും പ്രകൃതിവാതകവും കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് റഷ്യ. ഈ കാരണത്താല്‍ ലോകത്ത് ഇന്ധനങ്ങളുടെ വിലയും വലിയ രീതിയില്‍ ഉയര്‍ത്തിയിരിക്കുകയാണ് യുദ്ധം. ഭക്ഷ്യ-ഇന്ധനങ്ങളുടെ വിലക്കയറ്റം ലോകത്താകമനം പണപ്പെരുപ്പം വര്‍ധിക്കാന്‍ കാരണമായി.
പല വികസിത രാജ്യങ്ങളിലും പണപ്പെരുപ്പം കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. പണപ്പെരുപ്പമാണ് ലോകത്തെ വലയം ചെയ്‌തുകൊണ്ടുള്ള ഇപ്പോഴത്തെ സാമ്പത്തിക ദൂഷിത വലയം രൂപപ്പെടാന്‍ കാരണമായത്. പണപ്പെരുപ്പം നിയന്ത്രിക്കാനായി രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുകയാണ്. പലിശ നിരക്ക് ഉയര്‍ന്നിരിക്കുമ്പോള്‍ സംഭവിക്കുക സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയലാണ്. ഇതെങ്ങനെയാണെന്ന് നോക്കാം.
സാമ്പത്തിക വളര്‍ച്ചയും പലിശനിരക്കും ഉള്‍പ്പെട്ട ദൂഷിത വലയം: പലിശ നിരക്ക് കൂടുമ്പോള്‍ ആളുകള്‍ വായ്‌പയെടുത്ത് നടത്തുന്ന ഉപഭോഗം കുറയ്‌ക്കും. ഇങ്ങനെ സമ്പദ്‌വ്യവസ്ഥയില്‍ ഉപഭോഗം കുറയുമ്പോള്‍ കമ്പനികള്‍ ഉല്‍പ്പാദനം കുറയ്‌ക്കുകയും തല്‍ഫലമായി ജോലി ലഭ്യത കുറയുകയും ചെയ്യുന്നു. ഇങ്ങനെ ജോലി ലഭ്യത കുറയുമ്പോള്‍ ആളുകളുടെ വരുമാനം കുറയുകയും അത് വീണ്ടും ഉപഭോഗത്തെ കുറയ്‌ക്കുകയും ചെയ്‌ത് ഒരു ദൂഷിത വലയം രൂപപ്പെടുന്നു.
ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങള്‍ നേരിടുന്ന യുദ്ധം വിതച്ച മറ്റൊരു ദൂഷിത വലയം ഓഹരിവിപണികളില്‍ നിന്ന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ പെട്ടെന്നുള്ള പിന്‍മാറ്റമാണ്.ഇതിന് പ്രധാന കാരണം അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതാണ്. ഫെഡറല്‍ റിസര്‍വ് പലിശ ഉയര്‍ത്തിയത് യുഎസിലെ വിലക്കയറ്റം നിന്ത്രിക്കാനാണ്.
ലോകത്തെ ഉയര്‍ന്ന പലിശ വികസ്വര രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം കുറയ്‌ക്കുന്നു: ഓഹരിവിപണിയില്‍ നിന്ന് പെട്ടെന്ന് വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രത്യാഘാതം ആഭ്യന്തര കറന്‍സിയുടെ മൂല്യം കുറയലാണ്. ഇതിന് കാരണം വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുമ്പോള്‍ ഡോളറിന്‍റെ ആവശ്യകത കൂടുകയും തല്‍ഫലമായി ആഭ്യന്തര കറന്‍സിക്കെതിരെ ഡോളറിന്‍റെ മൂല്യം കൂടുകയും ചെയ്യുന്നതാണ്. ഒരു വസ്‌തുവിന്‍റെ ആവശ്യകത വര്‍ധിക്കുമ്പോള്‍ ആ വസ്‌തുവിന്‍റെ വില വര്‍ധിക്കുമെന്ന സാമ്പത്തിക തത്വമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
സ്റ്റാഗ്‌ഫ്ലേഷനിലേക്ക് പോകുമോ എന്നുള്ള ആശങ്ക: കറന്‍സിയുടെ മൂല്യം കുറയുമ്പോള്‍ ഇറക്കുമതി ചെലവ് വര്‍ധിക്കുകയും അത് ആഭ്യന്തര വിപണിയില്‍ വിലക്കയറ്റം സൃഷ്‌ടിക്കുകയും ചെയ്യുന്നു. ആഗോളതലത്തില്‍ പലിശ ഉയര്‍ന്നത് കൊണ്ട് തന്നെ രാജ്യങ്ങളുടെ വായ്‌പകളിന്‍ മേലുള്ള പലിശ കൂടുന്നു. കൊവിഡ് കാരണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കടം വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത് വലിയ ഭാരമാണ് രാജ്യങ്ങള്‍ക്ക് ഉണ്ടാക്കുന്നത്. ദുര്‍ബല വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സഹായം എത്തിക്കുന്നതിന് ഇത് സര്‍ക്കാരുകള്‍ക്ക് പ്രതിബന്ധം സൃഷ്‌ടിക്കും.
ഇന്ധനങ്ങള്‍ക്കും ഭക്ഷ്യവസ്‌തുക്കള്‍ക്കുമൊക്കെ വില വര്‍ധിച്ചത് അവയുടെ വിതരണത്തില്‍ വന്ന കുറവ് കൊണ്ടാണ്. അതുകൊണ്ട്തന്നെ പലിശ നിരക്ക് ഉയര്‍ത്തിയത്‌കൊണ്ട് ഇവയുടെ വില വര്‍ധനവ് ഒരു പരിധിക്കപ്പുറം പിടിച്ച് നിര്‍ത്താന്‍ സാധിക്കില്ല. ഈ ഒരു സാഹര്യത്തില്‍ സ്റ്റാഗ്ഫ്ലേഷന്‍(Stagflation) എന്ന അവസ്ഥയിലേക്ക് പോകുമെന്ന ആശങ്കയാണ് ഉള്ളത്. വിലക്കയറ്റം ഉയര്‍ന്ന് തന്നെ നില്‍ക്കുകയും അതേസമയം സാമ്പത്തിക വളര്‍ച്ച താഴ്‌ന്നും നില്‍ക്കുന്ന അവസ്ഥയാണ് സ്റ്റാഗ്ഫ്ലേഷന്‍.