ഹൈദരാബാദ്: ഇന്നത്തെ ഉപഭോക്തൃ ലോകത്ത് വരുമാനത്തിനൊപ്പം ചെലവും നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് ലോണ്‍ എടുത്ത് വീട് വയ്‌ക്കുന്നതും കാര്‍ വാങ്ങുന്നതും മൊബൈല്‍ ഫോണ്‍ വാങ്ങുന്നതുമെല്ലാം ഒരു സാധാരണ ശീലമായി മാറിയിരിക്കുകയാണ്. ഇതിനായി ആളുകള്‍ അമിതമായി വ്യക്തിഗത ലോണുകളും ക്രെഡിറ്റ് കാര്‍ഡുകളും ഉപയോഗിക്കുന്നു. എന്നാല്‍, പലരും പിന്നാലെ കടക്കെണിയിലേക്ക് വീഴുന്നു.
അടുത്ത കാലങ്ങളില്‍ നമുക്ക് ആവശ്യമെങ്കിലും ഇല്ലെങ്കിലും വലിയ തുക ലോണായി തരാന്‍ തയ്യാറായി നില്‍ക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. ഇത്തരം ലോണുകള്‍ തന്നെയാണ് നമ്മുടെ കഴുത്തിന് ചുറ്റും ഒരു കുരുക്കായി മാറുന്നത്. ഇത്തരം ലോണുകള്‍ എടുക്കുന്നത് മുതല്‍ അവസാന ഇഎംഐ അടയ്‌ക്കുന്നത് വരെ അതീവ ജാഗ്രത വേണം.
ഭവന ലോണിന്‍റെ പലിശ നിരക്ക് ഇപ്പോള്‍ 8.40 മുതല്‍ 8.65 ശതമാനം വരെയാണ്. റിപ്പോ നിരക്ക് നാല് ശതമാനം മാത്രമുള്ളപ്പോള്‍ ഇത് ഏഴ് ശതമാനത്തിന് താഴെ മാത്രമായിരുന്നു. എന്നാല്‍ ആവശ്യത്തിലധികം ലോണുകള്‍ എടുക്കുന്ന ആളുകളും നമുക്കിടയിലുണ്ട്. ഇപ്പോള്‍ പലിശ നിരക്ക് ഉയര്‍ന്നപ്പോള്‍ ഇഎംഐ നിരക്കും വര്‍ധിച്ചു.
ലോണെടുക്കുമ്പോള്‍ ഭാവിയിലെ പലിശ നിരക്ക് കണക്കാക്കണം: ഇനി ഒരു ലോണ്‍ എടുക്കുകയാണെങ്കില്‍ ഭാവിയിലെ പലിശ നിരക്കും കൂടി കണക്കാക്കേണ്ടതുണ്ട്. ലോണുകളും കടങ്ങളും കൈകാര്യം ചെയ്യാനുള്ള പദ്ധതി നമുക്കാവശ്യമാണ്. ഉയര്‍ന്ന അളവില്‍ ലോണ്‍ എടുക്കാന്‍ പ്രാപ്‌തരാണെങ്കിലും നമ്മള്‍ ആവശ്യത്തിന് അനുസരിച്ച് മാത്രവെ ലോണ്‍ എടുക്കാവു.
ഒരു വ്യക്തിയുടെ വരുമാനത്തിന്‍റെ 40 മുതല്‍ 50 ശതമാനം വരെയായിരിക്കണം തിരിച്ചടയ്‌ക്കേണ്ട ലോണ്‍ തുകയുടെ തവണകള്‍ എന്ന് സാമ്പത്തിക തത്വങ്ങളില്‍ പറയുന്നു. 40 ശതമാനത്തില്‍ താഴെയാണെങ്കില്‍ വളരെ നല്ലത്. വന്‍ തുകയാണ് ലോണ്‍ എടുക്കുന്നതെങ്കില്‍ അത് കൈകാര്യം ചെയ്യാന്‍ വളരെയധികം പ്രയാസകരമായിരിക്കും.
തിരിച്ചടയ്‌ക്കേണ്ട തുക വര്‍ധിച്ചാല്‍ ബാക്കി ചെലവുകള്‍ക്ക് മുടക്കം വരും. വരുമാനത്തിന്‍റെ 40 ശതമാനത്തിനുള്ളില്‍ നിന്നുകൊണ്ട് എങ്ങനെ ലോണ്‍ എടുക്കാം എന്ന് ചിന്തിക്കണം. ഉയര്‍ന്ന പലിശയുള്ള വ്യക്തിഗത ലോണുകളും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ലോണുകളും വളരെ എളുപ്പത്തില്‍ ലഭിക്കും.
പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് ഇത്തരം ലോണുകള്‍ ഒരു പരിഹാരം തന്നെയാകും എന്നതില്‍ സംശയമില്ല. എന്നാല്‍ നീണ്ട കാലയളവില്‍ ഇത്തരം ലോണുകള്‍ തുടര്‍ന്നുപോകുന്നത് വളരെയധികം ദോഷം ചെയ്യും. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്‌മെന്‍റ് വര്‍ധിക്കുകയാണെങ്കില്‍ ചെലവുകള്‍ കുറയ്‌ക്കേണ്ടി വരും.
വേഗത്തില്‍ ലോണ്‍ തിരിച്ചടയ്‌ക്കുക: ഇവയെല്ലാം നിയന്ത്രിക്കാന്‍ ചിട്ടയായ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതുണ്ട്. ഇതിനായി കുറഞ്ഞ പരിധിയിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ മാത്രം ഉപയോഗിക്കുക. മാത്രമല്ല വലിയ തുക ലോണ്‍ എടുക്കുകയാണെങ്കില്‍ എത്രയും വേഗം അത് തിരിച്ചടയ്‌ക്കാന്‍ ശ്രദ്ധിക്കുക.
കടത്തില്‍ നിന്നും രക്ഷ നേടണമെങ്കില്‍ നമ്മള്‍ ശരിയായ രീതിയില്‍ ലോണ്‍ തിരഞ്ഞെടുക്കണം. നീണ്ട കാലയളവിലുള്ള ഹോം ലോണുകളിൽ ഓരോ വർഷവും കുറഞ്ഞത് നാല് അധിക ഇഎംഐകളെങ്കിലും അടയ്‌ക്കുന്നതാണ് മികച്ച മാര്‍ഗം. ഏതെങ്കിലും കാരണവശാല്‍ ഇഎംഐ അടയ്‌ക്കുന്നത് വൈകിയാല്‍ സ്ഥാപനങ്ങള്‍ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ പിഴ ഈടാക്കും.
ഇത് പലതവണ ആവര്‍ത്തിച്ചാല്‍ നമ്മുടെ സിബില്‍ സ്‌കോറിനെ ഇത് ബാധിക്കും. ഇഎംഐയുടെ കാര്യത്തില്‍ മാത്രമല്ല അടയ്‌ക്കേണ്ട അവസാന ദിവസമാകുമ്പോള്‍ മാത്രമെ വൈദ്യുതി ബില്ലും, ഫോണ്‍ ബില്ലും തുടങ്ങി മറ്റെല്ലാ ബില്ലുകളും നമ്മള്‍ അടയ്‌ക്കുകയുള്ളു. ഇവയെല്ലാം ചെറിയ തുകയല്ലെ എന്ന് കരുതി അടയ്‌ക്കാതിരുന്നാല്‍ വലിയ നഷ്‌ടപരിഹാരം നല്‍കേണ്ടിവരും.
അമിതമായ ചെലവ് നിയന്ത്രിക്കാന്‍ സാധിച്ചാല്‍ മാത്രമെ സാമ്പത്തിക അഭിവൃദ്ധി ലഭിക്കുകയുള്ളു. ഇതിനായി ഒരു വ്യക്തി മാത്രമല്ല ഒരു കുടുംബം മുഴുവനും സാമ്പത്തികമായി ഒരു ചാര്‍ട്ട് ഉണ്ടാക്കേണ്ടതുണ്ട്. കട ബാധ്യത ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളും കണ്ടെത്തേണ്ടതുണ്ട്.
വായ്‌പകള്‍ അതിവേഗം തിരിച്ചടച്ചാല്‍ വരുമാനം ആവശ്യമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സാവധാനം വായ്‌പയടച്ച് കടത്തിലേക്ക് നീങ്ങുന്നതിന് പകരം നേരത്തെ തന്നെ വായ്‌പകള്‍ തിരിച്ചടക്കുകയാണെങ്കില്‍ ദിവസേനയുള്ള ചെലവുകള്‍ക്ക് വലിയ തുക തന്നെ നീക്കിവയ്‌ക്കാന്‍ സാധിക്കും.