ന്യൂഡല്‍ഹി: ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറും ഭര്‍ത്താവ് ദീപക് കൊച്ചാറും അറസ്‌റ്റില്‍. വീഡിയോകോണ്‍ ഗ്രൂപ്പ് കമ്പനിയ്‌ക്ക് ബാങ്ക് അനുവദിച്ച വായ്‌പയില്‍ തട്ടിപ്പും ക്രമക്കേടും കാണിച്ചുവെന്ന് ആരോപിച്ചാണ് സിബിഐ അറസ്‌റ്റ് ചെയ്‌തത്. സിബിഐയുടെ ആസ്ഥാനത്ത് ഇരുവരെയും വിളിച്ച് ചോദ്യം ചെയ്‌തതിന് ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
അന്വേഷണവുമായി ഇരുവരും സഹകരിക്കുന്നില്ലെന്നും പ്രതികരണങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുകയാണെന്നും സിബിഐ പറഞ്ഞു. ഇരുവരെയും ഇന്ന് സിബിഐയുടെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. മെഡിക്കല്‍ പരിശോധനയ്‌ക്ക് ശേഷം ഏജന്‍സിയുടെ തലസ്ഥാനത്തെ ഗ്രൗണ്ട് ഫ്ലോറിലെ വിവിധ ലോക്കപ്പുകളില്‍ പ്രവേശിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും: വീഡിയോകോണ്‍ ഗ്രൂപ്പിന്‍റെ വേണുഗോപാല്‍ ദൂത് ഉള്‍പ്പെട്ട കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഏജന്‍സി. 2019ലെ അഴിമതി നിരോധന നിയമപ്രകാരവും ഐപിസിയിലെ ക്രമിനല്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. വീഡിയോകോണ്‍ ഗ്രൂപ്പിന്‍റെ കമ്പനികള്‍ക്ക് ഐ.സി.ഐ.സി.ഐ ബാങ്ക് 3,250 കോടി രൂപയുടെ വായ്‌പ അനുവദിച്ചിരുന്നു. ക്വിഡ് പ്രോക്കോയുടെ ഭാഗമായി, സുപ്രീം എനർജി പ്രൈവറ്റ് ലിമിറ്റഡ് വഴി ധൂത് ന്യൂപവർ റിന്യൂവബിൾസിൽ 64 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നും 2010നും 2012 നുമിടയിൽ സർക്യൂട്ട് റൂട്ടിലൂടെ ദീപക് കൊച്ചാറിന്‍റെ നിയന്ത്രണത്തിലുള്ള പിനാക്കിൾ എനർജി ട്രസ്റ്റിന് സുപ്രീം എനർജി പ്രൈവറ്റ് ലിമിറ്റഡ് പണം കൈമാറിയെന്നും എഫ്ഐആറില്‍ പറയുന്നു.
ചന്ദ കൊച്ചാര്‍ ഐ.സി.ഐ.സി.ഐ ബാങ്കില്‍ സിഇഒ ആയിരുന്ന 2009-2011 കാലയളവിൽ വീഡിയോകോൺ ഗ്രൂപ്പിനും അനുബന്ധ കമ്പനികൾക്കുമായി 1,875 കോടി രൂപയുടെ ആറ് വായ്‌പകൾ അനുവദിച്ചു. തുടര്‍ന്ന് 2009 ഓഗസ്‌റ്റ് 26ന് വീഡിയോകോണ്‍ ഇന്‍റര്‍നാഷണല്‍ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡ് 300 കോടിയും 2011 ഒക്‌ടോബര്‍ 31ന് വീഡിയോകോണ്‍ ഇന്‍റസ്‌ട്രീസ് ലിമിറ്റഡിന് 750 കോടി രൂപയുമാണ് അനുവദിച്ചത്. ബാങ്കിന്‍റെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് വായ്‌പ നല്‍കിയതെന്നാണ് ആരോപണം.
ബാങ്കിന് നഷ്‌ടം വന്‍ തുക: ബാങ്കിന് 1,730 കോടി രൂപയുടെ നഷ്‌ടത്തിന് കാരണമായ നിഷ്‌ക്രിയ ആസ്‌തികളാണ് അധികമെന്നുമാണ് കണ്ടെത്തല്‍. ഐസിഐസിഐ ബാങ്ക് വിഐഇഎല്ലിന് 300 കോടി രൂപ വായ്‌പ നൽകിയതിന് ഒരു ദിവസത്തിന് ശേഷം, 2009 സെപ്റ്റംബർ 8ന് ദീപക് കൊച്ചാറിന്‍റെ മാനേജുമെന്‍റ് ന്യൂപവർ റിന്യൂവബിൾസിന് ധൂത് 64 കോടി രൂപ കൈമാറി. സുപ്രീം എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ്‌സ് വഴി വീഡിയോക്കോണ്‍ ഇന്‍റസ്‌ട്രീസ് ലിമിറ്റഡ്‌സില്‍ നിന്ന് 64 കോടി രൂപ കൈമാറി.
2009 മെയ് ഒന്നാം തീയതിയാണ് ചന്ദ കൊച്ചാര്‍ ഐസിഐസിഐ ബാങ്കിന്‍റെ മേധാവിയായി സ്ഥാനമേറ്റെടുക്കുന്നത്. 2018ലാണ് ഇവര്‍ക്കെതിരെ അഴിമതി ആരോപണം ഉയരുന്നത്. 2019ല്‍ ബാങ്ക് അവരുടെ പിരിഞ്ഞുപോക്ക് സാങ്കേതിക പിരിച്ചുവിടലായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ ചന്ദ കൊച്ചാര്‍ നിഷേധിക്കുകയായിരുന്നു.