ഹൈദരാബാദ്: ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന പോളിസി ഉടമ-സൗഹൃദ സേവനങ്ങളില്‍ ഒന്നാണ് ക്യാഷ്‌ലസ് ക്ലെയിം ആരോഗ്യ ഇന്‍ഷൂറന്‍സ്. ഇത്തരം പോളിസികള്‍ ഉണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിച്ച ആശുപത്രികളിലെ ചികിത്സയ്‌ക്ക് നിങ്ങള്‍ പണം അടയ്‌ക്കേണ്ട ആവശ്യമില്ല. ചികിത്സ പണം ഇന്‍ഷുറന്‍സ് കമ്പനി നേരിട്ട് ആശുപത്രിയില്‍ അടയ്‌ക്കും.
പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്‌ക്ക് പണം കണ്ടെത്തുന്നതിനായി നമ്മളില്‍ പലരും കഷ്‌ടപ്പെടുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഇതിനൊരു പരിഹാരമാണ് ക്യാഷ്‌ലസ് ക്ലെയിമുള്ള ഇന്‍ഷുറന്‍സ് പോളിസികള്‍. എന്നാല്‍ ക്യാഷ്‌ലസ് ക്ലെയിമില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പല നിബന്ധനകളും വയ്ക്കാറുണ്ട്. ഇതിനെ കുറിച്ച് ഒരു പോളിസി ഉടമ വ്യക്തമായി മനസിലാക്കിയിരിക്കണം.
ആരോഗ്യ ഇന്‍ഷുറന്‍സില്‍ പലപ്പോഴും നടക്കുന്ന കാര്യമാണ് ഭാഗിക ക്ലെയിം സെറ്റില്‍മെന്‍റ്. ഭാഗിക ക്ലെയിം സെറ്റില്‍മെന്‍റ് പ്രകാരം ഇന്‍ഷുറന്‍സ് കമ്പനി മുന്‍ തീരുമാനിക്കപ്പെട്ട ഒരു നിശ്ചിത തുക ചികിത്സയ്‌ക്ക് അടയ്‌ക്കുന്നു. എന്നാല്‍ അനുബന്ധചികിത്സ വേണ്ടിവന്നാല്‍ പോളിസി ഉടമ അതിന് വരുന്ന ചെലവ് ആദ്യം അടയ്‌ക്കുകയും പീന്നീട് ആ തുകയുടെ ക്ലെയിമിനായി അപേക്ഷിക്കുകയും ചെയ്യണം.
ക്ലെയിമിനായി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മറ്റൊരു നിബന്ധന ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിച്ച ചില ആശുപത്രികളിലെ ചികിത്സയ്‌ക്ക് മാത്രമെ ക്യാഷ്‌ലസ് ക്ലെയിം ലഭിക്കുകയുള്ളൂ എന്നുള്ളതാണ്. ചില അടിയന്തരഘട്ടങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിച്ച ആശുപത്രി ശൃംഖലയ്‌ക്ക് പുറത്തുള്ള ഏതെങ്കിലും ഒരു ആശുപത്രിയില്‍ ചികിത്സ തേടിയാല്‍ അതിന്‍റെ ചെലവ് ആദ്യം പോളിസി ഉടമ വഹിക്കേണ്ടിവരും. പീന്നീട് ആവശ്യമായ ക്ലിനിക്കല്‍ രേഖകള്‍ ആശുപത്രി ബില്ലുകള്‍ എന്നിവയോടൊപ്പം ക്ലെയിം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഈ ഒരു സാഹചര്യത്തില്‍ ക്യാഷ്‌ലസ് ക്ലെയിമിനായി ഇന്‍ഷുറന്‍സ് കമ്പനി അംഗീകരിച്ച ആശുപത്രികള്‍ ഏതൊക്കെയാണെന്ന് കൃത്യമായി മനസിലാക്കണം.
ക്യാഷ്‌ലസ് ചികിത്സ ലഭിക്കുന്നതിനായി പോളിസി ഉടമ ആവശ്യമായ എല്ലാ രേഖകളും ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഹാജരാക്കണം. ശരിയായ രേഖകളുടെ അഭാവത്തില്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത ഉണ്ടാവണം. പ്രത്യേകിച്ച് പ്രീ ഓതറൈസേഷന്‍ ഫോം യാതൊരു വീഴ്‌ചയും കൂടാതെ ടിപിഎയ്‌ക്ക്(Third Party Administrator) സമര്‍പ്പിക്കേണ്ടതുണ്ട്. ടിപിഎ ഇഷ്യു ചെയ്‌ത ഹെല്‍ത്ത് കാര്‍ഡ് എപ്പോഴും കൈയില്‍ കരുതുന്നത് നല്ലതാണ്.
നിബന്ധനകള്‍ കൃത്യമായി മനസിലാക്കുക: അടിയന്തര ചികിത്സ വേണ്ട സാഹചര്യത്തില്‍ ക്യാഷ്‌ലസ് ക്ലെയിം ലഭ്യമാകുന്നതില്‍ ചില വെല്ലുവിളികള്‍ ഉണ്ട്. ഉദാഹരത്തിന് ഉടനെ ചെയ്യേണ്ട ശസ്‌ത്രക്രിയകള്‍ക്ക് പണം ഉടനെ അടയ്‌ക്കേണ്ടി വരും. അത്തരം സാഹചര്യത്തില്‍ പോളിസി ഉടമ അടച്ച തുക പിന്നീട് ക്ലെയിം ചെയ്യാനെ സാധിക്കുകയുള്ളൂ. ശക്തമായ നെറ്റ്‌വര്‍ക്കുള്ള, ബില്ലുകള്‍ ഓണ്‍ലൈനിലൂടെ സെറ്റില്‍ ചെയ്യുന്ന ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് പോളിസി എടുക്കാനായി ശ്രദ്ധിക്കേണ്ടതുണ്ട്.
ചില ചികിത്സകള്‍ ക്യാഷ്‌ലസ് ക്ലെയിമിന്‍റെ പരിധിയില്‍ വരില്ല. പല പോളിസികള്‍ക്കും പല മാനദണ്ഡങ്ങളാണ് ഇക്കാര്യത്തില്‍ ഉള്ളത്. സാധരണഗതിയില്‍ ഡോക്യുമെന്‍റേഷന്‍ ചാര്‍ജുകള്‍, ഒരു നിശ്ചിത ഇടവേളകളില്‍ ചെയ്യുന്ന വൈദ്യ പരിശോധനകള്‍ എന്നിവ ക്യാഷ്‌ലസ് ക്ലെയിമില്‍ വരാറില്ല. അതുകൊണ്ട് തന്നെ ഏതൊക്കെ ചികിത്സകള്‍ക്ക് ക്യാഷ്‌ലസ് ക്ലെയിം ലഭിക്കുമെന്നതിനെകുറിച്ചുള്ള ധാരണയുണ്ടാകണം.
ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിന് മുമ്പ് അത് നല്‍കുന്ന സേവനങ്ങളും മുന്നോട്ട് വെക്കുന്ന നിബന്ധനങ്ങളും കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ഏതൊക്കെ ആശുപത്രി ശൃംഖലകളിലാണ് ക്യാഷ്‌ലസ് ക്ലെയിം ലഭിക്കുക, ഇന്‍ഷൂറന്‍സ് ലഭിക്കുന്ന ചികിത്സകള്‍ ഏതൊക്കെ, ക്ലെയിം അപേക്ഷ പരിഗണിക്കുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി സ്വീകരിക്കുന്ന പ്രോട്ടോക്കോള്‍ എന്തൊക്കെയാണ് എന്നിവ ഇതില്‍ പ്രധാനപ്പെട്ടതാണ്.