ഹൈദരാബാദ് : സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നവരിൽ ഏറെയും ആദ്യം ചിന്തിക്കുക ലോൺ എടുത്ത് തൽക്കാലത്തേക്ക് കാര്യങ്ങൾ നടത്താം എന്നാണ്. എന്നാൽ ബാങ്കുകളിൽ പോയാൽ മതിയായ രേഖകളില്ലാതെ ലോണ്‍ കിട്ടില്ല. ഇത്തരക്കാരെ ലക്ഷ്യമിട്ടാണ് ഇന്‍സ്‌റ്റന്‍റ് ലോൺ ആപ്പുകൾ വലവിരിക്കുന്നത്.
രേഖകളൊന്നും ഇല്ലാതെ നിങ്ങളുടെ ആവശ്യങ്ങൾക്കുള്ള പണം തരാമെന്ന ഇന്‍സ്‌റ്റന്‍റ് ലോൺ ആപ്പുകളുടെ വാക്കുകളിൽ വീഴുന്നവർ നിരവധിയാണ്. എന്നാൽ വായ്‌പ തിരിച്ചടവ് ഒരു തവണ മുടങ്ങുമ്പോഴായിരിക്കും അവർ വിരിച്ച കെണി എന്താണെന്ന് മനസിലാവുക. ഇത്തരത്തിൽ കെണിയിൽ അകപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നവർ ഏറെയാണ്.
കൊവിഡ് കാലത്ത് മൈക്രോ ഫിനാൻസിങ് സ്ഥാപനങ്ങളുടെ തട്ടിപ്പിനിരയായി നിരവധിപ്പേർ ജീവനൊടുക്കിയ വാർത്തകൾ നമ്മൾ കണ്ടതാണ്. ജോലി നഷ്‌ടപ്പെട്ടവരും വിദ്യാർഥികളുമാണ് ഇവരുടെ പ്രധാന ഇരകൾ. ഇൻസ്‌റ്റന്‍റ് ലോണുകൾ എടുക്കുന്നതിന് മുൻപ് എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം.
ആർബിഐ അംഗീകാരം : രാജ്യത്ത് നിരവധി ഓൺലൈൻ ലോൺ ആപ്പുകളാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത്. അതിൽ പലതിനും ആർബിഐ ലൈസൻസ് പോലുമില്ല. നിങ്ങൾ ലോണെടുക്കാൻ തെരഞ്ഞെടുത്ത ആപ്പ് ആർബിഐ അംഗീകാരമുള്ളതാണോ വ്യാജമാണോ എന്ന് കൃത്യമായി പരിശോധിക്കണം.
റിസര്‍വ് ബാങ്കിന്‍റെ അംഗീകാരമുള്ള ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും മാത്രമേ വായ്‌പ ആപ്പുകളും ഓൺലൈൻ സേവനകളും ഉപയോഗിച്ച് പണം നൽകാനുള്ള അനുമതിയുള്ളൂ. ആര്‍ബിഐയുടെ വായ്‌പ നയങ്ങള്‍ അനുസരിച്ച് അംഗീകൃത വായ്‌പ പ്ലാറ്റ്‌ഫോമുകള്‍ അവരുടെ നിയമാനുസൃത ബാങ്കിന്‍റെയും എന്‍ബിഎഫ്‌സി പങ്കാളികളുടെയും പേരുകള്‍ പരാമര്‍ശിക്കണം എന്നുണ്ട്. വായ്‌പ എടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ കൃത്യമായി പരിശോധിക്കണം.
ആർബിഐ അംഗീകാരമില്ലാത്ത ആപ്പുകളിൽ നിന്ന് ലോൺ എടുക്കുന്നത് ഒഴിവാക്കുക. വ്യാജ ആപ്പുകളിൽ നിന്നും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾക്ക് നിയമസാധുതയുണ്ടാകില്ല.
വിലാസം ശരിയാണോ : വ്യാജ ലോൺ ആപ്പുകൾ ഒരിക്കലും അവരുടെ ശരിയായ വിലാസം എവിടെയും വെളിപ്പെടുത്താറില്ല. അതുകൊണ്ട് തന്നെ ലോൺ ആപ്പിന് കൃത്യമായ അഡ്രസുണ്ടോ എന്ന് പരിശോധിക്കണം. വ്യാജ ആപ്പുകൾ മിക്കതും നിലവിലില്ലാത്ത വിലാസങ്ങളാണ് നൽകുക. ഇത്തരം വിവരങ്ങൾ പരിശോധിക്കുക. അതുപോല തന്നെ ഇവർ നൽകുന്ന ഫോൺ നമ്പർ കൃത്യമാണോ എന്നും പരിശോധിക്കണം.
ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോള്‍ : നിങ്ങൾ ഗൂഗിളിൽ ലോണിനെ കുറിച്ച് സെർച്ച് ചെയ്‌തിട്ടുണ്ടെങ്കിൽ തുടര്‍ന്ന് ഇത്തരം ആപ്പുകളുടെ പരസ്യങ്ങൾ വന്നുകൊണ്ടിരിക്കും. ഇത് കണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്. ഇത്തരം ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്‌താൽ അവ അനധികൃതമായി ഫോണിൽ നിന്നും നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കും.
ഇത്തരം വിവരങ്ങൾ, ലോൺ തിരിച്ചടവ് മുടങ്ങിയാൽ നിങ്ങളെ ഭീഷണിപ്പെടുത്താൻ വരെ അവര്‍ ഉപയോഗിക്കും. വായ്‌പകൾ നൽകുന്നതിന് അടിസ്ഥാന കെവൈസി വിശദാംശങ്ങള്‍ ശേഖരിക്കാന്‍ മാത്രമേ ബാങ്കുകൾക്ക് അധികാരമുള്ളൂ. നിങ്ങളുടെ ഫോണിലെ കോണ്‍ടാക്റ്റുകള്‍, ഫോട്ടോകള്‍ തുടങ്ങിയവയിലേക്ക് ആക്‌സസ് ആവശ്യപ്പെടുന്ന ആപ്പുകളും ഒഴിവാക്കുക.
പലിശ നിരക്കിൽ ജാഗ്രത വേണം : മതിയായ രേഖകളുടെ അടിസ്ഥാനത്തിൽ ലോൺ അനുവദിക്കുന്ന ആപ്പുകൾ കൃത്യമായ പലിശ നിരക്കുകളായിരിക്കും നിങ്ങളിൽ നിന്ന് ഈടാക്കുക. എന്നാൽ വ്യാജ ഡിജിറ്റൽ ലെൻഡിങ് ആപ്പുകൾ അമിത പലിശ നിരക്കിലാണ് വായ്‌പ വാഗ്‌ദാനം ചെയ്യുന്നത് എന്ന കാര്യം മറക്കരുത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് മാത്രമേ ഇൻസ്‌റ്റന്‍റ് ലോണുകളുടെ പിന്നാലെ പോകാവൂ.