വാഷിങ്ടണ്‍: ചെലവ് കുറയ്‌ക്കാനായി 18,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ആമസോണ്‍. കഴിഞ്ഞ നവംബറിലാണ് ആമസോണ്‍ കൂട്ട പിരിച്ചുവിടല്‍ ആദ്യം പ്രഖ്യാപിച്ചത്. അന്ന് പതിനായിരത്തിലധികം പേര്‍ക്കാണ് ആമസോണില്‍ ജോലി നഷ്‌ടപ്പെട്ടത്.
കഴിഞ്ഞവര്‍ഷം പിരിച്ചുവിട്ടവരുടെ എണ്ണവും ചേര്‍ത്ത് മൊത്തം 18,000 പേരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് ആമസോണ്‍ സിഇഒ ആന്‍ഡി ജാസി പറഞ്ഞു. പരിച്ചുവിടപ്പെടുന്ന ജീവനക്കാരെ ജനുവരി 18 മുതല്‍ ഈ കാര്യം അറിയിക്കുമെന്നും ജാസി പറഞ്ഞു. മൂന്ന് ലക്ഷം ജീവനക്കാരുള്ള ആമസോണില്‍ പിരിച്ചുവിടപ്പെടുന്നവര്‍ ആറ് ശതമാനം വരും.
പിരിച്ചുവിടപ്പെടുന്നവര്‍ക്ക് സപ്പറേഷന്‍ പേയ്‌മെന്‍റ്, ട്രാന്‍സിഷണല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ജോബ് പ്ലേസ്‌മെന്‍റ് സപ്പോര്‍ട്ട് എന്നിവ നല്‍കുമെന്ന് ആമസോണ്‍ അധികൃതര്‍ വ്യക്തമാക്കി. ആമസോണ്‍ ഇതിന് മുമ്പും ദുര്‍ഘടമായ സാമ്പത്തിക സാഹചര്യം അതീജിവിച്ചിട്ടുണ്ടെന്നും ഇപ്രാവശ്യവും അത് തന്നെ ആവര്‍ത്തിക്കുമെന്നും ആന്‍ഡി ജാസി പറഞ്ഞു.
ഏതൊക്കെ രാജ്യങ്ങളിലാണ് കൂട്ടപിരിച്ചുവിടല്‍ എന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനി നല്‍കിയിട്ടില്ല. ആമസോണ്‍ സ്റ്റോര്‍ ഓപ്പറേഷന്‍സ്, കസ്റ്റമര്‍ വിഭാഗം, ടെക്‌നോളജി വിഭാഗം എന്നിവയില്‍ നിന്നാണ് കൂടുതല്‍ പിരിച്ചുവിടല്‍ ഉണ്ടാകുക എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ചെലവ് ചുരുക്കുന്നതില്‍ കേന്ദ്രീകരിക്കുമെന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് നടന്ന വാര്‍ഷിക ബിസിനസ് ഓപ്പറേഷന്‍ റിവ്യൂവില്‍ ആമസോണ്‍ വ്യക്തമാക്കിയിരുന്നു. പുതിയ ജോലിക്കാരെ എടുക്കുന്നത് കമ്പനി മരവിപ്പിച്ചിരിക്കുകയാണ്. വെയര്‍ഹൗസ് വിപുലീകരണവും നിര്‍ത്തിവച്ചിരിക്കുകയാണ്. കൊവിഡ് കാലത്ത് അമിതമായി ആളുകളെ ജോലിക്കെടുത്തു എന്നാണ് ആമസോണ്‍ പറയുന്നത്.
ആമസോണ്‍ ചില ബിസിനസുകള്‍ അവസാനിപ്പിക്കുയും ചെയ്‌തിരുന്നു. റോബോട്ടുകളെ ഉപയോഗിച്ച് ഡെലിവറി നടത്താനുള്ളതടക്കമുള്ള പല പ്രോജക്റ്റുകളും ആമസോണ്‍ അവസാനിപ്പിച്ചു.