ബെംഗളൂരു: ബെംഗളൂരുവിൽ ഉപഭോക്തൃ റോബോട്ടിക്‌സ് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്‍റ് സെന്‍റർ തുറക്കുമെന്ന് പ്രഖ്യാപിച്ച് ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ. കഴിഞ്ഞ വർഷം കമ്പനിയുടെ ആദ്യത്തെ റോബോട്ടായ ആസ്ട്രോ പുറത്തിറക്കിയ ആമസോണിന്‍റെ അന്താരാഷ്ട്ര റോബോട്ടിക്‌സ് ഡിവിഷനെ പിന്തുണയ്ക്കാൻ ഇന്ത്യയിലെ കേന്ദ്രം സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. വളരുന്ന ഉപഭോക്തൃ റോബോട്ടിക്‌സ് വിഭാഗത്തെ പിന്തുണയ്ക്കാനും മികച്ച പ്രതിഭകളെ ലോകോത്തര സാങ്കേതിക ഉത്പന്നങ്ങളിലേക്ക് ആകർഷിക്കാനും പുതിയ കൺസ്യൂമർ റോബോട്ടിക്‌സ് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്‍റ് സെന്‍റർ സഹായിക്കുമെന്നും ആമസോണിന്‍റെ കൺസ്യൂമർ റോബോട്ടിക്‌സ് വൈസ് പ്രസിഡന്‍റ് കെൻ വാഷിങ്ടൺ പറഞ്ഞു.
വീട് നിരീക്ഷണം, കുടുംബാംഗങ്ങളുമായി ബന്ധപ്പെടൽ തുടങ്ങി നിരവധി ജോലികളിൽ ഉപഭോക്താക്കളെ സഹായിക്കുന്നതിനാണ് ആസ്ട്രോ രൂപകൽപന ചെയ്‌തിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, കമ്പ്യൂട്ടർ വിഷൻ, സെൻസർ ടെക്‌നോളജി, വോയ്‌സ് ആൻഡ് എഡ്‌ജ് കമ്പ്യൂട്ടിങ് എന്നിവ ഉൾപ്പെടുന്നതാണ് ആസ്‌ട്രോ. കണ്ടുപിടിത്തങ്ങളുടെ ഇടമാണ് ഇന്ത്യയെന്നും ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് വേണ്ടി മികച്ച കൺസ്യൂമർ റോബോട്ടിക്‌സ് അനുഭവങ്ങൾ സൃഷ്‌ടിക്കാൻ ഇവിടെ കേന്ദ്രം വരുന്നത് ആമസോണിനെ സഹായിക്കുമെന്നും വാഷിങ്ടൺ പറഞ്ഞു.
അലക്‌സ സാങ്കേതിക വിദ്യയും വീടിന് ചുറ്റുമുള്ള വഴി കണ്ടെത്താൻ വിപുലമായ നാവിഗേഷൻ സാങ്കേതികവിദ്യയും ആസ്‌ട്രോ ഉപയോഗിക്കുന്നു. മറ്റൊരു സ്ഥലത്തിരുന്നുകൊണ്ട് നിർദിഷ്‌ട മുറികളോ ആളുകളെയോ വസ്‌തുക്കളെയോ പരിശോധിക്കാൻ ആസ്‌ട്രോ സഹായിക്കും. കൂടാതെ തിരിച്ചറിയാത്ത വ്യക്തികളോ ശബ്‌ദങ്ങളോ ഉണ്ടായാൽ സന്ദേശം ലഭിക്കുകയും ചെയ്യും. മൈക്കുകളും ക്യാമറകളും ഓഫാക്കാനുള്ള ബട്ടൻ ഉപയോഗിക്കാനും എവിടേക്കൊക്കെ പോകാൻ സാധിക്കില്ല എന്ന് അറിയിക്കാനും പരിധി നിശ്ചയിക്കാനും ആസ്‌ട്രോ ആപ്പിലൂടെ സാധിക്കും.