മുംബൈ: ലോകത്ത് പടരുന്ന കൊവിഡ് 19 ബാധ ആഗോളത്തലത്തില്‍ ഓഹരി വിപണിയെ കാര്യമായി ബാധിച്ചു. ലോകത്തെ പ്രധാന ഓഹരി സൂചികകളെല്ലാം ഇടിഞ്ഞിരിക്കുകയാണ്. സെന്‍സെക്‌സ് 1094.80 പോയിന്‍റ് ഇടിഞ്ഞ് 38,654.47 എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്‌റ്റിയുടെ നിരക്കും പരിതാപകരമാണ്. 334.05 പോയിന്‍റുകൾ ഇടിഞ്ഞ് 11,295.15 എന്ന നിലവാരത്തിലാണ് രാവിലെ വ്യാപാരം നടക്കുന്നത്.
കൊവിഡ് 19 യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പടരുന്നത് ഇന്ത്യന്‍ വിപണിയെ കാര്യമായി ബാധിക്കുന്നണ്ട്. നിക്ഷേപകര്‍ക്കിടയിലെ അനിശ്ചിതത്വമാണ് മൂല്യം ഇടിയാന്‍ കാരണമായത്. സെൻസെക്സ് ഒറ്റയടിക്ക് 1000ത്തിലധികം പോയിന്‍റിലേക്ക് താഴ്ന്നതോടെ നിക്ഷേപകർക്ക് മിനിറ്റുകൾകൊണ്ട് അഞ്ച് ലക്ഷം കോടി രൂപയോളം നഷ്ടമായി. ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഭീമന്‍മാരുടെ ഓഹരികളും നഷ്ടത്തിലാണ്. എണ്ണവില തുടര്‍ച്ചയായ അഞ്ചാം ദിവസവും കുറഞ്ഞു. ക്രൂഡ് ഓയില്‍ വില ബാരലിന് 2.9 ശതമാമം കുറഞ്ഞ് 51.88 ഡോളറായി. 2019 ജനുവരിക്കു ശേഷമുള്ള താഴ്ന്ന വില കൂടിയാണിത്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,975 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 31,800 രൂപയാണ് ഇന്നത്തെ നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഇന്നലെ ഗ്രാമിന് 3,935 രൂപയും പവന് 31,480 രൂപയുമായിരുന്നു നിരക്ക്. ആഗോളവിപണിയിലും സ്വർണവിലയില്‍ ഉയര്‍ച്ചയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,662 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം. 1680 ഡോളര്‍ വരെ എത്തിയ വില പിന്നീട് തിരിച്ച് 1662 ഡോളറിലേക്ക് താഴുകയായിരുന്നു. കൊവിഡ് 19 ഭീഷണിയെ തുടർന്നുള്ള സാമ്പത്തിക അരക്ഷിതാവസ്ഥ തന്നെയാണ് അന്താരാഷ്ട്രതലത്തില്‍ വില ഉയരാനുളള കാരണം. സ്വർണം അടുത്ത് തന്നെ 1700 ഡോളര്‍ കടക്കുമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്.
വിദേശ രാജ്യങ്ങളിലെ വിപണികളിലും ഇടിവ് രേഖപ്പെടുത്തി. യൂറോപ്യൻ വിപണി കനത്ത ഇടിവാണ് നേരിട്ടത്. ലണ്ടൻ, പാരിസ്, ഇറ്റലി, ഫ്രാങ്ക്ഫർട്ട് വിപണികളിൽ സൂചിക 2 ശതമാനം വരെ താഴ്ന്നു. 2.1 ശതമാനം തകർച്ചയാണ് ടോക്കിയോ വിപണിയിൽ ഉണ്ടായത്. ഓഹരികള്‍ വലിയ തോതില്‍ വിറ്റഴിക്കുന്നതാണ് പല ഓഹരികളുടെയും മൂല്യം കുറയാന്‍ കാരണമായത്.