ഈ വർഷം മെയ് മാസം റിലയൻസ് ജിയോയിലേക്ക് എത്തിയത് 3.55 ദശലക്ഷം മൊബൈൽ വരിക്കാർ. ഇക്കാലയളവിൽ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വിഐ), ബിഎസ്എൻഎൽ എന്നിവയുൾപ്പെടെയുള്ള മറ്റ് ടെലികോം ഓപ്പറേറ്റർമാർക്ക് വരിക്കാരെ നഷ്ടപ്പെട്ടു. ഭാരതി എയർടെല്ലിൽ നിന്നാണ് ഏറ്റവും കൂടുതൽ വരിക്കാർ വിട്ടുപോയത്.
Also Read: മൈക്രോമാക്‌സിന്‍റെ ബജറ്റ് ഫോണ്‍ ഇൻ 2b; സവിശേഷതകൾ അറിയാം
വരിക്കാരെ നഷ്ടപ്പെട്ട കണക്കിൽ വിഐ, ബിഎസ്എൻഎൽ എന്നിവരാണ് എയർടെല്ലിന് പിറകിൽ യഥാക്രമം. റിലയൻസ് ജിയോ നേടിയത് 0.83 ശതമാനത്തിന്‍റെ പ്രതിമാസ വളർച്ചയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) ആണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ഏപ്രിൽ അവസാനത്തിൽ റിലയൻസ് ജിയോയുടെ വയർലെസ് വരിക്കാർ വിപണിയിലെ ആകെ എണ്ണത്തിന്‍റെ 36.15 ശതമാനം ആയിരുന്നത് മെയ് അവസാനം 36.64 ശതമാനമായി ഉയർന്നു. ഇതോടെ ജിയോയുടെ ആകെ വരിക്കാരുടെ എണ്ണം 431.22 ദശലക്ഷമായി.
എയർടെല്ലിന് മെയ് മാസം മാത്രം നഷ്ടപ്പെട്ടത് 4.61 ദശലക്ഷം വരിക്കാരെയാണ്. എയർടെല്ലിന്‍റെ വിപണി വിഹിതം 29.83ൽ നിന്ന് 29.60 ശതമാനം ആയി കുറഞ്ഞു. വിഐയ്‌ക്ക് 4.28 ദശലക്ഷവും ബിഎസ്എൻഎല്ലിന് 0.88 ദശലക്ഷം വരിക്കാരെയുമാണ് നഷ്ടപ്പെട്ടത്. 9.89 ശതമാനം ആണ് ബിഎസ്എൻഎല്ലിന്‍റെ വിപണി വിഹിതം.
ബ്രോഡ്‌ബാൻഡ് വിഭാഗത്തിലും( വയർലെസ്& വയേർഡ്) വിപണി വിഹിതത്തിൽ റിലയൻസ് ജിയോ (55.65 ശതമാനം) ആണ് മുന്നിൽ. എന്നാൽ വയേർഡ് ബ്രോഡ്ബാൻഡിൽ ബിഎസ്എൻഎൽ ആണ് ഒന്നാമത് മാർക്കറ്റ് ഷെയർ.
വയർലെസ് ബ്രോഡ്ബാൻഡ് വിഭാഗത്തിൽ ജിയോക്ക് 431.23 ദശലക്ഷം വരിക്കാരാണ് ഉള്ളത്. എന്നാൽ വയേർഡ് ബ്രോഡ്ബാന്‍റിന്‍റെ കാര്യത്തിൽ ജിയോയ്‌ക്ക് 3 ദശലക്ഷം വരിക്കാർ മാത്രമാണ് ഉള്ളത്. ഈ വിഭാഗത്തിൽ ബിഎസ്എൻഎല്ലിന് 6.03 ദശലക്ഷം വരിക്കാരുണ്ട്.