മുംബൈ: ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ പൊതുമേഖല ബാങ്കുകളുടെ അറ്റദായത്തിൽ വർധന. 2020-21 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിനെക്കാൾ 139.6 ശതമാനത്തിന്‍റെ വർധനവാണ് പൊതുമേഖലാ ബാങ്കുകളുടെ അറ്റദായത്തിൽ ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യ പാദത്തിൽ അറ്റദായം 5,847 കോടി ആയിരുന്നത് ഈ വർഷം 14,012 കോടി രൂപയായാണ് ഉയർന്നത്.
Also Read:തൊഴിലാളി ക്ഷാമം : അതിർത്തികൾ തുറക്കാൻ ന്യൂസിലന്‍ഡ്
മാർച്ചിൽ അവസാനിച്ച 2020-21 സാമ്പത്തിക വർഷത്തെ അവസാന പാദത്തിൽ 9,697 കോടി ആയിരുന്നു പൊതുമേഖലാ ബാങ്കുകളുടെ അറ്റദായം. 44.5 ശതമാനത്തിന്‍റെ വർധനവാണ് മൂന്ന് മാസം കൊണ്ട് ഉണ്ടായത്. മറ്റിനങ്ങളിലുള്ള വരുമാനം ഉയർന്നതാണ് ബാങ്കുകൾക്ക് ഇത്തവണ നേട്ടമായത്. 38.8 ശതമാനത്തിന്‍റെ വളർച്ചയാണ് ഈ മേഖലയിൽ ബാങ്കുകൾക്ക് ഉണ്ടായത്. ഒരു വർഷം കൊണ്ട് 25,089 കോടിയിൽനിന്ന് 33,828 കോടിയായാണ് മറ്റിനത്തിലുള്ള വരുമാനം ഉയർന്നത്.
എന്നാൽ പലിശയിനത്തിലുള്ള ബാങ്കുകളുടെ അറ്റ വരുമാനത്തിലെ വാർഷിക വളർച്ച 5.4 ശതമാനമായി കുറഞ്ഞു. കൊവിഡിനെ തുടർന്ന് വായ്പാ വളർച്ച കുറഞ്ഞതാണ് കാരണം. പൊതുമേഖല ബാങ്കുകളുടെ മൂലധനശേഷിയിൽ മാറ്റങ്ങൾ ഉണ്ടായില്ല. മൊത്തം നിഷ്ക്രിയ ആസ്തി മുൻവർഷത്തെ 6.39 ലക്ഷം കോടി രൂപയിൽനിന്ന് 4.2 ശതമാനം കുറഞ്ഞ് 6.12 ലക്ഷം കോടിയിലെത്തി.
നിക്ഷേപങ്ങളിൽ 6.5 ശതമാനം വർധനവ് ഉണ്ടായി. എന്നാൽ വായ്‌പകളിലെ വളർച്ച 3.1 ശതമാനം മാത്രമാണ്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ലാഭം വർധിക്കുമെന്നാണ് വിലയിരുത്തൽ