ബെംഗളൂരു : രാജ്യത്തെ ഇന്ധന വില വർധനവിൽ പ്രതിഷേധം ശക്തമാവുമ്പോൾ വേറിട്ടൊരു പദ്ധതിയിലൂടെ ശ്രദ്ധേയമാവുകയാണ് മൈസൂരിലെ ഒരു പെട്രോൾ പമ്പ്. കൊവിഡ് മുൻനിര പോരാളികൾക്ക് സൗജന്യമായി ഇന്ധനം നൽകുകയാണ് ഈ പമ്പ്. ആരോഗ്യ മേഖലയിലെ പോരാളികൾക്ക് മാത്രമല്ല ഡെലിവറി ജീവനക്കാർക്ക് ഉൾപ്പടെ മറ്റ് മേഖലകളിലെ മുൻനിര പ്രവർത്തകർക്കും ഇവിടെ ഇന്ധനം സൗജന്യമാണ്.
Also Read: പുതുക്കാത്ത സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കുന്നത് തുടരണമെന്ന് റിസര്‍വ് ബാങ്ക്
ബൊഗാഡി സർക്കിളിനടുത്തുള്ള എൻ സുന്ദരം ആൻഡ് സൺസ് പെട്രോൾ പമ്പ് ആണ് ഇന്ധനം സൗജന്യമായി നൽകുന്നത്. ഒരാൾക്ക് അഞ്ച് ലിറ്റർ ഇന്ധനം വരെയാണ് പമ്പ് വെറുതെ നൽകുന്നത്. പമ്പുടമ കുമാർ കെ.എസ് ആണ് ഇത്തരം ഒരു ആശയത്തിന് പിന്നിൽ. ഇതുവരെ 50ൽ അധികം പേരാണ് ഈ പമ്പിൽ നിന്ന് സൗജന്യമായി ഇന്ധനം നിറച്ചത്.
കൊവിഡ് മുൻനിര പോരാളികളോടുള്ള നന്ദി പ്രകടിപ്പിക്കലാണ് ഇത്തരം ഒരു ആശയത്തിന്‍റെ പിന്നിലെന്ന് കുമാർ പറയുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് അവശ്യ വസ്‌തുക്കൾ വിതരണം ചെയ്യുന്നതിലും കുമാർ മുൻനിരയിൽ ഉണ്ടായിരുന്നു.