ഡോർ സ്റ്റെപ്പ് സേവനങ്ങൾക്ക് ചാർജ് ഇടാക്കാൻ തീരുമാനിച്ച് പോസ്റ്റ് ഓഫിസ് പെയ്‌മെന്‍റ് ബാങ്ക്. ഓഗസ്റ്റ് ഒന്ന് മുതലാണ് ഡോർസ്റ്റെപ്പ് സേവനങ്ങൾക്കുള്ള ചാർജ് നിലവിൽ വരുന്നത്. വീട്ടിലെത്തി ബാങ്കിംഗ് സേവനങ്ങൾ നൽകുന്നതിന് ഉപഭോക്താക്കൾ 20 രൂപ നൽകേണ്ടി വരും.
Also Read: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 11 ശതമാനം വർധിപ്പിച്ചു
ഒരു വീട്ടിലെ ഒന്നിലധികം പേർക്ക് സേവനം ആവശ്യമാണെങ്കിൽ ആളുടെ എണ്ണത്തിന് അനുസരിച്ചാകും ചാർജ് ഈടാക്കുക. നിലവിൽ പോസ്റ്റ് ഓഫിസിന്‍റെ ഡോർസ്റ്റെപ്പ് സേവനങ്ങൾ എല്ലാം സൗജന്യമായാണ് നൽകുന്നത്.
ഡോർസ്റ്റെപ്പ് സേവനങ്ങൾ
ഉപഭോക്താവിന് വീട്ടിലിരുന്ന് തന്നെ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന പോസ്റ്റ് ഓഫിസ് ബാങ്കിന്‍റെ പദ്ധതിയാണ് ഡോർസ്റ്റെപ്പ് സേവനം. അക്കൗണ്ട് തുറക്കൽ, പണം ഡിപ്പോസിറ്റ് ചെയ്യൽ, പിൻവലിക്കൽ, 24x7 പണം ട്രാൻസ്‌ഫർ, റീചാർജ്-ബില്ല് അടയ്‌ക്കൽ, അക്കൗണ്ട് ലിങ്ക് ചെയ്യൽ, പാൻകാർഡ് പുതുക്കൽ തുടങ്ങി ഒരു ബാങ്കിൽ ലഭിക്കുന്ന എല്ലാ സേവനങ്ങളും പോസ്റ്റ് ഓഫിസ് ബാങ്കിന്‍റെ ഡോർസ്റ്റെപ്പ് സേവനത്തിലൂടെ ലഭിക്കും.
പലിശ നിരക്ക്
ഈ മാസം ജൂലൈ ഒന്നിനാണ് സേവിംഗ്‌സ് അക്കൗണ്ടിന്‍റെ പലിശ നിരക്ക് പോസ്റ്റ് ഓഫിസ് ബാങ്ക് കുറച്ചത്. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.75ൽ നിന്ന് 2.5 ശതമാനം ആയാണ് കുറച്ചത്. എന്നാൽ ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇപ്പോഴും 2.75 ശതമാനം തന്നെയാണ്.