ക്രെഡിറ്റ് സ്കോര്‍ നിര്‍ണയിക്കുന്നതില്‍ പ്രധാനഘടകം വായ്പ തിരിച്ചടവ് എങ്ങനെയാണ് എന്നുള്ളതാണ്. വായ്പതിരിച്ചടവ് കൃത്യസമയത്ത് മുടങ്ങാതെ നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല ക്രെഡിറ്റ് സ്കോര്‍ കരസ്ഥമാക്കാന്‍ സാധിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ 750ല്‍ കൂടുതലാണെങ്കില്‍ പുതിയ വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കുമെന്ന് മാത്രമല്ല പലിശയില്‍ ചില കിഴിവുകളും ലഭിക്കുന്നു.
ചെറിയ ചില വീഴ്ചകള്‍ വരുത്തുന്നത് മൂലം പലരുടെയും ക്രെഡിറ്റ് സ്കോര്‍ താഴുന്ന സാഹചര്യമുണ്ട്. ക്രെഡിറ്റ് സ്കോര്‍ 750ന് മുകളിലുള്ളവര്‍ക്ക് ബാങ്കുകള്‍ ലോണ്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുന്നു. ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ 750ന് മുകളിലുള്ള ക്രെഡിറ്റ് സ്കോര്‍ നേടാവുന്നതാണ്.
കൃത്യമായ വായ്പതിരിച്ചടവ് പ്രധാനം
ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും വായ്പാതിരിച്ചടവും കൃത്യമായാല്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന ക്രെഡിറ്റ് കാര്‍ഡ് സ്കോര്‍ ലഭിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ 700ന് താഴെയാണെങ്കില്‍ വായ്പ അപേക്ഷകള്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിരസിക്കാനുള്ള സാധ്യതയുണ്ട്. വായ്പ ലഭിച്ചാല്‍ തന്നെ പലിശ നിരക്ക് ഉയര്‍ന്നിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് തന്നെ ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞിരിക്കുമ്പോള്‍ വായ്പ ലഭിക്കുക എന്നുള്ളത് വലിയ വെല്ലുവിളിയായി മാറുന്നു.
സെറ്റില്‍മെന്‍റ് അത്ര സുഖകരമല്ല
വായ്പ തിരിച്ചടവ് മുടങ്ങുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ മോശമായി ബാധിക്കുന്നു. വായ്പയില്‍ മേലുള്ള മാസത്തവണകള്‍ തുടര്‍ച്ചയായി മൂന്ന് തവണ മുടങ്ങുമ്പോള്‍ ആ വായ്പയെ ബാങ്ക് നിഷ്ക്രീയ ആസ്തിയായി(NPA) പരിഗണിക്കുന്നു. അങ്ങനെ നിഷ്ക്രീയ ആസ്തിയായി പരിഗണിച്ച വായ്പയില്‍ ഒരു നിശ്ചിത തുക തിരിച്ചടയ്ക്കുകയാണെങ്കില്‍ അത് ബാങ്ക് സെറ്റില്‍മെന്‍റായി പരിഗണിച്ച് വായ്പ ബാങ്ക് എഴുതി തള്ളുന്നു.
ഇങ്ങനെ ബാങ്ക് നിങ്ങളുടെ വായ്പ സെറ്റില്‍മെന്‍റായി എഴുതിതള്ളുമ്പോള്‍ നിങ്ങള്‍ക്ക് നേട്ടമാണെന്ന് വിചാരിക്കരുത്. കാരണം വായ്പയില്‍ 'സെറ്റില്‍മെന്‍റ് ' നടത്തിയ വിവരം ക്രെഡിറ്റ് ബ്യൂറോയെ ബങ്ക് അറിയിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ ഈ വിവരം ഉള്‍പ്പെടുത്തുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ നിങ്ങള്‍ക്ക് പുതിയ വായ്പകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ മടിക്കുന്ന സാഹചര്യം ഉണ്ടാവും.
പൂര്‍ണതിരിച്ചടവ് ഉചിതം
അതേസമയം വായ്പയില്‍ പൂര്‍ണമായ തിരിച്ചടവ് നടത്തുകയാണെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ 'സെറ്റില്‍ഡ്' എന്നതിന് പകരം 'ക്ലോസ്‌ഡ്' എന്നായിരിക്കും ഉണ്ടായിരിക്കുക. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ വര്‍ധിപ്പിക്കുന്നു.
നിങ്ങളുടെ മാസത്തവണ തിരിച്ചടവില്‍ ഒരു തവണപോലും കാലതാമസം വരികയാണെങ്കില്‍ ക്രെഡിറ്റ് സ്കോര്‍ 100 പോയിന്‍റിലധികം കുറയാന്‍ കാരണമാകുന്നു. ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ ഡ്യൂ ഡേറ്റിന് മുമ്പായി തിരിച്ചടവ് നടത്തുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ വര്‍ധിപ്പിക്കും. ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ പൂര്‍ണമായി നിങ്ങള്‍ക്ക് അടയ്ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിലെ മിനിമം തുകയെങ്കിലും കൃത്യസമയത്ത് തിരിച്ചയ്‌ക്കുക.
വായ്പ അപേക്ഷ തള്ളുന്നതിന്‍റെ കാരണങ്ങള്‍ കണ്ടെത്തുക
നിങ്ങളുടെ വായ്പ അപേക്ഷകള്‍ നിരന്തരമായി ബാങ്കുകള്‍ തള്ളുന്ന സാഹചര്യമുണ്ടായാലും ക്രെഡിറ്റ് സ്കോര്‍ കുറയുന്നു. ഒരു ബാങ്ക് നിങ്ങളുടെ വായ്പ അപേക്ഷ തള്ളുകയാണെങ്കില്‍ എന്താണ് അതിന്‍റെ കാരണം എന്ന് മനസിലാക്കണം. ആ കാരണങ്ങള്‍ പരിഹരിക്കപ്പെട്ടിട്ട് മാത്രമെ നിങ്ങള്‍ വീണ്ടും വായ്പയ്ക്ക് അപേക്ഷിക്കാന്‍ പാടുള്ളൂ.
ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കുക
മാസത്തില്‍ ഒരു തവണ നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ എന്താണെന്ന് പരിശോധിക്കണം. പല വെബ്‌സൈറ്റുകളിലൂടെയും ക്രെഡിറ്റ് സ്കോര്‍ സൗജന്യമായി പരിശോധിക്കാന്‍ സാധിക്കും. വിശ്വസ്യതയുള്ള ഒരു വെബ്സൈറ്റിനെ തെരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്.
നിങ്ങളുടെ ക്രെഡിറ്റ് സ്കോറില്‍ എന്തെങ്കിലും അപാകത ദര്‍ശിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട ബാങ്കിനെ അത് ഉടനെ അറിയിക്കുക. വായ്പ എടുക്കുന്നതിന് മുന്നോടിയായി ക്രെഡിറ്റ് സ്കോര്‍ എത്രയാണെന്ന് പരിശോധിക്കുക. ക്രെഡിറ്റ് സ്കോര്‍ വളരെ കുറവാണെങ്കില്‍ സ്ഥിര നിക്ഷേപമോ സ്വര്‍ണമോ ഈടായി വച്ച് വായ്പയെടുക്കുക.
വളരെ ലളിതമായി വായ്പ ലഭിക്കണമെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ 750 പോയിന്‍റിന് മുകളിലായിരിക്കേണ്ടതുണ്ട്. ഇതിന് ക്രെഡിറ്റ് കാര്‍ഡ് അനാവശ്യമായി ഉപയോഗിക്കുന്നത് ഒഴിവാക്കിയടക്കമുള്ള സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതുണ്ട്.
ALSO READ: ആവശ്യക്കാരേറുന്നു ; ബജാജിന്‍റെ പുതുനിര ഇലക്ട്രിക്ക് ചേതക്കിന്‍റെ വില്‍പ്പന വര്‍ധിപ്പിക്കും