ന്യൂഡല്‍ഹി: രാജ്യത്ത് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍. നിലവിലെ വിപണിയില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 38,470 രൂപയാണ് വില. ചൈന-അമേരിക്ക വാണിജ്യ യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ സ്വര്‍ണത്തിന് വില വര്‍ധിച്ചിരിക്കുന്നത്. അതേ സമയം സ്വര്‍ണത്തെ ഒരു നിക്ഷേപ ആസ്തിയായി കണക്കാക്കുന്ന നിക്ഷേപകരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
ആഭ്യന്തര സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും സ്വര്‍ണത്തിന്‍റെ വില ഉയരാന്‍ കാരണമായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിന്‍റെ വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 2013ന് ശേഷം ഏറ്റവും ഉയര്‍ന്ന വിലയാണ് നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം വെള്ളിയുടെ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ 44,300 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില. രാജ്യത്ത് നാണയ നിര്‍മാണം ഉയര്‍ന്നതും വ്യവസായം വര്‍ധിച്ചതുമാണ് വെള്ളിക്ക് വില വര്‍ധിക്കാന്‍ കാരണം.