ന്യൂഡൽഹി: കൊവിഡിനെ തുടർന്ന് ആഗോള സമ്പദ്‌വ്യവസ്ഥയിൽ 5.8 മുതൽ 8.8 ട്രില്യൺ ഡോളർ നഷ്‌ടമുണ്ടാകുമെന്ന് ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് അറിയിച്ചു. ദക്ഷിണേഷ്യയിലെ രാജ്യങ്ങളുടെ ജിഡിപി 3.9-6.0 ശതമാനം കുറയുമെന്നും പ്രധാനമായും ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങൾ മൂലമാണ് ഇത്തരത്തിൽ സംഭവിക്കുകയെന്നും എഡിബി പറയുന്നു. ചൈനയ്ക്ക് 1.1 ട്രില്യൺ യുഎസ് ഡോളറിനും 1.6 ട്രില്യൺ ഡോളറിനും ഇടയിലാകും നഷ്ടം സംഭവിക്കുകയെന്നും റിപ്പോർട്ടിലുണ്ട്. കൊവിഡിനെ തുടർന്നുള്ള ലോകരാഷ്‌ട്രങ്ങളുടെ ആഗോള ചെലവ് 2 ട്രില്യൺ യുഎസ് ഡോളർ മുതൽ 4.1 ട്രില്യൺ ഡോളർ വരെയാണെന്ന് ഏപ്രിൽ 3ന് പ്രസിദ്ധീകരിച്ച ഏഷ്യൻ ഡെവലപ്‌മെന്‍റ് ഔട്ട്ലുക്കിൽ റിപ്പോർട്ട് ചെയ്‌തിരുന്നു.
പുതിയ വിശകലനത്തിൽ പുതുതായി കൈകൊണ്ട നയനടപടികളെ ഒഴിവാക്കിക്കൊണ്ടുള്ള കണക്കാണ് പുറത്തു വിട്ടതെന്നും എഡിബി പറഞ്ഞു. ലോകബാങ്കിന്‍റെ എസ്റ്റിമേറ്റിനേക്കാൾ ഇരട്ടിയാണ് സമ്പദ്‌വ്യവസ്ഥയിൽ നഷ്‌ടം സംഭവിക്കുക എന്നാണ് എഡിബി പുറത്തു വിട്ടിരിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. കൊവിഡിനെ തുടർന്ന് സാമ്പത്തിക രംഗത്തുണ്ടാകുന്ന പ്രതിസന്ധികൾ ഒഴിവാക്കാൻ ലോക രാഷ്‌ട്രങ്ങൾ ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇത്തരത്തിൽ എടുക്കുന്ന തീരുമാനങ്ങളിലൂടെ 30 മുതൽ 40 ശതമാനം വരെ പ്രതിസന്ധിയെ നേരിടാമെന്നും റിപ്പോർട്ടിലുണ്ട്. കൊവിഡ് മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കൃത്യമായ അവസ്ഥയാണ് വിശകലനത്തിലൂടെ മനസിലാകുന്നതെന്ന് എഡിബി ചീഫ് എക്കണോമിസ്റ്റ് യാസുക്കി സവാഡ പറഞ്ഞു. സമ്പദ്‌വ്യവസ്ഥയുടെ പ്രതിസന്ധി ഒഴിവാക്കാൻ പോളിസി നിർമാതാക്കൾക്കുള്ള പങ്കും ഇതിൽ എടുത്തു കാണിക്കുന്നുണ്ട്.
മെയ് 12ഓടെ ലോകമെമ്പാടുമുള്ള 213 രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് പടരുകയും നാല് ദശലക്ഷത്തിലധികം ആളുകൾക്ക് രോഗം ബാധിക്കുകയും 2,80,000 ൽ അധികം ആളുകൾ മരിക്കുകയും ചെയ്‌തുവെന്ന് എഡിബി കണക്കുകൾ വ്യക്തമാക്കി. യുഎസ്, യൂറോപ്യൻ യൂണിയൻ, യുകെ എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ വേതനത്തിൽ ഇടിവുണ്ടാകുമെന്നും എഡിബി പ്രവചിക്കുന്നു.