ലോകത്തെ ആദ്യ 100 ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ച് ഡി മാർട്ട് സ്ഥാപകൻ രാധാകൃഷ്ണൻ ദമാനി. ബ്ലുംബെർഗിന്‍റെ ശതകോടീശ്വരപ്പട്ടികയിലാണ് ദമാനി ഇടംനേടിയത്. 19.3 ബില്യണ്‍ ഡോളറിന്‍റെ ആസ്തിയുള്ള ദമാനി പട്ടികയിൽ തൊണ്ണൂറ്റി ഏഴാമതാണ്.
Also Read: ഇൻഡിഗോ വിമാനങ്ങൾ വിലക്കി യുഎഇ
2002ൽ മുംബൈയിലെ പൊവായിൽ ആണ് ദമാനി ആദ്യ ഡി മാർട്ട് സൂപ്പർമാർക്കറ്റ് തുടങ്ങുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, കർണാടക, തെലങ്കാന, ഛത്തീസ്‌ഗഡ്, ഡൽഹി, തമിഴ്‌നാട്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി 200ൽ അധികം ഡി മാർട്ട് സൂപ്പർ മാർക്കറ്റുകൾ ഉണ്ട്. അവന്യൂ സൂപ്പർമാർട്‌സ് ലിമിറ്റഡ് (ASL) എന്ന കമ്പനിയുടെ കീഴിലാണ് ഡി മാർട്ട്.
2017ൽ പ്രഥമ ഓഹരി വില്പന നടത്തിയ അവന്യൂ സൂപ്പർമാർക്കറ്റിന്‍റെ വിപണി മൂല്യം 106 ശതമാനം വർധിച്ചിരുന്നു. ഓഹരി വിപണിയിൽ ഉണ്ടായ കുതിപ്പാണ് രാജ്യത്തെ ഏറ്റവും സമ്പന്നരുടെ പട്ടികയിലേക്ക് രാധാകൃഷ്ണൻ ദമാനിയെ ഉയർത്തിയത്. ഡി മാർട്ട് മിനിമാക്‌സ്, ഡി മാർട്ട് പ്രീമിയ, ഡി ഹോംസ്, ഡച്ച് ഹാർബർ മുതലായവയും അവന്യൂ സൂപ്പർമാർട്‌സ് ലിമിറ്റഡിന് കീഴിലുള്ള ബ്രാൻഡുകളാണ്.
ലോകത്തിലെ ഏറ്റവും ധനികരായവരുടെ ദൈനംദിന റാങ്കിംഗാണ് ബ്ലൂംബെർഗ് പുറത്തിറക്കുന്നത്. മുകേഷ് അംബാനി, ഗൗതം അദാനി, അസിം പ്രേംജി, പല്ലോഞ്ചി മിസ്ത്രി, ശിവ് നാടാർ, ലക്ഷ്മി മിത്തൽ തുടങ്ങിയവരെക്കെ ബ്ലൂംബെർഗ് പട്ടികയിലെ 100ൽ ഇടം നേടിയ ഇന്ത്യക്കാരാണ്.