മുംബൈ: ഏറ്റക്കുറച്ചിലുകൾക്ക് ഒടുവിൽ ബിഎസ്‌ഇ സെൻസെക്‌സ് നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്‌സ് 13.50 പോയിന്‍റ് ഇടിഞ്ഞ് 52,372.69ൽ എത്തി. തുടക്കത്തിൽ നേട്ടത്തോടെ തുടങ്ങിയ വിപണിയിൽ സെൻസെക്‌സ് ഒരു ഘട്ടത്തിൽ 52,700 പോയിന്‍റ് വരെ എത്തിയിരുന്നു.
Also Read: മാധ്യമ, വിനോദ മേഖലയുടെ വളര്‍ച്ച 4.1 ലക്ഷം കോടിയാകുമെന്ന് റിപ്പോർട്ട്
എന്നാൽ ഉച്ചയ്‌ക്ക് ശേഷം വിപണി തിരിച്ചടി നേരിടുകയായിരുന്നു. നിഫ്റ്റി 2.80 പോയിന്‍റ് നേട്ടത്തിൽ 15,692.60ലും വ്യാപാരം അവസാനിപ്പിച്ചു. യുഎസ്, യൂറോപ്യൻ വിപണികളുടെ നഷ്‌ടത്തോടെയുള്ള തുടക്കം ഇന്ത്യയിലും പ്രതിഫലിച്ചു. അൾട്രടെക് സിമന്‍റ്സ്, ഗ്രാസിം, ശ്രീ സിമന്‍റ്സ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. അദാനി പോർട്‌സ്, ഭാരതി എയർടെൽ, ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ നേട്ടം നിലനിർത്തി. ബിഎസ്ഇ മിഡ്ക്യാപ് 0.40 ശതമാനവും സ്‌മോൾ ക്യാപ് 0.75ശതമാനവും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി റിയാൽറ്റി സൂചിക 3.6ശതമാനം നേട്ടമുണ്ടാക്കി. അതേ സമയം ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ 6 പൈസയുടെ നേരിയ നേട്ടമുണ്ടായി. 74.49ൽ തുടങ്ങിയ രൂപയുടെ മൂല്യം ഒരു വേള ഫോറെക്സ് മാർക്കറ്റിൽ 74.40ൽ എത്തിയിരുന്നു. എന്നാൽ പിന്നീട് 74.59ൽ എത്തുകയും 74.58ൽ വ്യാപാരം അവസാനിക്കുകയും ആയിരുന്നു.