റിവാരി: ഇന്ത്യയിലുടനീളമുള്ള ഗ്രാമങ്ങളിൽ ഭാരത് നെറ്റ് വഴി സൗജന്യമായി നൽകുന്ന വൈഫൈ സേവനങ്ങൾ 2020 മാർച്ച് വരെ തുടരുമെന്ന് ടെലികോം ഇൻഫർമേഷൻ ടെക്നോളജി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.ഇതിനകം 1.3 ലക്ഷം ഗ്രാമപഞ്ചായത്തുകളെ ഭാരത് നെറ്റ് ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലൂടെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി 48,000 ഗ്രാമങ്ങൾക്ക് വൈഫൈ ലഭ്യമാണ്. 2.5 ലക്ഷം ഗ്രാമപഞ്ചായത്തുകളിലേക്ക് കൂടി വൈഫൈ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും, രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.
പൊതു സേവന കേന്ദ്രങ്ങൾ (സിഎസ്‌സി) വഴി ബാങ്കിംഗ് സേവനങ്ങൾ നൽകുമെന്നും സിഎസ്‌സികൾ ഡിജിറ്റൽ സേവനങ്ങൾ എത്തിക്കുന്നതിനുള്ള ആക്‌സസ് പോയിന്‍റുകളായി പ്രവർത്തിക്കുന്നെന്നും മന്ത്രി പറഞ്ഞു. ഈ കേന്ദ്രങ്ങളുടെ എണ്ണം 2014 ൽ 60,000 ൽ നിന്ന് നിലവിൽ 3.60 ലക്ഷമായി ഉയർന്നിട്ടുണ്ട് .
രാജ്യത്തെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിൽ സിഎസ്‌സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡ് വഴിയാണ് ഡിജിറ്റൽ വില്ലേജ് സംരംഭം നടപ്പിലാക്കുന്നത്. മൊത്തം ഒരു ലക്ഷത്തോളം ഗ്രാമങ്ങൾ ഡിജിറ്റൽ ഗ്രാമങ്ങളാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സർക്കാർ. കേന്ദ്ര ഗവൺമെന്‍റിന്‍റേയും സംസ്ഥാന സർക്കാരുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടേയും വിവിധ ഇ-സേവനങ്ങൾ പൗരന്മാർക്ക് ലഭ്യമാക്കുകയാണ് ഡിജിറ്റൽ ഗ്രാമത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഗ്രാമീണ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും കമ്മ്യൂണിറ്റി പങ്കാളിത്തത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും ഗ്രാമീണ ശേഷിയും ഉപജീവനമാർഗങ്ങളും സൃഷ്‌ടിക്കുകയും ചെയ്യുന്നതിന് ഇത്തരം ഗ്രാമങ്ങൾ സഹായകമാകും.ഡിജിറ്റൽ മാധ്യമത്തിലൂടെ വിദ്യാഭ്യാസം, ആരോഗ്യം അല്ലെങ്കിൽ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കി ഗ്രാമീണ സമൂഹത്തെ മുഴുവൻ ശാക്തീകരിക്കുയെന്നതാണ് പദ്ധതി ലക്ഷ്യം. ഇത്തരം ഡിജിറ്റൽ ഗ്രാമത്തില്‍ ഡിജിറ്റൽ സാക്ഷരരാകാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നു. അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ സംവിധാനങ്ങൾ എന്നിവക്ക് കീഴിലുള്ള ടെലി മെഡിസിൻ കൺസൾട്ടേഷനുകൾ വഴി താമസക്കാർക്ക് ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണവും ലഭിക്കും.
പൗരന്മാരുടെ പടിവാതിൽക്കൽ ബാങ്കിംഗ്, ഇൻഷുറൻസ്, പെൻഷൻ സേവനങ്ങൾ നൽകിക്കൊണ്ട് സാമ്പത്തികമായി ഉൾക്കൊള്ളുന്ന ഒരു സമൂഹത്തെ ഡിജിറ്റൽ ഗ്രാമം പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ഗ്രാമം മുഴുവൻ വൈഫൈ പ്രവർത്തനക്ഷമമാക്കിയതിനാൽ താമസക്കാരെ ഡിജിറ്റലായി ബന്ധിപ്പിച്ചിരിക്കും. ഇത്തരം ഗ്രാമങ്ങളിൽ എൽഇഡി അസംബ്ലി യൂണിറ്റ്, സാനിറ്ററി നാപ്‌കിൻ യൂണിറ്റ്, പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റ്, യുവാക്കൾക്കിടയിൽ തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രാമീണ ബിപിഒ എന്നിവയും സജ്ജീകരിച്ചിരിക്കും.