ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ചില്ലറ വിപണികളിൽ തക്കാളി വില കിലോയ്ക്ക് 60- 80 രൂപയായി തുടരുന്നു. തക്കാളി കൃഷി കൂടുതലുള്ള മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ കനത്ത മഴയെത്തുടർന്ന് വിതരണം തടസ്സപ്പെട്ടതിനാലാണ് ദേശീയ തലസ്ഥാന മേഖലയിലും (എൻസിആർ) തക്കാളി വില കൂടുന്നത്. ഉപഭോക്തൃ കാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്, തക്കാളിയുടെ ശരാശരി ചില്ലറ വ്യാപാര വില ഈ വർഷം ഒക്ടോബർ ഒന്നിന് കിലോയ്ക്ക് 45 രൂപയിൽ നിന്ന് വ്യാഴാഴ്ച കിലോഗ്രാമിന് 60 രൂപയായിരുന്നു.
എന്നാൽ, തക്കാളി ഒഴിച്ച് കൂടാനാവത്തതായതിനാൽ തന്നെ അസംഘടിത മേഖലയിൽ ഗുണനിലവാരവും പ്രദേശവും അനുസരിച്ച് കിലോയ്ക്ക് 80 രൂപ നിരക്കിൽ വിറ്റുവെന്നാണ് റിപ്പോർട്ട്. കേന്ദ്രസർക്കാരിന്‍റെ ഇടപെടലുണ്ടായിട്ടും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വില ഉയർന്ന നിലയിൽ തുടരുകയാണ്.
അതേസമയം, ഡൽഹി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള വിതരണം വർദ്ധിപ്പിക്കാൻ തക്കാളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്, അതുവഴി ലഭ്യതയും വിലയും നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ. സ്ഥിരമായി വിതരണം ഉറപ്പാക്കാൻ തക്കാളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളെ കാർഷിക ഉൽപന്ന മാർക്കറ്റ് കമ്മിറ്റികളും (എപിഎംസി) വ്യാപാരികളും, ട്രാൻസ്‌പോർട്ടർമാരും നിരന്തരം ബന്ധപ്പെടുന്നുണ്ട്.