മുംബൈ: ജിഡിപിയില്‍ ഉണ്ടായ ഇടിവ് നികത്താന്‍ സഹായകമാകുന്ന പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ ധനനയം പ്രഖ്യാപിച്ചു. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണ നയ അവലോകന സമിതിയാണ് ധന നയം പ്രഖ്യാപിച്ചത്.
വാണിജ്യ ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ നിരക്കില്‍ 0.25 ശതമാനം ഇളവ് വരുത്തി എന്നതാണ് ധന നയത്തിലെ സുപ്രധാന തീരുമാനം. ഇതോടെ 6.0 ശതമാനം ഉണ്ടായിരുന്ന റിപ്പോ നിരക്ക് 5.75 ശതമാനമായി താഴ്ന്നു. ഏപ്രിലില്‍ ന്യൂട്രലായിരുന്ന ധന നയ നിലപാട് അക്കൊമഡേറ്റീവ് എന്ന നിലയിലേക്കും റിസര്‍വ് ബാങ്ക് എത്തിച്ചു. ഇതിലൂടെ വിപണിയിലുള്ള സമ്മര്‍ദങ്ങളെ മറികടക്കാന്‍ സാധിക്കുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ.
പുതിയ പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഭവന, വാഹന വായ്പാ നിരക്കുകളില്‍ കുറവ് വന്നേക്കും. ഇതിന് പുറമെ സാമ്പത്തിക വളര്‍ച്ചക്കും ഏറെ സഹായകമാകുന്ന തീരുമാനമാണിതെന്ന് സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. തുടര്‍ച്ചയായി ഇത് മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ ഇളവ് വരുത്തുന്നത്.