ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്‍റെ രണ്ടാമത്തെ ബജറ്റ് ഫെബ്രുവരി ഒന്നാം തിയതി അവതരിപ്പിക്കാനിരിക്കെ ഐസിഎഫ്എ(ഇന്ത്യൻ ചേംബർ ഓഫ് ഫുഡ് ആന്‍റ് അഗ്രികൾച്ചർ) ചെയർമാൻ ഡോ. എംജെ ഖാനുമായി ഇടിവി ഭാരത് നടത്തിയ സംഭാഷണത്തിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട ബജറ്റ് പ്രതീക്ഷകൾ പങ്കുവെച്ചു.
പ്രധാന മന്ത്രി നരേന്ദ്ര മോദി കാർഷിക മേഖലയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇതിനായി ബജറ്റിൽ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഐസിഎഫ്എ ചെയർമാൻ .
കാർഷിക മേഖലയുടെ വികസനം രാജ്യത്തിന്‍റെ വികസനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്കായി പുതിയ പദ്ധതികൾ കാർഷിക മേഖലയിൽ കൊണ്ട് വരണമെന്നും, വരുന്ന ബജറ്റിൽ ഇത്തരത്തിലുള്ള പുതിയ നയങ്ങൾ ഉൾപ്പെടുത്തണമെന്നും ഖാൻ കൂട്ടിച്ചേർത്തു. കൂടാതെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ ഊന്നൽ നൽകണമെന്നും എംജെ ഖാൻ പറഞ്ഞു.
2020ൽ കർഷകരുടെ വരുമാനം ഇരട്ടിപ്പിക്കണമെന്ന സർക്കാർ ലക്ഷ്യത്തിലെത്തണമെങ്കിൽ തുറന്ന വ്യാപാരം പ്രോൽസാഹിപ്പിക്കണമെന്നും, കർഷകർക്ക് ഏത് സ്ഥലത്തു നിന്നും സാധനങ്ങൾ വാങ്ങാനും വിൽക്കാനും ഉള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.