മുംബൈ: ന്യായ വരുമാനമുള്ള ജോലികളിലൂടെ ഇന്ത്യയിലെ അസമത്വം കുറക്കാൻ സാധിക്കുമെന്ന് ഇൻഫോസിസ് കോ ഫൗണ്ടർ എൻ. ആർ നാരായണമൂർത്തി. വീഡിയോ കോൺഫറൻസിലൂടെ ഐഐടി ബോംബെ സംഘടിപ്പിച്ച ടെക് ഫെസ്‌റ്റിനെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു മൂർത്തി.
ഒരു ഇന്ത്യക്കാരന്‍റെ ആളോഹരി വരുമാനം 2,000 യുഎസ് ഡോളറാണെങ്കിൽ, കാർഷികമേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇത് പ്രതിവർഷം 500 യുഎസ് ഡോളറാണ്. കാർഷിക മേഖലയിലെ 58 ശതമാനം ആളുകൾ ജിഡിപിയുടെ 14 ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്. പ്രതിവർഷം 500 യുഎസ് ഡോളർ എന്നാൽ പ്രതിദിനം 1.5 യുഎസ് ഡോളർ അല്ലെങ്കിൽ പ്രതിദിനം 100 രൂപയാണ്. അതിൽ നിന്നാണ് ഇവർ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, വാടക എന്നിവക്കായി ചെലവഴിക്കേണ്ടത്. അതിനാൽ ഇന്ത്യയിലെ ദാരിദ്ര്യം വളരെ കൂടുതൽ ആണെന്നും പ്രതിശീർഷ ജിഡിപി വരുമാനം കുറവുള്ള കാർഷിക മേഖലയിൽ നിന്ന് കൂടുതൽ ആളുകളെ ചെറിയ തോതിൽ സാങ്കേതിക വിദ്യയിലധിഷ്‌ഠിതമായ ഉൽപാദനത്തിലേക്കും സേവനങ്ങളിലേക്കും മാറ്റുന്നതിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കാർഷിക ഉൽപ്പാദന ക്ഷമത കൂട്ടാൻ കൂടുതൽ സാങ്കേതിക വിദ്യ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയും മൂർത്തി എടുത്തു പറഞ്ഞു.