ദുബായ്: ജമ്മുകശ്‌മീരില്‍ 200 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രമുഖ റീട്ടെയില്‍ വ്യാപാര ഗ്രൂപ്പായ ലുലു. ഭക്ഷ്യ സംസ്‌കരണത്തിലും ലൊജിസ്‌റ്റിക്കല്‍ ഹബ്ബിലുമാണ് നിക്ഷേപം നടത്തുക. നിക്ഷേപവുമായി ബന്ധപ്പെട്ട് ജമ്മുകശ്‌മീര്‍ സർക്കാരുമായി ലുലു ഗ്രൂപ്പ് കരാർ ഒപ്പുവച്ചു.
ജമ്മു കശ്‌മീര്‍ ലെഫ്‌റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ സാന്നിധ്യത്തില്‍ ദുബായില്‍ നടന്ന കരാർ ഒപ്പിടല്‍ ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലിയാണ് നിക്ഷേപ പ്രഖ്യാപനം നടത്തിയത്. ദുബായിലെ സിലിക്കണ്‍ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടക്കുന്ന 'കശ്‌മീര്‍ പ്രമോഷന്‍ വീക്ക്' മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്‌തു.
ലുലു ഗ്രൂപ്പ് ജമ്മുകശ്‌മീര്‍ സര്‍ക്കാരുമായി ഒപ്പിട്ട എംഒയു ചരിത്രപരമാണെന്ന് മനോജ് സിന്‍ഹ പറഞ്ഞു. ദുബായ് സർക്കാരുമായി ശക്‌തമായ സാമ്പത്തിക ബന്ധം ജമ്മുകശ്‌മീരിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 200 കോടി നിക്ഷേപം ആദ്യഘട്ടത്തിലുള്ളതാണെന്നും അടുത്ത ഘട്ടത്തില്‍ 200 കോടി കൂടി ജമ്മുകശ്‌മീരില്‍ നിക്ഷേപം നടത്തുമെന്ന്ും ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫ് അലി പറഞ്ഞു.
ജമ്മു കശ്‌മീരില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ നിര്‍മാണം പരിഗണനയിലാണെന്നും യൂസഫ് അലി പറഞ്ഞു. നിക്ഷേപം കര്‍ഷകരുടെ വരുമാനവും യുവാക്കളുടെ ജോലി സാധ്യതകള്ളും വര്‍ധിപ്പിക്കുമെന്നും യൂസഫലി പറഞ്ഞു.
ALSO READ:എയര്‍ ഇന്ത്യ ഓഹരി: കേന്ദ്രസര്‍ക്കാരിനെതിരെയുള്ള ബി.ജെ.പി എം.പിയുടെ ഹര്‍ജി കോടതി തള്ളി