ന്യൂഡല്‍ഹി: അമേരിക്ക നല്‍കിവരുന്ന മുന്‍ഗണനകള്‍ പരിഗണിച്ച് പൊതു സംവിധാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് ലഭിച്ചിരുന്ന തീരുവ ആനുകൂല്യങ്ങള്‍ അമേരിക്ക പിന്‍വലിച്ചു. ഇതോടെ വര്‍ഷം തോറും ലഭിച്ചിരുന്ന 5.6 ബില്യണ്‍ ഡോളറിന്‍റെ ആനുകൂല്യങ്ങള്‍ ഇന്ത്യക്ക് നഷ്ടമാകും. ഇന്നലെ മുതലാണ് പുതിയ നടപടി പ്രാബല്യത്തില്‍ വന്നത്.
അമേരിക്കയുടെ പുതിയ തീരുമാനം വ്യാപാര രംഗത്ത് ഇന്ത്യക്ക് തിരിച്ചടിയാകും. നേരത്തെ അമേരിക്കന്‍ നിര്‍മ്മിത വസ്തുക്കള്‍ക്ക് ഇന്ത്യ അമിതമായി തീരുവ വാങ്ങുന്നു എന്ന് അമേരിക്ക ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പുറമെ യുഎസ് ഉല്‍പന്നങ്ങള്‍ക്ക് വേണ്ടത്ര മാര്‍ക്കറ്റ് സൃഷ്ടിക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നു അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യക്ക് നല്‍കി വന്നിരുന്ന തീരുവ ആനുകൂല്യങ്ങള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ യുഎസ് പ്രഖ്യാപിച്ചിരുന്നു.