റിയാദ്: ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യ എണ്ണ,വാതക മേഖലകളില്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എണ്ണ ഉത്പാദന മേഖലയില്‍ ആധിപത്യം പുലർത്തുന്ന സൗദി അറേബ്യ പോലുളള രാജ്യങ്ങളുമായുള്ള കൂട്ടുകെട്ട് ഇന്ത്യക്ക് തുണയാകുമെന്നും മോദി പറഞ്ഞു. സൗദി അറേബ്യയുടെ വാർഷിക നിക്ഷേപ ഫോറത്തിൽ സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എണ്ണ ശുദ്ധീകരണ ശേഷി വർധിപ്പിക്കുന്നതിനും പുതിയ പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും ഗ്യാസ് ഇറക്കുമതി ടെർമിനലുകൾ നിർമ്മിക്കുന്നതിനും 2024 ഓടെ ഇന്ത്യ 100 ബില്യൺ യുഎസ് ഡോളർ ചെലവഴിക്കുമെന്നും മോദി വ്യക്തമാക്കി. അതിവേഗം വികസിക്കുന്ന സമ്പദ്‌വ്യവസ്ഥയായതിനാൽ വർധിച്ച് വരുന്ന ഊർജ ആവശ്യം നിറവേറ്റുന്നതിന് ഇന്ത്യക്ക് ഈ മേഖലയിൽ നിക്ഷേപം ആവശ്യമാണെന്ന് പറഞ്ഞ മോദി ഇന്ത്യയിലേക്ക് ഊർജ്ജ കമ്പനികളെ ക്ഷണിക്കുകയും ചെയ്തു.
സൗദി ദേശീയ എണ്ണ കമ്പനിയായ അരാംകോ പ്രതിവർഷം 60 മില്യൺ ടൺ നിക്ഷേപിക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ വെസ്റ്റ് കോസ്റ്റ് റിഫൈനറി ഏഷ്യയിലെ ഏറ്റവും വലിയ റിഫൈനറിയായിരിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ബിസിനസ്സ് അനായാസ റാങ്കിംഗിലെ മുന്നേറ്റം ചൂണ്ടികാട്ടിയ മോദി രാഷ്‌ട്രീയ സ്ഥിരത,വൈവിധ്യമാർന്ന വിപണി എന്നിവ ഇന്ത്യയിൽ നിക്ഷേപിക്കുന്നവർക്ക് അനുകൂലമാകുമെന്നും ചൂണ്ടിക്കാട്ടി.
അടിസ്ഥാന സൗകര്യ വികസനത്തിന് ഏഷ്യക്ക് പ്രതിവർഷം 700 ബില്യൺ ഡോളർ ആവശ്യമാണ്. അടുത്ത ഏതാനും വർഷങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ 1.5 ട്രില്യൺ യുഎസ് ഡോളർ നിക്ഷേപമാണ് ലക്ഷ്യം വെക്കുന്നത്. ഇതിൽ എണ്ണ, വാതകം, റോഡുകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ 5 ട്രില്യൺ യുഎസ് ഡോളറായി വളർത്തുമെന്നും ഓരോ ഇന്ത്യക്കാരന്‍റെയും ജീവിതനിലവാരം ഉയർത്തുകയെന്നതാണ് ലക്ഷ്യമെന്നും മോദി അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിനായി ഇന്ത്യ സമഗ്ര നയമാണ് സ്വീകരിക്കുന്നത്. 'ഒരു രാഷ്ട്രം ഒരു പവർ ഗ്രിഡ്, ഒരു രാഷ്ട്രം ഒരു ഗ്യാസ് ഗ്രിഡ് ഒരു വാട്ടർ ഗ്രിഡ്, ഒരു രാഷ്ട്രം ഒരു മൊബിലിറ്റി കാർഡ്, ഒരു രാഷ്ട്രം ഒരു ഒപ്റ്റിക്കൽ ഫൈബർ ശൃംഖല' എന്നിങ്ങനെ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ സമന്വയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വ്യാപാര കരാറുകൾ ചരക്കുകളിൽ മാത്രമായി പരിമിതപ്പെടുത്തരുതെന്നും മനുഷ വിഭവത്തേയും വിഭവങ്ങളുടെ കൈമാറ്റവും അതിന്‍റെ അവിഭാജ്യ ഘടകമായിരിക്കണമെന്നും മോദി പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഊർജ്ജ ഉപഭോക്താവായ ഇന്ത്യ എണ്ണ ആവശ്യങ്ങളുടെ 83 ശതമാനവും വാതക ആവശ്യങ്ങളിൽ പകുതിയും ഇറക്കുമതിയെ ആശ്രയിക്കുകയാണ്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ അസംസ്കൃത എണ്ണ വിതരണക്കാരാണ് സൗദി അറേബ്യ.