വാഷിംഗ്‌ടൺ: ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലാണെന്ന് അന്താരാഷ്‌ട്ര നാണയ നിധി(ഐഎംഎഫ്). നിലവിലെ മാന്ദ്യം പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി നയപരമായ നടപടികൾ സ്വീകരിക്കണമെന്നും അന്താരാഷ്‌ട്ര നാണയ നിധി റിപ്പോർട്ടില്‍ പറയുന്നു.
ഈ അടുത്ത കാലങ്ങളിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക വികാസം ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. എന്നാൽ ഉപഭോഗം, നിക്ഷേപം, നികുതി വരുമാനം എന്നിവയിലെ കുറവും മറ്റ് ഘടകങ്ങളുമായി ചേർന്ന് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്കു നയിച്ചുവെന്ന് ഐഎംഎഫ് ഡയറക്‌ടർമാർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ഇന്ത്യയിലെ പ്രശ്‌നം വളർച്ചാ മാന്ദ്യമാണ്. ഇത് കൂടുതലും ചാക്രികമാണെന്നും ഘടനാപരമല്ലെന്നും, സാമ്പത്തിക മേഖലയിലെ പ്രശ്‌നങ്ങൾ കാരണം, സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കൽ നേരത്തെ വിചാരിച്ചത്ര വേഗത്തിൽ ഉണ്ടാകില്ലെന്നും ഐഎംഎഫ് ഏഷ്യ, പസഫിക് ഡിപ്പാർട്ട്‌മെന്‍റിലെ മിഷൻ ചീഫ് റനിൽ സാൽഗഡോ പറഞ്ഞു.
ശക്തമായ മാക്രോ ഇക്കണോമിക് നയങ്ങൾ തുടരാനും സമഗ്രവും സുസ്ഥിരവുമായ വളർച്ച കൈവരിക്കുന്നതിനായി സമ്പദ് വ്യവസ്ഥയിൽ വേഗത്തിലുള്ള പരിഷ്‌കരണങ്ങൾ വേണമെന്നും ഐഎംഎഫ് ചൂണ്ടികാട്ടി.
2019/20 സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിലെ വളർച്ച ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനത്തിൽ എത്തി. ഈ കാലയളവിലെ സ്വകാര്യ ആഭ്യന്തര ആവശ്യകത ഒരു ശതമാനം മാത്രമാണ് വർധിച്ചത്. ഡിസംബറിലും രാജ്യത്തിന്‍റെ സാമ്പത്തിക പ്രവർത്തനം ദുർബലമാണെന്നാണ് മിക്ക സൂചകങ്ങളും വ്യക്തമാക്കുന്നതെന്നും സാൽഗഡോ പറഞ്ഞു.
ബാങ്കിങ് ഇതര ധനകാര്യ കമ്പനികളുടെ (എൻബിഎഫ്‌സി) ക്രെഡിറ്റ് വിപുലീകരണത്തിൽ പെട്ടെന്ന് കുറവുണ്ടായതും അനുബന്ധമായി വായ്‌പാ വ്യവസ്ഥകൾ കർശനമാക്കിയതും വരുമാന വളർച്ച കുറയാൻ ഒരു പ്രധാന ഘടകമാണ്. പ്രത്യേകിച്ച് ഗ്രാമീണ, സ്വകാര്യ ഉപഭോഗത്തെ ഇത് ബാധിച്ചു. പൊതുമേഖലാ ബാങ്കുകള്‍ ഉൾപ്പെടെ ധനകാര്യ മേഖലയിലെ പ്രശ്‌നങ്ങൾ സ്വകാര്യ നിക്ഷേപം കുറയുന്നതിനും വ്യാപാര മേഖലയിലെ ആത്മവിശ്വാസം കുറച്ചെന്നും സാൽഗഡോ പറഞ്ഞു. ഉചിതമല്ലാത്ത ഘടനാപരമായ പരിഷ്‌കാരങ്ങളും, രാജ്യവ്യാപകമായി ചരക്ക് സേവന നികുതി (ജിഎസ്‌ടി) പോലുയുള്ളവ കഴിഞ്ഞ വർഷം നടപ്പിലാക്കിയതും വളർച്ച മന്ദഗതിയിലാക്കുന്നതിൽ പങ്കുവഹിച്ചിരിക്കാമെന്നും ഐഎംഎഫ് പ്രതിനിധി വ്യക്തമാക്കി. ജനുവരിയിൽ പുറത്തിറങ്ങാനിരിക്കുന്ന ഇന്ത്യയുടെ പുതിയ വളർച്ചാ പ്രവചനങ്ങൾ മുമ്പത്തേതിനേക്കാൾ വളരെ കുറവായിരിക്കുമെന്നും സാൽഗഡോ പറഞ്ഞു.
എന്നാൽ കരുതൽ ധനം റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നതും കറന്‍റ് അക്കൗണ്ട് കമ്മി കുറഞ്ഞതും ചൂണ്ടികാട്ടിയ സാൽഗഡോ പണപ്പെരുപ്പ നിരക്കിലെ വർധനക്ക് കാരണം പച്ചക്കറി വിലയാണെന്നും നയപരമായ നീക്കത്തിലൂടെ പണപ്പെരുപ്പം നിയന്ത്രണത്തിലാക്കാൻ സാധിക്കുമെന്നും വളർച്ചാ മാന്ദ്യത്തെ എങ്ങനെ പരിഹരിക്കാമെന്നതാണ് പ്രശ്‌നമെന്നും പറഞ്ഞു.എന്നാൽ ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലല്ല എന്നും വളർച്ചാ മാന്ദ്യമാണെന്നും പ്രതീക്ഷിച്ചതിലും കൂടുതൽ ദൈർഘ്യമുണ്ടായാലും പണപ്പെരുപ്പമുൾപ്പടെയുള്ള ബാഹ്യ വശങ്ങളിലെ മറ്റ് ഘടകങ്ങൾ നിയന്ത്രണത്തിലാണെന്നും കൂട്ടിചേർത്തു.
കൂടുതൽ സമഗ്രമായ സാമ്പത്തിക മേഖല പരിഷ്‌കാരങ്ങൾ ആവശ്യമാണെന്നും സാമ്പത്തിക മേഖലക്ക് വേണ്ടി കൂടുതൽ സമഗ്രമായ ഒരു ചട്ടക്കൂട് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും ഐഎംഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തൊഴിൽ, ഭൂമി, വിപണി പരിഷ്‌കരണങ്ങളിലൂടെ മൽസരം വർധിപ്പിക്കാന്‍ വിദ്യാഭാസം, ആരോഗ്യം തുടങ്ങിയ മേഖലയിലെ ദീർഘകാല പരിഷ്‌കരണങ്ങളും പരിഹാരമായി ഐഎംഎഫ് നിർദ്ദേശിച്ചു.
ഇന്ത്യയുടെ സാമ്പത്തിക അടിത്തറ അപകടത്തിലാണെന്ന് ഐഎംഎഫ് വിശ്വസിക്കുന്നുവെന്ന് സൂചിപ്പിച്ച സൽഗഡോ, ഇന്ത്യയുടെ ഉയർന്ന പൊതു കമ്മി, പൊതു കടം എന്നിവയെ ചൂണ്ടികാണിക്കുകയും സാമ്പത്തിക ഉത്തേജനത്തിനായി ധനനയം ഉപയോഗിക്കാനുള്ള രാജ്യത്തിന്‍റെ കഴിവിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്‌തു.