ന്യൂഡല്‍ഹി: ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര വിഹിതം വര്‍ധിപ്പിച്ചത് സംസ്ഥാനങ്ങളുടെ മൂലധന നിക്ഷേപം വര്‍ധിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സിയായ ഇന്ത്യ റേറ്റിങ് ആന്‍ഡ് റിസര്‍ച്ച്. സംസ്ഥാനങ്ങളുടെ മൂലധന നിക്ഷേപങ്ങള്‍ക്ക് സഹായം നല്‍കാനായി ഒരു ലക്ഷം കോടി ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനങ്ങളുടെ മൂലധന നിക്ഷേപം വര്‍ധിക്കുമ്പോള്‍ പശ്ചാത്തല സൗകര്യ വികസനം സാധ്യമാകും. ഇത് സാമ്പത്തിക പുരോഗതിക്ക് കാരണമാകുമെന്നും ഇന്ത്യ റേറ്റിങ് വിലയിരുത്തുന്നു. ഡോ.എന്‍.കെ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ അംഗീകരിച്ച് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 4ശതമാനം വരെ ധനകമ്മി അനുവദിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെയാണ് സംസ്ഥാനങ്ങളുടെ മൂലധന നിക്ഷേപങ്ങള്‍ക്ക് കേന്ദ്ര സഹായമായി ഒരു ലക്ഷം കോടി നീക്കിവച്ചിരിക്കുന്നത്. ആസ്തികള്‍ സൃഷ്ടിച്ചുകൊണ്ട് രാജ്യത്തിന്‍റെ സാമ്പത്തിക പുരോഗതിക്ക് സംസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് ഇന്ത്യ റേറ്റിങ്ങിന്‍റെ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
മൂലധന ചിലവ് വര്‍ധിക്കുന്നതുകൊണ്ട് സമ്പദ് വ്യവസ്ഥയ്ക്കുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ്?
സംസ്ഥാനങ്ങളുടെ മൊത്തത്തിലുള്ള മൂലധന ചിലവ് കേന്ദ്രസര്‍ക്കാറിന്‍റെ മൂലധന ചിലവിനേക്കാള്‍ കൂടുതലാണ്. ഉദാഹരണത്തിന് 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ 2019-20 സാമ്പത്തിക വര്‍ഷം വരെ സംസ്ഥാനങ്ങളുടെ മൊത്തത്തിലുള്ള മൂലധനചിലവ് രാജ്യത്തിന്‍റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്‍റെ 2.7ശതമാനമാണ്. അതേസമയം കേന്ദ്ര സര്‍ക്കാറിന്‍റേത് 1.7ശതമാനമാണ്.
സ്കൂളുകള്‍, ആശുപത്രികള്‍, പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ ആസ്തികള്‍ സൃഷ്ടിക്കുന്ന ചിലവുകളെയാണ് മൂലധന ചിലവുകള്‍ എന്ന് പറയുന്നത്. ഇത്തരം ചിലവുകള്‍ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു. കാരണം ഇവ കൂടുതല്‍ തൊഴിലുകള്‍ക്കും അസംസ്കൃത വസ്തുക്കള്‍ക്കുമുള്ള ആവശ്യകത സൃഷ്ടിക്കുന്നു. തത്ഫലമായി സാമ്പത്തിക വളര്‍ച്ച നിരക്ക് വര്‍ധിക്കുന്നു. സാമ്പത്തിക വളര്‍ച്ച വര്‍ധിക്കുമ്പോള്‍ സര്‍ക്കാറിന്‍റെ നികുതി വരുമാനവും വര്‍ധിക്കും.
മൂലധന ചിലവ് റവന്യൂചിലവില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പെന്‍ഷന്‍ തുടങ്ങിയവയ്ക്കായുള്ള ചിലവുകള്‍ റവന്യു ചിലവിന്‍റെ പരിധിയില്‍ വരുന്നു. മൂലധന ചിലവില്‍ ആസ്തികള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ റവന്യൂ ചിലവില്‍ ആസ്തികള്‍ സൃഷ്ടിക്കപ്പെടുന്നില്ല. വരാന്‍പോകുന്ന സാമ്പത്തിക വര്‍ഷത്തിലെ മൂലധനചിലവുകള്‍ക്കായി കേന്ദ്ര ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 7.5 ലക്ഷം കോടി രൂപയാണ്.
ALSO READ: ക്രെഡിറ്റ് സ്കോര്‍ എങ്ങനെ വര്‍ധിപ്പിക്കാം ; അറിയേണ്ടതെല്ലാം