വാഷിംഗ്‌ടൺ: 2019 ലെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പ്പാദന (ജിഡിപി) വളർച്ച 6.1% ആയി കുറയുമെന്ന് ഐഎംഎഫ്. ഏപ്രിൽ മാസത്തെ അപേക്ഷിച്ച് ജിഡിപി 1.2 % ത്തോളം കുറവുണ്ടാകും .
2019 ഏപ്രിലിലെ അന്താരാഷ്ട്ര നാണയ നിധിയുടെ കണക്ക് പ്രകാരം ഇന്ത്യയുടെ വളർച്ച 7.3% ആയിരുന്നു.
ഇന്ത്യയുടെ യഥാർഥ വളർച്ചാ നിരക്ക് 2018 ൽ 6.8 % ആയിരുന്നു.
ഐഎംഎഫിന്‍റെ ഏറ്റവും പുതിയ വേൾഡ് എകണോമിക് ഔട്ട്‌ലുക്കിൽ 2019 ലെ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.1% മായി കുറയുമെന്നും 2020 ൽ ഇത് 7.0 % മായി ഉയരുമെന്നും പറയുന്നു.
ഞായറാഴ്ച പുറത്തിറങ്ങിയ ലോകബാങ്കിന്‍റെ സൗത്ത് ഏഷ്യ എക്കണോമിക് ഫോക്കസിന്‍റെ പുതിയ പതിപ്പിൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 2018 ലെ 6.9 ശതമാനത്തിൽ നിന്ന് 2019 ൽ 6 % ആയി കുറയുമെന്നാണ് റിപ്പോർട്ട്
2018 ൽ 6.6% ആയിരുന്ന ചൈനയുടെ ജിഡിപി 2019 ൽ 6.1% വും 2020 ൽ 5.8 % വും ആയിരിക്കുമെന്നും ഐഎംഎഫ്.
പണ നയവും, സമ്പദ് ഘടനയിലെ പരിഷ്കരണവും വഴി ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ മന്ദത മാറ്റാനും ആത്മവിശ്വാസം ശക്തിപ്പെടുത്തുന്നതിനും കഴിയുമെന്ന് ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു.
പൊതുമേഖലാ ബാങ്കുകളുടെ ഭരണം, അവരുടെ വായ്പാ വിഹിതത്തിന്‍റെ കാര്യക്ഷമത എന്നിവ ശക്തിപ്പെടുത്തുക, സാമ്പത്തിക വ്യവസ്ഥയിൽ പൊതുമേഖലയുടെ പങ്ക് കുറയ്ക്കുക, നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനുമുള്ള നിയമങ്ങളിലെ പരിഷ്കരണങ്ങളിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, അടിസ്ഥാന സൗകര്യവികസനം പ്രോത്സാഹിപ്പിക്കുന്നതിന് ഭൂപരിഷ്കരണം വർദ്ധിപ്പിക്കുക
തുടങ്ങിയ നിർദ്ദേശങ്ങളും റിപ്പോർട്ടിൽ പറയുന്നു.